article 35a
ജമ്മു കശ്മീര്‍: അനുച്ഛേദം 35എ റദ്ദാക്കിയതിനെ അനുകൂലിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിച്ച അനുച്ഛേദം 370 ഒഴിവാക്കിയതിനെതിരെയുള്ള ഹരജികളില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണങ്ങള്‍.
ന്യൂഡല്‍ഹി | ജമ്മു കശ്മീരിലെ ജനങ്ങൾക്ക് പ്രത്യേക അവകാശം നല്‍കുന്ന അനുച്ഛേദം 35എ എടുത്തുകളഞ്ഞതിനെ അനുകൂലിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്. അനുച്ഛേദം 35എ ജമ്മു കശ്മീരിന് പുറത്ത് താമസിക്കുന്നവരുടെ മൗലികാവകാശങ്ങള്‍ കവര്‍ന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാറിലുള്ള തൊഴില്‍, അവസരം എന്നിവയിലെ സമത്വം, ഭൂമി വാങ്ങാനുള്ള അവകാശം അടക്കമുള്ളവയാണ് അനുച്ഛേദം തടഞ്ഞത്.
അനുച്ഛേദം കാരണം കശ്മീരിലെ ജനതക്ക് പ്രത്യേക അവകാശങ്ങളുണ്ടായിരുന്നു. സംസ്ഥാനത്ത് പുറത്തുള്ളവരെ ഇതില്‍ ഉള്‍പ്പെടുത്തിയതുമില്ല. ജമ്മു കശ്മീര്‍ ഭരണഘടനക്ക് ഏറെ ഉയരത്തിലാണ് ഇന്ത്യന്‍ ഭരണഘടനയെന്ന കേന്ദ്ര നിലപാട് അദ്ദേഹം ശരിവെച്ചു.
ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിച്ച അനുച്ഛേദം 370 ഒഴിവാക്കിയതിനെതിരെയുള്ള ഹരജികളില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണങ്ങള്‍. വാദം കേള്‍ക്കുന്നതിന്റെ 11ാം ദിവസമായിരുന്നു ഈ നിരീക്ഷണം. അനുച്ഛേദം 35എ പ്രകാരം സ്ഥിര താമസക്കാരെ നിര്‍വചിക്കാനുള്ള അവകാശം ജമ്മു കശ്മീര്‍ നിയമസഭയില്‍ നിക്ഷിപ്തമായിരുന്നു. ഇതുപ്രകാരം പ്രത്യേക അവകാശങ്ങളും കശ്മീര്‍ ജനതക്കുണ്ടായിരുന്നു.