articles
മൗദൂദിയില്ലാത്ത ജമാഅത്തോ?
മൗദൂദിയെ തള്ളുന്നു എന്ന് പറയുന്നവര്‍ക്ക് എത്ര കണ്ട് അതിന് സാധിക്കും? മൗദൂദിയുടെ പുസ്തകങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചാല്‍ ഐ പി എച്ചിന്റെ ഔട്‌ലെറ്റുകള്‍ പൂട്ടേണ്ടിവരില്ലേ? മുസ്‌ലിം ജീവിതത്തെ അങ്ങേയറ്റം പരിഹാസ്യമാക്കിയ 83 വര്‍ഷങ്ങളാണ് ജമാഅത്തിന്റെ ഇതഃപര്യന്ത ചരിത്രം. മൗദൂദിയെ തള്ളുന്നവര്‍ ആദ്യം ചെയ്യേണ്ടത് സംഘടനയുടെ പേര് ഉപേക്ഷിക്കുകയാണ്. ജമാഅത്തെ ഇസ്‌ലാമി എന്ന പേര് തന്നെയും സ്ഥാപക നേതാവിന്റെ സംഭാവനയാണ്.
ജമാഅത്തെ ഇസ്‌ലാമിയുടെ ചരിത്രം 1941ല്‍ നിന്നാണ് പറഞ്ഞു തുടങ്ങാറുള്ളത്. പക്ഷേ, അതിന് മുമ്പ് തന്നെ സയ്യിദ് മൗദൂദി ജമാഅത്തിന്റെ രാഷ്ട്രവിഭാവന പ്രയോഗവത്കരിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയും അതിലേക്ക് ചുവടുവെക്കുകയും ചെയ്തിരുന്നു. അഥവാ ഒരു സംഘടനയായി ജമാഅത്തെ ഇസ്‌ലാമിയെ രൂപപ്പെടുത്തുന്നതിനു മുമ്പ് ഒരു രാഷ്ട്രമായി മുസ്‌ലിം ജീവിതത്തെ ആവിഷ്‌കരിക്കാനാണ് അബുല്‍ അഅ്‌ലാ മൗദൂദി ശ്രമിച്ചത്.
പത്താന്‍കോട്ടിലെ ജമാല്‍പൂരില്‍ ദാറുല്‍ ഇസ്‌ലാം എന്ന പേരില്‍ ഒരു “ഇസ്‌ലാമിക ഗ്രാമം’ സ്ഥാപിച്ചുകൊണ്ടാണ് സയ്യിദ് മൗദൂദി തന്റെ മതപ്രവര്‍ത്തനത്തിന്റെ പ്രധാന ലക്ഷ്യം വെളിപ്പെടുത്തുന്നത്. ദാറുല്‍ ഇസ്‌ലാം എന്താണ് എന്ന് മനസ്സിലാകാത്തവര്‍ക്ക് “ദാറുല്‍ ഇസ്‌ലാമിന്റെ പരിപാടി’ എന്ന മൗദൂദി സാഹിബിന്റെ ലേഖനം നോക്കാവുന്നതാണ്. അതില്‍ ഇങ്ങനെ വായിക്കാം: “ഖിലാഫത്തുര്‍റാശിദയുടെ തിരോധാനത്തിനു ശേഷം മുസ്‌ലിംകള്‍ക്ക് മാതൃകാപരമായ ഒരു ചുറ്റുപാട് ഇല്ലാതായിരിക്കുകയാണ്. അവര്‍ക്ക് മാതൃകയാകുന്ന ഒരു ദാറുല്‍ ഇസ്‌ലാം ഇന്ന് എവിടെയുമില്ല. ഈ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന്റെ തുടക്കമെന്ന നിലക്ക്, ചിന്തയിലും പ്രവര്‍ത്തനത്തിലും സ്വഭാവചര്യകളിലുമെല്ലാം ഇസ്‌ലാം തെളിഞ്ഞു നില്‍ക്കുന്ന, ഇസ്‌ലാമികാന്തരീക്ഷം എവിടെയും നിറഞ്ഞുനില്‍ക്കുന്ന ഒരു ഗ്രാമം സ്ഥാപിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു’.
1938 ഒക്ടോബര്‍ 14 വെള്ളിയാഴ്ചയാണ് ദാറുല്‍ ഇസ്‌ലാമിന് തുടക്കം കുറിക്കുന്നത്. ഒരു ഇസ്‌ലാമിക പ്രവിശ്യ എന്ന നിലയിലാണ് അതിന്റെ രൂപകല്‍പ്പന. ചൗധരി നിയാസ് അലി ഖാന്‍ നല്‍കിയ 70 ഏക്കറിലാണ് ദാറുല്‍ ഇസ്‌ലാം സ്ഥാപിതമായത്. ഇതേകുറിച്ച് മൗദൂദി തന്നെ പറയുന്നത്, “നാം പ്രാവര്‍ത്തിക രൂപം കൊടുക്കാന്‍ ഉദ്ദേശിക്കുന്ന ആശയത്തിന് ദാറുല്‍ ഇസ്‌ലാമല്ലാത്ത ഒരനുയോജ്യ സ്ഥലം വേറെയില്ല’ എന്നാണ്. “ഇന്ത്യാ രാജ്യത്തിന്റെ ഇന്നത്തെ പരിതാവസ്ഥയില്‍ തനി ഇസ്‌ലാമികചുറ്റുപാട് സൃഷ്ടിക്കാന്‍ പറ്റുന്ന ഒരു കോണെങ്കിലും നമുക്ക് കരസ്ഥമായിട്ടുണ്ടെന്ന് പ്രതീക്ഷിക്കാം’ എന്നും പറയുന്നുണ്ട് അദ്ദേഹം (ഉദ്ധരണി, ടി മുഹമ്മദ് രചിച്ച് ഐ പി എച്ച് പ്രസിദ്ധീകരിച്ച അബുല്‍ അഅ്‌ലാ എന്ന കൃതിയില്‍ നിന്ന്).
പരാജയപ്പെട്ട പരീക്ഷണമായിരുന്നു അത്. ചൗധരി നിയാസ് അലി ഖാനുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് സ്ഥലം വിടേണ്ടിവന്നെങ്കിലും 1941 ആഗസ്റ്റ് 26ന് ജമാഅത്തെ ഇസ്‌ലാമി രൂപവത്കരണത്തിന് ശേഷം ദാറുല്‍ ഇസ്‌ലാമില്‍ തന്നെ തിരിച്ചെത്തി മൗദൂദി സാഹിബും സഹപ്രവര്‍ത്തകരും. 1946 വരെയും ജമാഅത്തിന്റെ കേന്ദ്ര ഓഫീസായി ദാറുല്‍ ഇസ്‌ലാം പ്രവര്‍ത്തിച്ചു. ഇസ്‌ലാമിക ഗ്രാമം എന്ന് ജമാഅത്ത് പ്രസിദ്ധീകരണങ്ങള്‍ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും മൗദൂദിയന്‍ രാഷ്ട്ര സങ്കല്‍പ്പത്തിന്റെ ആവിഷ്‌കാരം തന്നെയായിരുന്നു ജമാല്‍പൂരിലെ ദാറുല്‍ ഇസ്‌ലാം. കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് ബീജാവാപം നല്‍കിയ ഹാജി സാഹിബ് എന്ന വി പി മുഹമ്മദലി ഹാജി, മൗദൂദിയുടെ സാമീപ്യം ആഗ്രഹിച്ച് ദാറുല്‍ ഇസ്‌ലാമില്‍ പോയിരുന്നു. മഞ്ചേരിയിലെ തന്റെ സുഹൃത്തിന് എഴുതിയ കത്തില്‍ ഹാജി സാഹിബ് ദാറുല്‍ ഇസ്‌ലാമിനെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്.
“ഇതൊരു കൊച്ചു ഇസ്‌ലാമിക രാഷ്ട്രമാണ്. ഇവിടെ പള്ളിയുണ്ട്. പഠനമുറിയും ഓഫീസും പ്രസിദ്ധീകരണാലയവും ഗ്രന്ഥശാലയും ആസ്പത്രിയുമൊക്കെയുണ്ട്. സകലതും നിയന്ത്രിക്കുന്നത് ജമാഅത്ത് പ്രവര്‍ത്തകരാണ്. വിശാലമായൊരു പ്രദേശമാണിത്. വിവിധ ഭാഷക്കാരും വ്യത്യസ്ത വേഷക്കാരും ഇവിടെ ഒത്തുകൂടുന്നു. ചിലരെല്ലാം കുടുംബസമേതമാണ് താമസം. ഈ രാഷ്ട്രത്തിലെ ഖലീഫ മൗലാനാ മൗദൂദി സാഹിബാണ്’ (മുന്നില്‍ നടന്നവര്‍, ഐ പി എച്ച്). “ഖിലാഫത്തുര്‍റാശിദയുടെ തിരോധാനത്തിനു ശേഷം മുസ്‌ലിംകള്‍ക്ക് മാതൃകാപരമായ ഒരു ചുറ്റുപാട്’ വേണമെന്ന ആഗ്രഹമാണ് ദാറുല്‍ ഇസ്‌ലാം സ്ഥാപിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് സയ്യിദ് മൗദൂദി തന്നെ പറയുന്നുണ്ടല്ലോ. മാതൃകാപരമായ ചുറ്റുപാട് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് ഇസ്‌ലാമിക രാഷ്ട്രമാണ് എന്നും ആ രാഷ്ട്രത്തിലെ ഖലീഫ മൗദൂദി ആണെന്നുമാണ് വി പി മുഹമ്മദലി ഹാജി പറയുന്നത്. യഥാര്‍ഥത്തില്‍ രാഷ്ട്ര സംസ്ഥാപനത്തിന്റെ പൂര്‍ത്തീകരണത്തിലേക്കുള്ള സംവിധാനം എന്ന നിലയിലാണ് അദ്ദേഹം ജമാഅത്തെ ഇസ്‌ലാമി സ്ഥാപിക്കുന്നത് തന്നെ.
അങ്ങനെ സ്വപ്നം കാണാനും പദ്ധതി ആവിഷ്‌കരിക്കാനും അദ്ദേഹത്തിന് അവകാശമില്ലേ എന്ന ചോദ്യത്തില്‍ പരിമിതപ്പെടുന്നതല്ല ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്ര (രാഷ്ട്രീയ) മോഹങ്ങള്‍. ജമാൽപൂരിനെ ദാറുല്‍ ഇസ്‌ലാം ആയി കണ്ട മൗദൂദി പക്ഷേ, വിഭജനത്തിനു ശേഷം ഇന്ത്യയെ ദാറുല്‍ ഹര്‍ബ് ആയാണ് കണ്ടത്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ മുസ്‌ലിംകളും പാകിസ്താനിലെ മുസ്‌ലിംകളും തമ്മില്‍ വിവാഹം സാധുവാകില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ “ഫത്്വ’ (അവലംബം, പ്രബോധനം വാരിക, 1975 ഏപ്രില്‍ 26).
ഇനി പരിശോധിക്കേണ്ടത് സയ്യിദ് മൗദൂദിയുടെ രാഷ്ട്ര സങ്കല്‍പ്പം എന്താണ് എന്നാണ്. അതേക്കുറിച്ച് അദ്ദേഹം തന്നെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: “വ്യക്തിക്കോ ഗോത്രത്തിനോ വര്‍ഗത്തിനോ പാര്‍ട്ടിക്കോ എന്നല്ല സ്റ്റേറ്റിലെ മുഴുവന്‍ ജനതക്ക് തന്നെയും അധീശാധിപത്യത്തിലും രാജ്യത്തിന്റെ ഉടമാവകാശത്തിലും ഒരു പങ്കും ഉണ്ടായിരിക്കയില്ല. സാക്ഷാല്‍ അധിപതിയും ഉടമാവകാശിയും ദൈവം മാത്രമായിരിക്കും. അവന്റെ പ്രജകളും അടിമകളും എന്ന നിലപാടേ ഏതൊരാള്‍ക്കും ഉണ്ടായിരിക്കുകയുള്ളൂ. നിയമനിര്‍മാണാധികാരം ദൈവത്തിനല്ലാതെ മറ്റാര്‍ക്കും ഉണ്ടായിരിക്കയില്ല. അല്ലാഹുവിങ്കല്‍ നിന്ന് പ്രവാചകന്‍ കൊണ്ടുവന്ന നിയമസംഹിതയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും ഇസ്‌ലാമിക സ്റ്റേറ്റ് ഏതൊരു പരിതസ്ഥിതിയിലും നിലകൊള്ളുക. ആ സ്റ്റേറ്റിനെ ഭരിക്കുന്ന ഗവണ്‍മെന്റ് ദൈവ നിയമം നടപ്പില്‍ വരുത്തുന്ന നിലക്കും സ്ഥിതിക്കും മാത്രമേ പ്രജകളുടെ അനുസരണവും കൂറും അര്‍ഹിക്കുന്നുള്ളൂ’. അവിടെ നിര്‍ത്തിയില്ല അദ്ദേഹം. തുടര്‍ന്ന് പറയുന്നത് കാണുക: “നാമിപ്പറഞ്ഞ സവിശേഷതകളെ അഭിവീക്ഷിക്കുന്ന ഏതൊരാള്‍ക്കും, ഇസ്‌ലാമിക സ്റ്റേറ്റ് ഇന്നറിയപ്പെടുന്ന അര്‍ഥത്തിലുള്ള ഒരു ജനാധിപത്യ രാഷ്ട്രമല്ല എന്ന് പ്രഥമ ദൃഷ്ടിയില്‍ തന്നെ ബോധ്യപ്പെടുന്നതാണ്. ബഹുജനങ്ങള്‍ക്ക് ആധിപത്യവും നിയമനിര്‍മാണാധികാരവും ഉള്ള ഒരു രാഷ്ട്രത്തെ ആണല്ലോ ജനാധിപത്യ രാഷ്ട്രമെന്ന് സാമാന്യേന വിളിക്കുന്നത്. അവിടെ പൊതുജനാഭിപ്രായത്തിനനുസരിച്ചാണ് നിയമം രൂപം കൊള്ളുന്നതും ഭേദഗതി ചെയ്യപ്പെടുന്നതും’ (ഇസ്‌ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തം, മൗദൂദി / ഐ പി എച്ച്). ഇസ്‌ലാമികേതര ഭരണവ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യത്ത് ഭരണകൂടത്തെയോ അവരുണ്ടാക്കുന്ന നിയമങ്ങളെയോ അംഗീകരിക്കേണ്ടതില്ല എന്നാണ് അദ്ദേഹം പറയുന്നത്.
അത് ഇസ്‌ലാമിക പ്രമാണങ്ങള്‍ ശരിവെക്കുന്ന വാദമല്ല. ഏത് വ്യവസ്ഥയിലും വിശ്വാസം സംരക്ഷിച്ചുകൊണ്ട് ജീവിക്കാന്‍ മുസ്‌ലിമിന് കഴിയും. ഇസ്‌ലാം സ്ഥലകേന്ദ്രിതമായ മതമല്ല. ഇന്ന സ്ഥലത്തേ മതത്തിന് നിലനില്‍ക്കാനാകൂ എന്നില്ല. മതത്തിന്റെ സമഗ്രതയെ നിരാകരിക്കുന്ന വാദമാണ് യഥാര്‍ഥത്തില്‍ മൗദൂദിയുടേത്. ഈ നിലപാടിന്റെ തന്നെ സ്ഥിരീകരണമായി സര്‍ക്കാര്‍ ജോലികള്‍ സ്വീകരിക്കരുത് എന്ന് ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിരുന്നു ജമാഅത്തെ ഇസ്‌ലാമി. “ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥയില്‍ വല്ല കുഞ്ചിക സ്ഥാനവും വഹിക്കുന്നവനോ അതിന്റെ നീതിന്യായ വ്യവസ്ഥയില്‍ ന്യായാധിപ സ്ഥാനത്ത് നിയമിക്കപ്പെട്ടവനോ ആണെങ്കില്‍ അത് കൈയൊഴിയുക, നിര്‍ബന്ധിതാവസ്ഥയിലല്ലാതെ, ഇടപാടുകളുടെ തീര്‍പ്പിന്നായി അനിസ്‌ലാമിക കോടതികളെ സമീപിക്കാതിരിക്കുക’ എന്നുണ്ടായിരുന്നു സമീപകാലം വരെ ജമാഅത്തിന്റെ ഭരണഘടനയില്‍. “ഭരണകൂടത്തിന്റെ ഏതെങ്കിലും ഉദ്യോഗം വരിക്കുകയോ അതിന്റെ നീതിന്യായ വ്യവസ്ഥയില്‍ ന്യായാധിപ സ്ഥാനം വഹിക്കുകയോ ഏതെങ്കിലും നിയമനിര്‍മാണ സഭയില്‍ അംഗമായിരിക്കുകയോ ആണെങ്കില്‍ സത്യത്തിനും നീതിക്കും വിരുദ്ധമായ യാതൊന്നും പ്രവര്‍ത്തിക്കാതിരിക്കുക’ എന്ന് തിരുത്താന്‍ പതിറ്റാണ്ടുകള്‍ വേണ്ടിവന്നു ജമാഅത്തിന്.
“ജമാഅത്ത് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കില്ലെന്നു മാത്രമല്ല, ഇതര മുസ്‌ലിം സഹോദരങ്ങളും അതില്‍ നിന്ന് വിട്ടുനിന്ന് സത്യപ്രബോധനമാകുന്ന തങ്ങളുടെ കര്‍ത്തവ്യ നിര്‍വഹണത്തില്‍ നിരതരാവണമെന്ന് അതാഗ്രഹിക്കുന്നു. ഈ നാട്ടിലെ ഭരണകൂടം ഇസ്‌ലാമികമായിരിക്കുമെന്ന് പ്രഖ്യാപിക്കുകയോ അഥവാ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുക വഴി ഇസ്‌ലാമികമാക്കാന്‍ തോന്നുകയോ ചെയ്യാത്ത കാലത്തോളം ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയില്ല. ജമാഅത്തെ ഇസ്‌ലാമി തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയും മുസ്‌ലിംകള്‍ മുഴുവന്‍ അത് ബഹിഷ്‌കരിക്കണമെന്ന് ആശ പ്രകടിപ്പിക്കുകയും ചെയ്തത്, പ്രപഞ്ച കര്‍ത്താവായ അല്ലാഹുവിനെയും അവന്റെ നിര്‍ദേശങ്ങളെയും തിരസ്‌കരിച്ചുകൊണ്ടുള്ള ഈ രാഷ്ട്രത്തോട് സ്വയം സഹകരിക്കുക എന്നത്, ഞങ്ങള്‍ പ്രതിനിധീകരിക്കുന്ന ഇസ്‌ലാമിന് തികച്ചും വിരുദ്ധമാണെന്ന് ജമാഅത്ത് വിശ്വസിക്കുന്നതുകൊണ്ട് മാത്രമാണ്’ എന്നായിരുന്നു ജമാഅത്തെ ഇസ്‌ലാമിയുടെ ന്യായം (പ്രബോധനം 1952, പുസ്തകം നാല്, ലക്കം ഒമ്പത്). ഇപ്പോള്‍ ആ നിലപാട് തിരുത്തി എന്നാണ് ജമാഅത്ത് അമീര്‍ പറയുന്നത്. അതിലെ രാഷ്ട്രീയമായ അടവുനയം അവിടെ നില്‍ക്കട്ടെ. മതപരമായി ഒഴിവാക്കാനാകാത്ത ഒരു ചോദ്യമുണ്ട്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നതും അതിന്റെ ഭാഗമായുള്ള ജോലി ഉള്‍പ്പെടെ സ്വീകരിക്കുന്നതും നിഷിദ്ധവും ദൈവത്തില്‍ പങ്ക് ചേര്‍ക്കലുമാണ് എന്നായിരുന്നല്ലോ പറഞ്ഞുകൊണ്ടിരുന്നത്. ഒരിക്കല്‍ നിഷിദ്ധവും ശിര്‍ക്കുമായി കണ്ട ഒരു കാര്യം പില്‍ക്കാലത്ത് അനുവദനീയവും ഇസ്‌ലാമികവുമായി മാറുന്നതിന്റെ മാനദണ്ഡം എന്താണ്? ശിര്‍ക്കിനെ പോലും ഇങ്ങനെ കാലോചിതമായി പുനര്‍വ്യാഖ്യാനിക്കാം എന്നാണോ ജമാഅത്തിന്റെ നിലപാട്? അപ്പോള്‍ സംഘടനാ പേരിനൊപ്പം കൊണ്ടുനടക്കുന്ന ഇസ്‌ലാം എങ്ങനെയാണ് “അല്ലാഹുവിങ്കല്‍ നിന്ന് പ്രവാചകന്‍ കൊണ്ടുവന്ന നിയമസംഹിത’യുടെ പരിധിയില്‍ വരിക?
മൗദൂദിയുടെ മതരാഷ്ട്രവാദത്തെ തള്ളിക്കളഞ്ഞവരെ അധിക്ഷേപിച്ച ഭൂതകാലമുണ്ട് ജമാഅത്തെ ഇസ്്ലാമിക്ക്. രാഷ്ട്രീയ ഇസ്‌ലാം എന്ന ആശയത്തോട് വിയോജിച്ചവരെയും വെറുതെ വിട്ടിട്ടില്ല അവര്‍. ഒരു ഉദാഹരണം പറയാം. രിസാലയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ കാന്തപുരം ഉസ്താദ് രാഷ്ട്രീയ ഇസ്‌ലാമിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുന്നുണ്ട് (ലക്കം 1295). “രാഷ്ട്രീയ ഇസ്‌ലാം എന്നത് പിന്നീട് സൃഷ്ടിക്കപ്പെട്ടതാണ്. അതാണ് അവസാനിച്ചു കിട്ടേണ്ടത്. ഇസ്‌ലാമിന് രാഷ്ട്രീയമുണ്ട്. അത് പ്രത്യേക വിഭാഗത്തിന് മാത്രമുള്ളതല്ല’. ഇന്ത്യയെ ഇസ്‌ലാമിക രാഷ്ട്രമാക്കി തീര്‍ക്കേണ്ടതില്ല എന്നുകൂടിയുണ്ടായിരുന്നു ഉസ്താദിന്റെ സംസാരത്തില്‍. പ്രബോധനം വാരികയുടെ അടുത്ത ലക്കം നീക്കിവെച്ചത് ഉസ്താദിന്റെ പരാമര്‍ശങ്ങളെ ഖണ്ഡിക്കാനാണ്. “രാഷ്ട്രീയ ഇസ്‌ലാമാണ് പ്രശ്നം എന്ന് പറയുന്നതോടൊപ്പം എവിടെയും ഇസ്‌ലാമിക ഭരണം സ്ഥാപിക്കല്‍ ഇസ്‌ലാമിന്റെ കല്‍പ്പനയല്ല എന്ന് കൂടി പറയുക വഴി കാന്തപുരം മുസ്‌ലിയാര്‍ ചെയ്യുന്നത് ദൈവത്തിന്റെ പരമാധികാരം ആത്മീയതയില്‍ മാത്രം പരിമിതപ്പെടുത്തുകയാണ്’ എന്നായിരുന്നു പ്രബോധനത്തിന്റെ (2018 ആഗസ്റ്റ് 17) പരിഭവം. രാഷ്ട്രീയ ഇസ്‌ലാമിനെ വിമര്‍ശിക്കുന്നതിനെ ദൈവത്തിന്റെ പരമാധികാരം ആത്മീയതയില്‍ പരിമിതപ്പെടുത്തി എന്ന് മനസ്സിലാക്കാവുന്ന ബുദ്ധിവികാസമേ ഇപ്പോഴും ജമാഅത്തെ ഇസ്്ലാമി നേതാക്കള്‍ക്കുള്ളൂ.
മതപ്രമാണങ്ങളെ പോലും സംഘടനാ താത്പര്യം മുന്‍നിര്‍ത്തി ദുര്‍വ്യാഖ്യാനം ചെയ്യാന്‍ മടിയില്ല ജമാഅത്തെ ഇസ്‌ലാമിക്ക്. “ജനാധിപത്യത്തെ ജമാഅത്തെ ഇസ്‌ലാമി അതിന്റെ തുടക്കത്തില്‍ എതിര്‍ത്തിരുന്നു, ഇന്നലെ എതിര്‍ത്തു, ഇന്ന് എതിര്‍ത്തു, നാളെ എതിര്‍ക്കും, ഖിയാമത്ത് നാള് വരെ എതിര്‍ക്കും’ എന്ന് 2005ല്‍ കാസര്‍കോട് പ്രസംഗിച്ചത് ജമാഅത്ത് നേതാവായ ശൈഖ് മുഹമ്മദ് കാരക്കുന്നാണ്. വോട്ട് ചെയ്യല്‍ ശിര്‍ക് ആണെന്നും ജനാധിപത്യത്തില്‍ പദവികള്‍ വഹിക്കുന്നത് ദൈവത്തെ ധിക്കരിക്കല്‍ ആണെന്നും പറഞ്ഞവര്‍ എത്ര പെട്ടെന്നാണ് കളം മാറ്റിച്ചവിട്ടുന്നത്. ഇവരുടെ ശിര്‍കും കുഫ്റും ബിദ്അത്തുമൊക്കെ നിര്‍വചിക്കപ്പെടുന്നത് ഹിറാ സെന്ററിന്റെ നാല് ചുവരുകള്‍ക്കുള്ളിലാണ്! മൗദൂദിയെ തള്ളുന്നു എന്ന് പറയുന്നവര്‍ക്ക് എത്ര കണ്ട് അതിന് സാധിക്കും? മൗദൂദിയുടെ പുസ്തകങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചാല്‍ ഐ പി എച്ചിന്റെ ഔട്‌ലെറ്റുകള്‍ പൂട്ടേണ്ടിവരില്ലേ? മൗദൂദിയെ തള്ളുന്നവര്‍ ആദ്യം ചെയ്യേണ്ടത് സംഘടനയുടെ പേര് ഉപേക്ഷിക്കുകയാണ്. ജമാഅത്തെ ഇസ്‌ലാമി എന്ന പേര് തന്നെയും സ്ഥാപക നേതാവിന്റെ സംഭാവനയാണ്. മുസ്‌ലിം ജീവിതത്തെ അങ്ങേയറ്റം പരിഹാസ്യമാക്കിയ 83 വര്‍ഷങ്ങളാണ് ജമാഅത്തിന്റെ ഇതഃപര്യന്ത ചരിത്രം. സമുദായത്തിന്റെ നെഞ്ചില്‍ ചവിട്ടിയുള്ള ആ പിത്തലാട്ടങ്ങള്‍ക്ക് കൂട്ടുനില്‍ക്കാത്തതിനാണ് സുന്നി സംഘടനകളെയും പണ്ഡിതരെയും ജമാഅത്ത് പ്രസിദ്ധീകരണങ്ങള്‍ ഇടക്കിടെ ഭര്‍ത്സിച്ചുകൊണ്ടിരുന്നത്. എന്നിട്ടരിശം തീരാഞ്ഞിട്ടാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോളവര്‍ ആ പണി ചെയ്തുകൊണ്ടിരിക്കുന്നത്.