Connect with us

Educational News

ജാമിഅതുല്‍ ഹിന്ദ് ഏകജാലക പ്രവേശനം: ജെ-സാറ്റ് പരീക്ഷ ഞായറാഴ്ച

രാവിലെ പത്ത് മുതല്‍ എഴുത്ത് പരീക്ഷയും തുടര്‍ന്ന് അഭിമുഖവുമാണ് നടക്കുക.

Published

|

Last Updated

കോഴിക്കോട്| ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യയുടെ ഏകജാലക പ്രവേശന പരീക്ഷ ജെ സാറ്റ് ഈ മാസം 27 നു ഞായറാഴ്ച നടക്കും. ഇന്ത്യക്കകത്തും പുറത്തുമായി അമ്പത് കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. രാവിലെ പത്തു മുതല്‍ ഒരു മണിവരെ എഴുത്തു പരീക്ഷയും തുടര്‍ന്ന് ഉച്ചക്ക് ശേഷും ഇന്റര്‍വ്യൂവുമാണ് നടക്കുക. പരീക്ഷാര്‍ത്ഥികള്‍ക്ക് ഹാള്‍ ടിക്കറ്റ് ഏകജലക പോര്‍ട്ടലില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണെന്നും ഏകാജാലക പ്രവേശനം കണ്‍വീനര്‍ അറിയിച്ചു.
പരീക്ഷാര്‍ത്ഥികള്‍ക്കുള്ള നിര്‍ദേശങ്ങള്‍
1. ഹാൾ ടിക്കറ്റിൽ നിർദേശിക്കപ്പെട്ടിരിക്കുന്ന കേന്ദ്രത്തിൽ വെച്ചായിരിക്കും ജെ – സാറ്റ് പരീക്ഷയും ഇൻ്റർവ്യൂവും നടക്കുന്നത്.
2. എഴുത്ത് പരീക്ഷക്കും ഇന്റര്‍വ്യൂവിനും ഹാള്‍ടിക്കറ്റില്‍ നിര്‍ദേശിക്കുന്ന സമയത്തിന് അരമണിക്കൂര്‍ മുമ്പ് (9.30ന്) തന്നെ ഹാളില്‍ ഹാജരാകേണ്ടതാണ്.
3. പരീക്ഷ തുടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞു വരുന്ന വിദ്യാര്‍ഥിക്ക് അവസരം നഷ്ടപ്പെടും. വൈകി വരുന്നവര്‍ക്ക് അധിക സമയം അനുവദിക്കുന്നതുമല്ല.
4. എട്ടാം ക്ലാസ്സിലേക്കുള്ള പരീക്ഷയില്‍ രണ്ട് പാര്‍ട്ട് ചോദ്യങ്ങളാണുണ്ടാകുക. പാര്‍ട്ട് ഒന്നില്‍ 50 ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളും പാര്‍ട്ട് രണ്ടില്‍ മൂന്ന് ഡിസ്‌ക്രിപ്റ്റീവ് ചോദ്യങ്ങളുമാണുണ്ടാകുക.
5. പ്ലസ് വണ്ണിലേക്കുള്ള എഴുത്ത് പരീക്ഷയില്‍ മൂന്നു പാര്‍ട്ടുകളുണ്ടാകും. പാര്‍ട്ട് ഒന്ന്, രണ്ട് എന്നിവ 50 വീതം ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും. പാര്‍ട്ട് മൂന്നില്‍ മൂന്നു ഡിസ്‌ക്രിപ്റ്റീവ് ചോദ്യങ്ങളുമുണ്ടാകും.
6. ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങള്‍ക്ക് നാലു ചോയ്സുകള്‍ നല്‍കിയിരിക്കും. ഇതില്‍ ഏറ്റവും ശരിയായ ചോയ്സിനെ ഒ എം ആര്‍ ഷീറ്റില്‍ രേഖപ്പെടുത്തുകയാണ് വേണ്ടത്. ഒ എം ആര്‍ ഷീറ്റ് ഉപയോഗിക്കുന്ന രീതി നേരത്തെതന്നെ വിദ്യാര്‍ത്ഥി പഠിക്കേണ്ടതാണ്. ജാമിഅതുല്‍ ഹിന്ദ് വെബ്സൈറ്റില്‍ വിശദമായ വിഡിയോ ലഭ്യമാണ്.
7. കറുപ്പ് അല്ലെങ്കില്‍ നീല ബോള്‍ പോയിന്റ് പേന ഉപയോഗിച്ചായിരിക്കണം ഉത്തരങ്ങള്‍ അടയാളപ്പെടുത്തുന്നത്.
8. ചോദ്യപേപ്പറിലാണ് ഡിസ്‌ക്രിപ്റ്റീവ് ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതേണ്ടത് എന്നതിനാല്‍ ചോദ്യ പേപ്പറും തിരിച്ചു നല്‍കണം.
9. എഴുത്ത് പരീക്ഷക്കും ഇന്റര്‍വ്യൂവിലും പങ്കെടുക്കാന്‍ ഹാള്‍ടിക്കറ്റ് നിര്‍ബന്ധമാണ്.
10. പേന, സാധാരണ വാച്ച് ,ഹാള്‍ടിക്കറ്റ്, ഐഡന്റിറ്റി കാര്‍ഡ് എന്നിവയ്ക്ക് പുറമേ വിദ്യാര്‍ത്ഥി ഒന്നും പരീക്ഷ ഹാളില്‍ കൈവശം വെക്കാന്‍ പാടില്ല.
11. കാല്‍ക്കുലേറ്റര്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയ എല്ലാ ഉപകരണങ്ങളും പരീക്ഷ ഹാളില്‍ നിരോധിച്ചിരിക്കുന്നു.
12. ഒ എം ആര്‍ ഉത്തരക്കടലാസില്‍ രജിസ്റ്റര്‍ നമ്പര്‍, ചോദ്യപേപ്പര്‍ കോഡ് കൃത്യമായി പൂരിപ്പിക്കേണ്ടതാണ്.
13. ഹാള്‍ടിക്കട്ടിലുള്ളത് പ്രകാരമുള്ള പേരും രജിസ്റ്റര്‍ നമ്പറുമാണ് ഒ എം ആര്‍ ഷീറ്റിലും ചോദ്യപേപ്പറിലും എഴുതേണ്ടത്. അപ്ലിക്കേഷന്‍ ഐഡിയുടെ അവസാനത്തെ ആറ് അക്ക സംഖ്യയാണ് രജിസ്റ്റര്‍ നമ്പറായിട്ട് എഴുതേണ്ടത്.
14. മറ്റു ഒ എം ആര്‍ നിര്‍ദേശങ്ങള്‍ ഷീറ്റില്‍ തന്നെ നല്‍കിയിട്ടുണ്ട്. അവ പ്രത്യേകം ശ്രദ്ധിക്കണം.
15. ഇന്റര്‍വ്യൂവിന്റെ തൊട്ടുമുമ്പ് വിദ്യാര്‍ത്ഥിയുടെ സെര്‍ട്ടിഫികറ്റുകള്‍ വെരിഫൈ ചെയ്യുന്നതാണ്. ഇതിനായി വിദ്യാര്‍ത്ഥികള്‍ അപേക്ഷ സമയത്ത് കാണിച്ച മാര്‍ക്ക് ലിസ്റ്റുകള്‍, സാഹിത്യോത്സവുകള്‍, ജാമിഅ മഹ്റജാന്‍, സ്‌കൂള്‍ കലോല്‌സവം, സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയ എല്ലാത്തിന്റെയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. ഹിഫ്‌ള് പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികള്‍ അതിന്റെയും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇവക്കെല്ലാം പ്രത്യേകം ഗ്രേസ് മാര്‍ക്ക് നല്‍കപ്പെടും.
16. വായന ക്ഷമത, മറ്റു കഴിവുകള്‍ തുടങ്ങിയവ ആയിരിക്കും ഇന്റര്‍വ്യൂവില്‍ പ്രധാനമായും പരിശോധിക്കുക.
17. പരീക്ഷയുടെ ഫലങ്ങള്‍ https://jamiathulhind.com/ എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ പിന്നീട് പ്രഖ്യാപിക്കും.
18. വിദ്യാര്‍ത്ഥികളുടെ അലോട്ട്‌മെന്റ്, പ്രവേശന നടപടിക്രമങ്ങള്‍ തുടങ്ങിയവ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയും മാധ്യമങ്ങള്‍ വഴിയും അറിയിക്കും.

Latest