Connect with us

Education

തിരുചര്യകള്‍ ഉള്‍ക്കൊണ്ട് ജീവിതം ക്രമീകരിക്കണം: കാന്തപുരം

ജാമിഅ മര്‍കസ് അധ്യയന വര്‍ഷത്തിന് തുടക്കം.

Published

|

Last Updated

ജാമിഅ മര്‍കസ് പഠനാരംഭം ഫൗണ്ടര്‍ ചാന്‍സിലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട് | ആത്മീയതയും ധാര്‍മികതയും സത്യസന്ധതയും നന്മകളും ഉള്‍ക്കൊള്ളുന്ന തിരുചര്യകള്‍ അനുധാവനം ചെയ്ത ജീവിതം ക്രമീകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് മര്‍കസ് ഫൗണ്ടര്‍ ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ജാമിഅ മര്‍കസില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ 2025-2026 അക്കാദമിക വര്‍ഷത്തെ പഠനാരംഭം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഹമ്മദ് നബി (സ്വ)യുടെ മാതൃകാ ജീവിതം പങ്കുവെക്കുന്ന ഹദീസുകള്‍ ജീവിതത്തില്‍ പകര്‍ത്താനാണ് വിദ്യാര്‍ഥികള്‍ മത്സരിക്കേണ്ടത്. അത്തരം ജീവിതത്തിനേ അര്‍ഥവും വിജയവും ഉണ്ടാവുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.19 സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആയിരത്തിലധികം വിദ്യാര്‍ഥികള്‍ക്ക് വിശ്രുത ഹദീസ് ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരിയിലെ ഹദീസ് ചൊല്ലിക്കൊടുത്താണ് ഉസ്താദ് പഠനാരംഭം കുറിച്ചത്.

മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ വിവിധ ഡിപാര്‍ട്ട്‌മെന്റ് മേധാവികളും അധ്യാപകരും പങ്കെടുത്തു. തഖസ്സുസ്, കുല്ലിയ്യ ഉസൂലുദ്ദീന്‍, കുല്ലിയ്യ ശരീഅ, കുല്ലിയ്യ ലുഗ അറബിയ്യ, കുല്ലിയ്യ ദിറാസത്തുല്‍ ഇസ്ലാമിയ്യ വല്‍ ഇജ്തിമാഇയ്യ തുടങ്ങിയ ഫാക്കല്‍റ്റികളിലായി 550 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പുതുതായി പ്രവേശനം നേടിയത്. സമീപകാലത്ത് വിടപറഞ്ഞ അധ്യാപകരെയും മര്‍കസ് സ്ഥാപക നേതാക്കളെയും ചടങ്ങില്‍ അനുസ്മരിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള ഓറിയന്റേഷനും രക്ഷാകര്‍തൃ സംഗമവും പരിപാടിയോടനുബന്ധിച്ചു നടന്നു.

ജാമിഅ മര്‍കസ് ചാന്‍സലര്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് സന്ദേശ പ്രഭാഷണം നടത്തി. വി പി എം ഫൈസി വില്യാപ്പള്ളി, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍, അബ്ദുല്ല സഖാഫി മലയമ്മ, ഉമറലി സഖാഫി എടപ്പുലം തുടങ്ങി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗങ്ങളും സീനിയര്‍ മുദര്‍രിസുമാരും സംസാരിച്ചു. ചടങ്ങില്‍ അബ്ദുറഹ്മാന്‍ ഫൈസി മാരായമംഗലം, പി സി അബ്ദുല്ല മുസ്‌ലിയാര്‍, മുഹ്യിദ്ദീന്‍ സഅദി കൊട്ടുക്കര, നൗശാദ് സഖാഫി കൂരാറ, അബ്ദുല്‍ ഗഫൂര്‍ അസ്ഹരി പാറക്കടവ്, ബശീര്‍ സഖാഫി കൈപ്പുറം, അബൂബക്കര്‍ സഖാഫി പന്നൂര്‍, അബ്ദുറഹ്മാന്‍ സഖാഫി വാണിയമ്പലം, സത്താര്‍ കാമില്‍ സഖാഫി, സുഹൈല്‍ അസ്ഹരി, സയ്യിദ് ജസീല്‍ ശാമില്‍ ഇര്‍ഫാനി, മുഹമ്മദ് അസ്ലം സഖാഫി സംബന്ധിച്ചു.

 

 

Latest