Malappuram
ജാമിഅതുല്‍ ഹിന്ദ് മഹ്റജാന് നാളെ തുടക്കമാകും
കൊളത്തൂര്‍ ഇര്‍ശാദിയ്യയില്‍ വെച്ച് നടക്കുന്ന യൂണിവേഴ്സിറ്റി തല മത്സരത്തില്‍ 1000ത്തില്‍ പരം വിദ്യാര്‍ഥികള്‍ മാറ്റുരക്കും.
മലപ്പുറം|ജാമിഅതുല്‍ ഹിന്ദ് ഇസ്്ലാമിക് യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ‘മഹ്റജാന്‍ 25’ ജാമിഅ ഫെസ്റ്റ് നാളെ ആരംഭിക്കും. മലപ്പുറം കൊളത്തൂര്‍ ഇര്‍ശാദിയ്യയില്‍ വെച്ച് നടക്കുന്ന യൂണിവേഴ്സിറ്റി തല മത്സരത്തില്‍ 1000ത്തില്‍ പരം വിദ്യാര്‍ഥികള്‍ മാറ്റുരക്കും. കേരളത്തിനകത്തും പുറമെ, കര്‍ണാടക, തമിഴ്‌നാട്, ആന്തമാന്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള 16 മേഖലകളിലെ 200ല്‍ പരം കാമ്പസുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് മത്സരത്തിനെത്തുന്നത്. മഹ്റജാനില്‍ ഇഅ്ദാദിയ്യ (പ്രിപ്പെറാറ്ററി), ഇബ്തിദാഇയ്യ (പ്രൈമറി), മുതവസ്സിത്വത് (ജൂനിയര്‍), ആലിയ (സീനിയര്‍) വിഭാഗങ്ങളിലായി 61 മത്സരങ്ങളാണ് അരങ്ങേറുന്നത്.
വിദ്യാര്‍ഥികളിലെ സര്‍ഗ- രചനാ- പാഠ്യ- വൈജ്ഞാനിക മികവുകള്‍ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായാണ് മഹ്റജാന്‍ ആരംഭിച്ചിരിക്കുന്നത്. കോളജ്, മേഖല തലങ്ങളില്‍ ജേതാക്കളായ വിദ്യാര്‍ഥികളാണ് ജാമിഅ തലത്തില്‍ മാറ്റുരക്കുന്നത്.
നാളെ നടക്കുന്ന മഹ്റജാന്‍ ഉല്‍ഘാടന സംഗമത്തില്‍ പണ്ഡിതന്മാര്‍, സാംസ്‌കാരിക പ്രതിനിധികള്‍, ജാമിഅ സിണ്ടിക്കേറ്റ്, സെനറ്റ് അംഗങ്ങള്‍, വിദേശ സര്‍വകലാശാല പ്രതിനിധികള്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. കെ.പി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം അധ്യക്ഷത വഹിക്കും. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, അലവി സഖാഫി കൊളത്തൂര്‍, തൃക്കരിപ്പൂര്‍ മുഹമ്മദലി സഖാഫി, ഡോ. എ .പി അബ്ദുല്‍ ഹകീം അസ്ഹരി, ഡോ: മുഹമ്മദ് കഞ്ഞു സഖാഫി കൊല്ലം, സി.പി സൈതലവി മാസ്റ്റര്‍ ചെങ്ങര, പ്രൊഫ എ.കെ അബ്ദുല്‍ ഹമീദ്,അബ്ദുല്‍ ഖാദിര്‍ അഹ്‌സനി ചാപ്പനങ്ങാടി, ഡോ: ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല, മുഹമ്മദലി സഖാഫി കിടങ്ങയം തുടങ്ങിയവര്‍ സംസാരിക്കും. അബ്ദുറഹ്മാന്‍ ഹാജി കുറ്റൂര്‍ മുഖ്യാതിഥിയാകും.
ഞായറാഴ്ച വൈകിട്ട് നടക്കുന്ന സമാപന ചടങ്ങില്‍ ജേതാക്കളായ ദാഇറക്കും വ്യക്തിഗത ജേതാക്കള്‍ക്കും ട്രോഫികള്‍ സമ്മാനിക്കും. ജാമിഅ പ്രോ ചാന്‍സ്ലര്‍ വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി സമാപന സംഗമം ഉദ്ഘാടനം ചെയ്യും. സയ്യിദ് താഹ തങ്ങള്‍ സഖാഫി അധ്യക്ഷത വഹിക്കും.