Connect with us

From the print

ജാമിഅത്തുല്‍ ഹിന്ദ് ഏകജാലക പ്രവേശനം തുടങ്ങി

കേരളത്തിനകത്തും പുറത്തുമുള്ള മുന്നൂറിലധികം സ്ഥാപനങ്ങളിലേക്ക് ഇനി ഒരൊറ്റ അപേക്ഷയും പരീക്ഷയും വഴി പ്രവേശനം നേടാനാകും.

Published

|

Last Updated

കോഴിക്കോട് | ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യയുടെ കീഴിലുള്ള ഏകജാലക പ്രവേശന നടപടികള്‍ക്ക് തുടക്കമായി. ആഴത്തിലുള്ള ഇസ്‌ലാമിക പഠനത്തോടൊപ്പം എട്ടാം ക്ലാസ്സ് മുതല്‍ പി എച്ച് ഡി വരെയും 11ാം ക്ലാസ്സ് മുതല്‍ പി എച്ച് ഡി വരെയുമുള്ള രണ്ട് സ്ട്രീമുകളിലേക്കാണ് ഏകജാലകം വഴി പ്രവേശനം നല്‍കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള മുന്നൂറിലധികം സ്ഥാപനങ്ങളിലേക്ക് ഇനി ഒരൊറ്റ അപേക്ഷയും പരീക്ഷയും വഴി പ്രവേശനം നേടാനാകും.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും സമസ്ത മുശാവറ അംഗങ്ങളും പ്രാസ്ഥാനിക നേതാക്കളും ഉള്‍പ്പെടെ 60 പേരടങ്ങുന്ന സെനറ്റിന്റെയും 20 അംഗ സിന്‍ഡിക്കേറ്റിന്റെയും മേല്‍നോട്ടത്തിലാണ് ജാമിഅയുടെ പ്രവര്‍ത്തനം. കൃത്യവും ചിട്ടയാര്‍ന്നതുമായ സിലബസ് അധിഷ്ഠിതമായ മതപഠനവും വൈവിധ്യമാര്‍ന്ന ഭൗതിക പഠന സാഹചര്യവുമാണ് ജാമിഅത്തുല്‍ ഹിന്ദ് ഒരുക്കുന്നത്. പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും പരീക്ഷകള്‍ക്കും മറ്റും കൃത്യമായ രീതികളും ജാമിഅ നടപ്പാക്കുന്നുണ്ട്. വിദ്യാര്‍ഥികളെ ലോകോത്തര പ്രതിഭകളായ പണ്ഡിതരാക്കി വളര്‍ത്തിയെടുക്കുകയാണ് ജാമിഅത്തുല്‍ ഹിന്ദിന്റെ ദൗത്യം.

സ്‌കൂള്‍ ഏഴാം തരം കഴിഞ്ഞവര്‍ക്ക് എട്ടാം ക്ലാസ്സിലേക്കും പത്താം ക്ലാസ്സ് കഴിഞ്ഞവര്‍ക്ക് പ്ലസ് വണ്ണിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം. www.jamiathulhind.com എന്ന വെബ്‌സൈറ്റ് വഴി മാത്രമാണ് അപേക്ഷിക്കാനാകുക. നാളെ മുതല്‍ അടുത്ത മാസം 18 വരെ അപേക്ഷിക്കാം. ഏപ്രില്‍ 27നു നടക്കുന്ന ജെ- സാറ്റ് പരീക്ഷ വഴിയാണ് പ്രവേശനം. പ്രവേശനത്തിന് ഗ്രേസ് മാര്‍ക്കുകളും പരിഗണിക്കും. ഏകജാലക പ്രവേശനത്തിനുള്ള ജാമിഅത്തുല്‍ ഹിന്ദ് വെബ് പോര്‍ട്ടല്‍ ചാന്‍സലര്‍ ഇ സുലൈമാന്‍ മുസ്ലിയാര്‍ ലോഞ്ച് ചെയ്തു.

പ്രൊ ചാന്‍സലര്‍ വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, തൃക്കരിപ്പൂര്‍ മുഹമ്മദലി സഖാഫി, അബ്ദുല്ല അഹ്സനി ചെങ്ങാനി, അബ്ദുല്‍ ഖാദിര്‍ അഹ്സനി ചാപ്പനങ്ങാടി, ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി, യൂസുഫ് മിസ്ബാഹി പങ്കെടുത്തു.

അപേക്ഷിക്കേണ്ടതെങ്ങനെ?
നാളെ സിറാജില്‍