National
ജാമിഅ മില്ലിയ: കോഴിക്കോട് പുതിയ പ്രവേശന പരീക്ഷാ കേന്ദ്രം അനുവദിച്ചു
ദക്ഷിണേന്ത്യയിലെ ഏക പരീക്ഷാ കേന്ദ്രമായ തിരുവനന്തപുരം കേന്ദ്രം ഒഴിവാക്കിയ സര്‍വകലാശാല നടപടിയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു

ഡല്‍ഹി | ജാമിഅ മില്ലിയ ഇസ്‌ലാമിയ തിരുവനന്തപുരത്തെ പ്രവേശന പരീക്ഷാകേന്ദ്രം റദ്ദാക്കിയ നടപടിക്കു പിന്നാലെ കോഴിക്കോട് പുതിയ കേന്ദ്രം അനുവദിച്ചു.
ദക്ഷിണേന്ത്യയിലെ ഏക പരീക്ഷാ കേന്ദ്രമായ തിരുവനന്തപുരം കേന്ദ്രം ഒഴിവാക്കിയ സര്‍വകലാശാല നടപടിയില്‍ എംപിമാരും വിദ്യാര്‍ഥി സംഘടനകളും ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതിനു പിന്നാലെയാണു നടപടി. മലയാളികള്‍ക്ക് ഉത്തരേന്ത്യയിലെ പരീക്ഷാ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയുണ്ടാവുന്നതിനെതിരെ എം പിമാരായ ശശി തരൂര്‍, ഹാരിസ് ബീരാന്‍ തുടങ്ങിയവര്‍ ശക്തമായി രംഗത്തുവന്നിരുന്നു.
കേരളത്തില്‍ നിന്നും ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് എല്ലാ വര്‍ഷവും ജാമിഅ മില്ലിയ എന്‍ട്രന്‍സ് പരീക്ഷ എഴുതുന്നത്. തീരുമാനം നിരവധി വിദ്യാര്‍ഥികളുടെ അഡ്മിഷന്‍ സ്വപ്‌നങ്ങള്‍ക്ക് മേലുള്ള തിരിച്ചടി കൂടിയായിരുന്നു.
ഡല്‍ഹി, ലഖ്‌നൗ, ഗുവാഹത്തി, പട്‌ന, കൊല്‍ക്കത്ത, ശ്രീനഗര്‍, തിരുവനന്തപുരം എന്നിവടങ്ങളിലായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ ജാമിഅ പ്രവേശന പരീക്ഷാ സെന്ററുകള്‍ ഉണ്ടായിരുന്നത്.
ഇപ്രാവശ്യം തിരുവനന്തപുരം ഒഴിവാക്കി ഭോപ്പാലിലും മാലേഗാവിലും പുതിയ സെന്ററുകള്‍ അനുവദിക്കുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് കോഴിക്കോട് സെന്റര്‍ അനുവദിച്ചത്.