Connect with us

Kozhikode

ജാമിഅതുല്‍ ഹിന്ദ് കോണ്‍വൊക്കേഷന്‍ വ്യാഴാഴ്ച

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കമാല്‍ പാഷ ഉദ്ഘാടനം നിര്‍വഹിക്കും.

Published

|

Last Updated

കോഴിക്കോട് | നിലവിലുള്ള വിവിധ ഇസ്‌ലാമിക പഠന രീതികളെ ശാസ്ത്രീയമായി സമന്വയിപ്പിച്ച് അന്തര്‍ദേശീയ നിലവാരത്തില്‍ ഇസ്‌ലാമിക സര്‍വകലാശാലയുടെ ഘടനയിലും രൂപത്തിലും പ്രവര്‍ത്തിക്കുന്ന ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യയുടെ നാലാമത് കോണ്‍വൊക്കേഷന്‍ ഈമാസം 23ന് വ്യാഴാഴ്ച കോഴിക്കോട്ട് നടക്കും. ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യക്ക് കീഴില്‍ അഫിലിയേറ്റ് ചെയ്ത വിവിധ സ്ഥാപനങ്ങളില്‍ നിന്ന് ബാച്ചിലര്‍ ഓഫ് ഇസ്‌ലാമിക് സയന്‍സ് കോഴ്‌സ് പൂര്‍ത്തിയാക്കിയ 267 ‘ഹാദി’കളും മാസ്റ്റര്‍ ഓഫ് ഇസ്‌ലാമിക് സയന്‍സ് കഴിഞ്ഞ 33 ‘മുഹ്തദി’കളും ബിരുദം ഏറ്റുവാങ്ങും. ത്രിവത്സര റിസര്‍ച്ച് കോഴ്‌സ് പൂര്‍ത്തിയാക്കി ഒമ്പത് യുവ പണ്ഡിതര്‍ ”ദക്തൂര്‍’ പട്ടവും ഏറ്റുവാങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തിലെ ഇസ്‌ലാമിക പഠനത്തിന്റെയും വൈജ്ഞാനിക പുരോഗതിയുടെയും ചരിത്രത്തിലെ നാഴികക്കല്ലാണ് ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യ. സമസ്ത കേന്ദ്ര മുശാവറയുടെ നിയന്ത്രണത്തിനു വിധേയമായി കേരള മുസ്‌ലിം ജമാഅത്തിനു കീഴിലാണ് ഈ കേന്ദ്രീകൃത സംവിധാനം പ്രവര്‍ത്തിക്കുന്നത്. മത ബിരുദത്തിലെ മാസ്റ്റര്‍ കോഴ്‌സായ മുതവ്വല്‍ ബിരുദത്തിന് ശേഷം വിഷയാധിഷ്ഠിതമായി സമഗ്ര പഠനത്തിനുള്ള ത്രിവത്സര റിസര്‍ച്ച് കോഴ്‌സ് ആദ്യമായി സംവിധാനിച്ചത് ജാമിഅതുല്‍ ഹിന്ദാണ്. വര്‍ത്തമാന കാലത്തെ സാമൂഹിക സാംസ്‌കാരിക രംഗത്തെ സംഭവ വികാസങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാനുള്ള ശേഷി പണ്ഡിതരില്‍ ഉണ്ടാക്കിയെടുക്കുകയെന്നതാണ് റിസര്‍ച്ച് കോഴ്‌സിന്റെ ലക്ഷ്യം.

രാവിലെ 9.30ന് കാലിക്കറ്റ് ടവറില്‍ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ ഉദ്ഘാടന പരിപാടികള്‍ക്ക് തുടക്കമാകും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കമാല്‍ പാഷ ഉദ്ഘാടനം നിര്‍വഹിക്കും. ഇ സുലൈമാന്‍ മുസ്‌ലിയാര്‍ സനദ്ദാനം നിര്‍വഹിക്കും. പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ സനദ്ദാന പ്രഭാഷണം നടത്തും.

പേരോട് അബ്ദുറഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, കെ.പി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം, സി മുഹമ്മദ് ഫൈസി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ഡോ. എ പി അബ്ദുല്‍ഹകീം അസ്ഹരി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം, അബ്ദുന്നാസിര്‍ അഹ്‌സനി ഒളവട്ടൂര്‍, റഹ്മത്തുല്ലാഹ് സഖാഫി എളമരം, ഡോ. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, സി പി സൈതലവി മാസ്റ്റര്‍ ചെങ്ങര, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, മുഹമ്മദ് അലി സഖാഫി കിടങ്ങയം, അബ്ദുല്‍ഖാദിര്‍ അഹ്‌സനി ചാപ്പനങ്ങാടി തുടങ്ങിയ പ്രാസ്ഥാനിക നേതാക്കളും കേരള യൂണിവേഴ്‌സിറ്റി അറബിക് വിഭാഗം മേധാവി ഡോ. താജുദ്ദീന്‍ മന്നാനി, ഡോ. അബ്ദുല്ലത്വീഫ് ഫൈസി, ഡോ. മുഹമ്മദ് സഖാഫി, ഡോ. ഫൈസല്‍ അഹ്‌സനി രണ്ടത്താണി തുടങ്ങിയവരും പങ്കെടുക്കും.

വാര്‍ത്താ സമ്മേളനത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സി പി സൈദലവി മാസ്റ്റര്‍ ചെങ്ങര, സുന്നി വിദ്യാഭ്യാസ സെക്രട്ടറി പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ജാമിഅതുല്‍ ഹിന്ദ് കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് അലി സഖാഫി കിടങ്ങയം, എക്‌സിക്യൂട്ടീവ് അംഗം അബ്ദുല്‍ഖാദിര്‍ അഹ്‌സനി ചാപ്പനങ്ങാടി, ഓഫീസ് സെക്രട്ടറി യൂസുഫ് മിസ്ബാഹി പങ്കെടുത്തു.

 

Latest