Education
ജാമിഅ മില്ലിയ പ്രവേശനപരീക്ഷ: കേരളത്തിലെ പരീക്ഷാ കേന്ദ്രം പുനഃസ്ഥാപിക്കണമെന്ന് ആവശ്യം
വി സിയുമായി കൂടിക്കാഴ്ചക്ക് സമയം ആവശ്യപ്പെട്ട് ഹാരിസ് ബീരാന്‍ എം പി

ന്യൂഡല്‍ഹി | ജാമിഅ മില്ലിയ്യ ഇസ്ലാമിയ കേന്ദ്ര സര്‍വകലാശാലാ പ്രവേശന പരീക്ഷകള്‍ക്കുള്ള ദക്ഷണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഏക കേന്ദ്രമായ തിരുവനന്തപുരം സെന്റര്‍ ഒഴിവാക്കിയ നടപടിയില്‍ ഇടപെടലുമായി അഡ്വ. ഹാരിസ് ബീരാന്‍ എം പി. പരീക്ഷാ കേന്ദ്രം നീക്കിയതുമൂലം ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങളും പ്രയാസങ്ങളും വിവരിച്ച് എം പി ജാമിഅ മില്ലിയ വൈസ് ചാന്‍സിലര്‍ക്ക് കത്തയച്ചു. വിഷയത്തില്‍ തിങ്കളാഴ്ച വി സിയുമായി കൂടിക്കാഴ്ചക്ക് സമയം ചോദിച്ച് എം പി സര്‍വകലാശാല അധികൃതരെ ബന്ധപ്പെടുകയും ചെയ്തു.
വര്‍ഷങ്ങളായി പരീക്ഷ കേന്ദ്രമായി കേരളത്തില്‍ തിരുവനന്തപുരത്തോ കോഴിക്കോട്ടോ അനുവദിക്കാറുണ്ടെന്നും ഇത് ഒഴിവാക്കപ്പെടുന്നതോടെ ജാമിഅയിലെ വിവിധ കോഴ്സുകള്‍ക്ക് അപേക്ഷിക്കാന്‍ കാത്തിരിക്കുന്ന 2000ലധികം വിദ്യാര്‍ഥികളെയാണ് ദുരിതത്തിലാക്കുകയെന്നു എം പി കത്തില്‍ ചൂണ്ടിക്കാട്ടി. പരീക്ഷക്ക് മാത്രമായി വിദ്യാര്‍ഥികള്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അകലെ വിദൂര കേന്ദ്രങ്ങളിലേക്ക് യാത്രക്ക് നാല് ദിവസം വരെ നഷ്ടമാകും. ഇതിനായി യാത്ര, താമസം, ഭക്ഷണം എന്നിവക്കായി വലിയ സാമ്പത്തിക ബാധ്യതയും വിദ്യാര്‍ഥികള്‍ക്കുണ്ടാകും.
ഈ വിഷയങ്ങള്‍ പരിഹരിക്കാനയി കേരളത്തില്‍ തിരുവനന്തപുരത്തോ കോഴിക്കോട്ടോ പരീക്ഷാ കേന്ദ്രം ഉടനടി പുനഃസ്ഥാപിക്കുക, ജാമിഅ പുറത്തിറക്കിയ പ്രോസ്‌പെക്ടില്‍ ഇവ ഉള്‍പ്പെടുത്തി അപ്ഡേറ്റ് ചെയ്യുക, ഇതിനകം അപേക്ഷകള്‍ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്ക് അതനുസരിച്ച് പരീക്ഷാ കേന്ദ്രം മാറ്റാന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങളും എം പി കത്തില്‍ ആവശ്യപ്പെട്ടു.