Kozhikode
ജാമിഅ മദീനത്തുന്നൂര്‍ പ്രീ-കോണ്‍വൊക്കേഷന്‍ സമ്മിറ്റുകള്‍ക്ക് തുടക്കം
'പാരിസ്ഥിതിക നൈതികത; മനോഭാവവും, പ്രായോഗികതയും' എന്ന പ്രമേയത്തിലായിരുന്നു സമ്മിറ്റ്.
മര്‍കസ് ഗാര്‍ഡന്‍ | ജാമിഅ മദീനതുന്നൂര്‍ കോണ്‍വെക്കേഷന്റെ ഭാഗമായി ‘പാരിസ്ഥിതിക നൈതികത; മനോഭാവവും, പ്രായോഗികതയും’ എന്ന പ്രമേയത്തില്‍ പ്രിസം ഫൗണ്ടേഷന്റ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രീ-കോണ്‍വൊക്കേഷന്‍ സമ്മിറ്റ് ശ്രദ്ധേയമായി. ഡല്‍ഹി ജാമിഅ ഹംദര്‍ദ് പ്രോ ചാന്‍സലറായ പത്മശ്രീ ഇഖ്ബാല്‍ എസ് ഹസ്‌നൈന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
കാലാവസ്ഥാ വ്യതിയാനവും ബഹുമുഖ പാരിസ്ഥിതിക പ്രതിസന്ധികളുടെയും പശ്ചാത്തലത്തില്‍ സുസ്ഥിര വികസനം കാലഘട്ടത്തിന്റെ അനിവാര്യതയായി തിരിച്ചറിയണമെന്ന് ഇഖ്ബാല്‍ എസ് ഹസ്‌നൈന്‍ ഓര്‍മപ്പെടുത്തി. കാലാവസ്ഥാ വ്യതിയാന സംഭവങ്ങളുടെ സങ്കീര്‍ണതയും വ്യാപ്തിയും ആഗോള വികസനത്തിലും സ്ഥിരതയിലും വിനാശകരമായ സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
പൂനൂര്‍ മര്‍കസ് ഗാര്‍ഡനില്‍ നടന്ന പരിപാടിയില്‍ സുദീര്‍ഘകാലത്തെ തന്റെ പഠന ഗവേഷണ അനുഭവം വിദ്യാര്‍ഥികളുമായി പങ്കുവെച്ച ഹസ്‌നൈന്‍ പരിസ്ഥിതി പ്രശ്‌നങ്ങളും ആഘാതങ്ങളും കൃത്യമായി മനസിലാക്കി പ്രായോഗിക പരിഹാരങ്ങളിലേക്ക് പുതുതലമുറ എത്തണമെന്ന് ആവശ്യപ്പെട്ടു.
‘ഖിദ്മ: എ ലൈഫ് വര്‍ത്ത് ലിവിങ്’ എന്ന പ്രമേയത്തില്‍ ഫെബ്രുവരി 1, 2, 3, 4, 5 തിയ്യതികളില്‍ പൂനൂര്‍ മര്‍കസ് ഗാര്‍ഡനില്‍ വെച്ച് നടക്കുന്ന ജാമിഅ മദീനതുന്നൂര്‍ കോണ്‍വോക്കേഷനോടനുന്ധിച്ച് ബൃഹത്തായ സാമൂഹിക നവജാഗരണ പദ്ധതികളും പരിപാടികളുമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
പ്രീ സമ്മിറ്റില്‍ ദിഹ്ലീസ് വേള്‍ഡ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നൗഫല്‍ നൂറാനി, ജാമിഅ മദീനത്തുന്നൂര്‍ അക്കാദമിക് കോര്‍ഡിനേറ്റര്‍ അഷ്ഫാഖ് നൂറാനി, മര്‍കസ് ഗാര്‍ഡന്‍ സയന്‍സ് എച്ച് ഒ ഡി. റമീസ്, പ്രിസം ഫൗണ്ടേഷന്‍ കോര്‍ഡിനേറ്റര്‍ മര്‍സൂക്ക് നൂറാനി പങ്കെടുത്തു.