Educational News
ജാമിഅതുൽ ഹിന്ദ് ഏകജാലക പ്രവേശനം: അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
http://www.jamiathulhind.com/എന്ന വെബ്സൈറ്റ് വഴിയാണ് വിദ്യാർഥികൾ അപേക്ഷിക്കേണ്ടത്.

കോഴിക്കോട്| ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഇനി സ്ഥാപനങ്ങളിലൂടെ കയറിയിറങ്ങേണ്ടി വരില്ല. ഒറ്റ അപേക്ഷയും പരീക്ഷയും വഴി തങ്ങളിഷ്ടപ്പെടുന്ന സ്ഥാപനം തിരഞ്ഞെടുക്കാനുള്ള അവസരം ജാമിഅതുൽ ഹിന്ദ് അൽ ഇസ്്ലാമിയ്യ ഒരുക്കിയിരിക്കുന്നു. http://www.jamiathulhind.com/എന്ന വെബ്സൈറ്റ് വഴിയാണ് വിദ്യാർഥികൾ ഇതിനുവേണ്ടി അപേക്ഷിക്കേണ്ടത്.
മറ്റു പ്രധാന നിർദേശങ്ങൾ
അപേക്ഷിക്കുന്നതിനു മുമ്പ് യോഗ്യതകൾ പൂർത്തീകരിച്ചുവെന്ന് ഉറപ്പ് വരുത്തണം. യോഗ്യതകൾ പൂർത്തിയാക്കാനാകാത്ത വിദ്യാർഥികൾക്ക് ജാമിഅതുൽ ഹിന്ദുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. പേര്, ജനന തീയതി, മൊബൈൽ നമ്പർ എന്നിവ നൽകി ആദ്യം രജിസ്റ്റർ ചെയ്യണം. വാട്സ്ആപ്പ് ഒ ടി പി വെരിഫിക്കേഷൻ ഉണ്ടായിരിക്കും.
സ്‌കോളർഷിപ്പുകൾ, ഫെലോഷിപ്പുകൾ, മറ്റ് സർഗാത്മകവും അക്കാദമികവുമായ നേട്ടങ്ങൾ ഇവയുടെയെല്ലാം സർട്ടിഫിക്കറ്റുകൾ കൈവശമുള്ളവർ മാത്രമേ പ്രസ്തുത കോളങ്ങൾ പൂരിപ്പിക്കാവൂ. എല്ലാ രേഖകളും ബഹുമതിപത്രങ്ങളും ഇന്റർവ്യൂ സമയത്ത് ഹാജരാക്കുന്നവരെ മാത്രമേ ഗ്രേസ് മാർക്ക് നൽകി പരിഗണിക്കുകയുള്ളൂ.
അപേക്ഷാ ഫീസ് ഓൺലൈനായാണ് അടക്കേണ്ടത്. പ്രവേശന പരീക്ഷയും ഇന്റർവ്യൂവും ഒരേ ദിവസം ഒരേ സെന്ററിൽ വെച്ച് നടക്കും. അപേക്ഷിക്കുന്ന സമയത്ത് തന്നെ വിദ്യാർഥി പരീക്ഷാസെന്റർ തിരഞ്ഞെടുക്കേണ്ടതാണ്. സെന്റർ പിന്നീട് മാറാൻ സാധിക്കുന്നതല്ല.
ഓരോ വിദ്യാർഥിയും ഇഷ്ടപ്പെടുന്ന പത്ത് സ്ഥാപനങ്ങൾ മുൻഗണനക്കനുസരിച്ച് ഓപ്ഷൻ നൽകേണ്ടതാണ്. റാങ്ക് അടിസ്ഥാനത്തിൽ ഈ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കും. ആദ്യ അലോട്ട്മെന്റിന് ശേഷം സ്ഥാപനങ്ങൾ മാറി ഓപ്ഷൻ നൽകാൻ സാധിക്കുന്നതാണ്. സ്ഥാപനം തിരഞ്ഞെടുക്കുന്നതിന് മുമ്പ് പ്രസ്തുത ക്യാമ്പസിനെക്കുറിച്ചുള്ള എല്ലാ വിവരവും വിദ്യാർഥി അറിഞ്ഞിരിക്കണം.
ഹാൾ ടിക്കറ്റ്, മറ്റു പ്രധാന വിവരങ്ങൾ എല്ലാം വിദ്യാർഥികൾക്ക് ഏകജാലക പോർട്ടൽ വഴി പ്രത്യേകം ലഭിക്കും. പോർട്ടലിൽ യൂസർ നെയിമും പാസ്സ്്വേർഡും നൽകി സൈൻ ഇൻ ചെയ്ത് ഇവ ലഭ്യമാക്കാം.
ജെ- സാറ്റ് പരീക്ഷക്ക് ഒരുങ്ങാം
ജാമിഅ സ്‌കോളേഴ്സ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ജെ- സാറ്റ്) വഴിയാണ് വിദ്യാർഥികൾക്ക് ഏകജാലകപ്രവേശനം ലഭിക്കുക. എഴുത്ത് പരീക്ഷക്കൊപ്പം അഭിമുഖ പരീക്ഷയും ഉണ്ടാകും. അപേക്ഷാ സമയത്ത് വിദ്യാർഥി തിരഞ്ഞെടുക്കുന്ന സെന്ററിൽ വെച്ചാണ് ഇവ രണ്ടും നടക്കുക. എഴുത്തു പരീക്ഷാ ചോദ്യങ്ങൾ 75 ശതമാനം സ്‌കൂൾ സിലബസ് കേന്ദ്രീകരിച്ചും 25 ശതമാനം മതപരമായ ചോദ്യങ്ങളുമായിരിക്കും. മോഡൽ ചോദ്യ പേപ്പർ ജാമിഅതുൽ ഹിന്ദ് വെബ്‌സൈറ്റിൽ ലഭ്യമാണ്.
എഴുത്തു പരീക്ഷയിൽ 100 ചോദ്യങ്ങൾ ഒബ്ജക്ടീവ് ടൈപ്പ് ആയിരിക്കും. ഉത്തരങ്ങൾ ഒ എം ആർ ഷീറ്റിൽ രേഖപ്പെടുത്തുകയാണ് വേണ്ടത്. ഒ എം ആർ ഷീറ്റ് ഉപയോഗിക്കുന്ന വിധം വിദ്യാർഥി പരീക്ഷക്ക് മുമ്പ് തന്നെ മനസ്സിലാക്കേണ്ടതാണ്. കൂടാതെ മൂന്ന് ചോദ്യങ്ങൾ വാക്യത്തിൽ എഴുതാനുള്ളതായിരിക്കും. ഇത് വിദ്യാർഥിയുടെ സാഹിത്യ- സർഗ ശേഷി അളക്കുന്ന ചോദ്യങ്ങളും മതപരമായ ചോദ്യങ്ങളുമായിരിക്കും.
ഉച്ചക്ക് ശേഷം നടക്കുന്ന ഇന്റർവ്യൂവിൽ വിദ്യാർഥിയുടെ വായനാക്ഷമത, മറ്റു കഴിവുകൾ തുടങ്ങിയവയായിരിക്കും പ്രധാനമായും വിലയിരുത്തുക. ഇന്റർവ്യൂ സമയത്ത് മാർക് ലിസ്റ്റുകൾ, ഹിഫ്‌ള് സർട്ടിഫിക്കറ്റ്, ഗ്രേസ് മാർക്ക് സർട്ടിഫിക്കറ്റുകൾ (ജാമിഅ മഹ്‌റജാൻ, എസ് എസ് എഫ് സാഹിത്യോത്സവ്, ഐ എ എം ഇ ഫെസ്റ്റുകൾ, സ്‌കൂൾ കലോത്സവങ്ങൾ, സ്‌കോളർഷിപ്പുകൾ, തുടങ്ങിയവ) അടങ്ങുന്ന എല്ലാ രേഖകളുടെയും ഒറിജിനൽ ഹാജരാക്കേണ്ടതും ഇന്റർവ്യൂ ചെയ്യുന്ന വ്യക്തിയെ ബോധ്യപ്പെടുത്തേണ്ടതുമാണ്.
പരീക്ഷ, ഇന്റർവ്യൂ ഇവയുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ വിദ്യാർഥികളെ അതാതു സമയം ഓൺലൈൻ പോർട്ടൽ വഴി അറിയിക്കുന്നതും വിദ്യാർഥികൾ എല്ലാം യഥാസമയം അറിഞ്ഞിരിക്കുകയും പിന്തുടരുകയും ചെയ്യേണ്ടതാണ്.
കോഴ്‌സുകൾ, വിവിധ സ്ട്രീമുകൾ
ആഴത്തിലുള്ള ഇസ്്ലാമിക പഠനവും ഭൗതികരംഗത്തെ ഉന്നത വിദ്യാഭ്യാസവും സമ്മിശ്രമായി നൽകുന്ന നൂതന കോഴ്‌സുകളാണ് ജാമിഅതുൽ ഹിന്ദ് സംഘടിപ്പിക്കുന്നത്.
• ജാമിഅതുൽ ഹിന്ദ് പൊതുവായി നൽകുന്ന കോഴ്‌സുകൾ ഇവയാണ്: ഫൗണ്ടേഷൻ & ഇന്റർമീഡിയേറ്റ് പ്രോഗ്രാംസ്, ബാച്ചിലേഴ്സ് പ്രോഗ്രാംസ്, മാസ്റ്റേഴ്സ് പ്രോഗ്രാംസ്, റിസേർച്ച് പ്രോഗ്രാംസ് & പ്രൊജക്ട്സ്, അഡ്വാൻസ്ഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകൾ, ഷോർട് റൺ കോഴ്സ്& സർട്ടിഫിക്കറ്റ് പ്രോഗ്രാംസ്.
• സ്‌കൂൾ ഏഴാം തരവും പത്താം തരവും കഴിഞ്ഞവർക്കാണ് ഇപ്പോൾ ഏകജാലകം വഴി അപേക്ഷിക്കാൻ അവസരം. ഏഴാം ക്ലാസ്സ് പൂർത്തിയായവർക്ക് തുടർന്നുള്ള സ്‌കൂൾ പഠനത്തോടൊപ്പം പ്ലസ് ടു, ഡിഗ്രി, പി ജി, പി എച്ച് ഡി വരെ പഠിക്കാനും പാരമ്പര്യ രീതിയിലുള്ള മതപഠനം ഫൗണ്ടേഷൻ മുതൽ മുത്വവ്വൽ (പി ജി) വരെ പൂർത്തിയാക്കാനും തുടർപഠനത്തിനും അവസരം ലഭിക്കുന്നു.
• സ്‌കൂൾ പഠനം പത്താം തരം കഴിഞ്ഞവർക്ക് പ്ലസ് ടു, ഡിഗ്രി, പി ജി, പി എച്ച് ഡി വരെയും പാരമ്പര്യ രീതിയിലുള്ള മതപഠനം ഫൗണ്ടേഷൻ മുതൽ മുത്വവ്വൽ (പി ജി) വരെയും പഠിക്കാം. തുടർപഠനത്തിനും അവസരമുണ്ട്.
• മത പഠനത്തിന് എല്ലാ സ്ഥാപനവും ജാമിഅതുൽ ഹിന്ദ് സിലബസാണ് സ്വീകരിച്ചു പോരുന്നത്. ഭൗതിക പഠനങ്ങൾക്ക് സ്ഥാപനങ്ങൾ വ്യത്യസ്ത രീതികളാണ് പാലിക്കുന്നത്. റഗുലർ, ഡിസ്റ്റൻസ്, ഓപൺ, പ്രൈവറ്റ്, ഇംഗ്ലീഷ് മീഡിയം, മറ്റു ഭാഷാ മീഡിയം, കേരള, സി ബി എസ് ഇ, മറ്റു സിലബസുകൾ, വ്യത്യസ്ത യൂനിവേഴ്സിറ്റികൾ തുടങ്ങിയ ഒട്ടനേകം വൈവിധ്യങ്ങൾ വിവിധ ക്യാമ്പസുകൾ നൽകുന്നു.
• സയൻസ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് അടക്കം അതാതു സംസ്ഥാനങ്ങൾ നൽകുന്ന ഹയർ സെക്കൻഡറി/ പ്രീ യൂനിവേഴ്സിറ്റി കോഴ്‌സുകളും അവയുടെ വ്യത്യസ്ത കോമ്പിനേഷനുകളും ഓരോ സ്ഥാപനത്തിലും വ്യത്യസ്ത രീതിയിൽ നൽകുന്നു. ഡിഗ്രി, പി ജി തലത്തിലുമുള്ള ഓപ്ഷനുകളിലും മാറ്റങ്ങളുണ്ട്.
• ഓരോ സ്ഥാപനവും നൽകുന്ന പഠനരീതി വിദ്യാർഥിയും രക്ഷിതാവും പ്രത്യേകം മനസ്സിലാക്കേണ്ടതും അതാതു സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തേണ്ടതുമാണ്. അപേക്ഷാ സമയത്ത് സ്ഥാപനം സെലക്ട് ചെയ്യുമ്പോൾ ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുമാണ്.
അമ്പതിലധികം പരീക്ഷാ കേന്ദ്രങ്ങൾ
ഇന്ത്യക്കകത്തും പുറത്തുമായി അമ്പതിലധികം പ്രവേശന പരീക്ഷ സെന്ററുകൾ ജാമിഅതുൽ ഹിന്ദ് അൽ ഇസ്്ലാമിയ്യ ഒരുക്കിയിരിക്കുന്നു. കേന്ദ്രം വിദ്യാർഥി അപേക്ഷ സമയത്ത് തിരഞ്ഞെടുക്കണം. ഇത് പിന്നീട് മാറ്റാൻ അവസരമുണ്ടായിരിക്കില്ല.
പരീക്ഷാ കേന്ദ്രങ്ങൾ: അൽ മഖർ ദാറുൽ അമാൻ (തളിപ്പറമ്പ്), മഖ്ദൂമിയ്യ പബ്ലിക് സ്‌കൂൾ (കണ്ണൂർ, നിർമലഗിരി), ജലാലിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ (എടവണ്ണപ്പാറ), ജാമിഅ ഹികമിയ്യ (മലപ്പുറം, പാപ്പിനിപ്പാറ), തർത്തീൽ സെൻട്രൽ സ്‌കൂൾ (കോട്ടക്കൽ), അൽ ഇഹ്സാൻ (വേങ്ങര), മഅ്ദിൻ പബ്ലിക് സ്‌കൂൾ (മലപ്പുറം, സ്വലാത്ത് നഗർ), സിറാജുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ (കുറ്റ്യാടി), ഖാദിസിയ്യ സ്‌കൂൾ (ഫറോക്ക്), മർകസ് ഗാർഡൻ (പൂനൂർ), മർകസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ (കോഴിക്കോട്, കാരന്തൂർ), തബ്്ലീഗുൽ ഇസ്്ലാം മദ്റസ (ആലപ്പുഴ, കുന്നുംപുറം), മർകസ് ഖൈഖാ ഇൻസ്റ്റിറ്റ്യൂട്ട് (ബെംഗളുരു), സയ്യിദ് മദനി ദർഗ കോളജ് (ദക്ഷിണ കന്നഡ, ഉള്ളാൾ), അൻവാറുൽ ഹുദാ ക്യാമ്പസ് (കുടക്, വിരാജ്‌പേട്ട), ജാമിഅ അശ്അരിയ്യ ഇസ്്ലാമിയ്യ (എറണാകുളം, ചേരാനല്ലൂർ), ദാറുൽ ഫതഹ് (ഇടുക്കി, തൊടുപുഴ), സഅദിയ്യ ക്യാമ്പസ് (ദേളി, കാസർകോട്), മുഹിമ്മാത്ത് ക്യാമ്പസ് (കാസർകോട്, പുത്തിഗെ), ഖാദിസിയ്യ ഇസ്്ലാമിക് കോംപ്ലക്‌സ് (കൊല്ലം, മുഖത്തല), സൈത്തൂൻ അക്കാദമി (തിരുവനന്തപുരം, കവടിയാർ), ഫലാഹ് ഗ്രീൻ വാലി സ്‌കൂൾ (കൽപ്പറ്റ), കോർഡോവ ഇന്റർനാഷനൽ സ്‌കൂൾ (പാലക്കാട്, കല്ലേക്കാട്), ഐ സി എസ് സ്‌കൂൾ (പാലക്കാട്, ഒറ്റപ്പാലം), സ്വലാഹുദ്ദീൻ അയ്യൂബി വേൾഡ് സ്‌കൂൾ (പാലക്കാട്, പറക്കുളം), അൽ ഇർഷാദ് ഇംഗ്ലീഷ് സ്‌കൂൾ (തൃശൂർ, ചെറുതുരുത്തി), ഐ ഡി സി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ (തൃശൂർ, ഒരുമനയൂർ), മഹ്്മൂദിയ്യ ഇംഗ്ലീഷ് സ്‌കൂൾ (തൃശൂർ, പെരിഞ്ഞനം), മർകസുൽ ഹുദാ ക്യാമ്പസ് (തൃശൂർ, പൊട്ടശ്ശേരി) എന്നിവയാണ് പ്രധാന കേന്ദ്രങ്ങൾ. കൂടാതെ, ഡൽഹി, മുംബൈ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിലും കേന്ദ്രങ്ങൾ ഉണ്ട്.
ഇന്ത്യക്ക് പുറത്തുള്ള കേന്ദ്രങ്ങൾ:
മനാമ സുന്നി സെന്റർ (ബഹ്‌റൈൻ), മഹ്ദുൽ ഉലൂം സ്‌കൂൾ (സഊദി അറേബ്യ, ജിദ്ദ), രിസാലത്തുൽ ഇസ്്ലാം മദ്റസ (സഊദി അറേബ്യ, റിയാദ്), ഇർഷാദ് ഔലാദ് മദ്റസ (സഊദി അറേബ്യ, ഖോബാർ), ഖാദിസിയ മദ്റസ (സഊദി അറേബ്യ, ഖമീസ് മുഷൈത്), അൽ ഹിദായ മദ്റസ (സഊദി അറേബ്യ, ദമാം), ഐ സി എഫ് ഫർവാനിയ (കുവൈത്ത്), അൽ കൗസർ മദ്റസ (ഒമാൻ, റൂവി), അൽ ഫലാഹ് മദ്റസ (ഒമാൻ, ബർക്ക), സുന്നി ജമാഅത്ത് മദ്റസ (ഒമാൻ, സലാല), അൽ ഹുദാ മദ്റസ (ഒമാൻ, നിസ്്വ), ഐ സി എഫ് ഹസനിയ (ഖത്വർ), ദുബൈ മർകസ് (ദുബൈ), അബ്ദുർറഹ്്മാനുബ്‌നു ഔഫ് മദ്റസ (ഷാർജ), ഐ സി എഫ് ഓഫീസ് (അബൂദബി), കേരള മുസ്്ലിം ജമാഅത്ത് മസ്ജിദ് (ക്വാലാലംപൂർ, മലേഷ്യ).
അലോട്ട്മെന്റ്, അഡ്മിഷൻ
• ജാമിഅതുൽ ഹിന്ദ് ഏകജാലക പരീക്ഷ വഴി വിദ്യാർഥികൾക്ക് തങ്ങളിഷ്ടപ്പെടുന്ന സ്ഥാപനത്തിൽ പഠിക്കാൻ അവസരം ലഭിക്കും. പ്രവേശന പരീക്ഷയിൽ വിദ്യാർഥികൾക്ക് ലഭിച്ച റാങ്ക് അടിസ്ഥാനത്തിലും വിദ്യാർഥികൾ അപേക്ഷ സമയത്ത് നൽകിയ സ്ഥാപനങ്ങളുടെ മുൻഗണനാ ക്രമമനുസരിച്ചുമായിരിക്കും പ്രവേശനം.
• താൻ പഠിക്കാൻ ഏറ്റവും ആഗ്രഹിക്കുന്ന സ്ഥാപനം വിദ്യാർഥി ഒന്നാം ഓപ്ഷനായി നൽകണം. ആ സ്ഥാപനത്തിൽ അഡ്മിഷൻ ലഭിച്ചില്ലെങ്കിൽ പിന്നെ ഏത് ക്യാമ്പസാണ് വേണ്ടത് അത് രണ്ടാമതും അത് ലഭിച്ചില്ലെങ്കിൽ വേണ്ടത് മൂന്നാമതും അങ്ങനെ ക്രമപ്രകാരം പത്ത് വരെ നൽകാം. റാങ്കടിസ്ഥാനത്തിൽ ഈ സ്ഥാപനങ്ങളിൽ ഏതെങ്കിലുമൊന്നിൽ പ്രവേശനം ലഭിച്ചേക്കും. ലഭിച്ചില്ലെങ്കിൽ രണ്ടാം അലോട്ട്മെന്റ് വഴി പ്രവേശനം ലഭിക്കും. അതും ലഭിച്ചില്ലെങ്കിൽ സ്പോട്ട് അഡ്മിഷൻ വഴി ലഭിക്കും.
• ഒന്ന്, രണ്ട്, സ്പോട്ട് അലോട്ട്മെന്റുകൾ വഴിയാണ് വിദ്യാർഥികൾക്ക് പ്രവേശനം അനുവദിക്കുന്നത്. ഒന്നാം അലോട്ട്മെന്റിൽ ലഭിച്ച സ്ഥാപനം നിരസിച്ച് രണ്ടാം അലോട്ട്മെന്റിന് അപേക്ഷിക്കാൻ വിദ്യാർഥിക്ക് സാധിക്കും. രണ്ടാം അലോട്ട്മെന്റ്നിരസിക്കാനാകില്ല.
സ്പോട്ട് അലോട്ട്മെന്റ്
ജാമിഅതുൽ ഹിന്ദ് നിർദേശിക്കുന്ന കേന്ദ്രത്തിൽ വിദ്യാർഥി ഹാൾ ടിക്കറ്റുമായി നേരിട്ട് വന്ന് അഡ്മിഷൻ എടുക്കുന്ന രീതിയാണിത്. ഒന്ന്, രണ്ട് അലോട്ട്മെന്റിൽ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്കാണ് ഈ സൗകര്യം. സീറ്റുകൾ ഒഴിവുള്ള സ്ഥപനത്തിലേക്ക് ഒഴിവുക്രമം അനുസരിച്ച് സീറ്റ് ലഭിക്കും. ആദ്യം വരുന്ന വിദ്യാർഥിക്കായിരിക്കും ആദ്യ അവസരം.