Connect with us

Articles

ജനവിധി പുറത്താക്കപ്പെടുന്നു

ഭരണാധികാരികളുടെ മനോഭാവത്തില്‍ വരുന്ന മാറ്റം പാര്‍ട്ടി മാറുന്നതിനേക്കാള്‍ അപകടകരമാണ്. ഇടതു സഖ്യത്തില്‍ നിന്നൊരാളെ പ്രധാനമന്ത്രിയായി അംഗീകരിക്കാന്‍ ഇമ്മാനുവേല്‍ മാക്രോണിന് സാധിക്കുന്നില്ല എന്നത് അദ്ദേഹത്തിന് സംഭവിച്ച രാഷ്ട്രീയ പരിവര്‍ത്തനത്തിന്റെ തെളിവാണ്

Published

|

Last Updated

“മോണ്‍സിയര്‍ ബ്രക്‌സിറ്റ്’ എന്നാണ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി മിഷേല്‍ ബാര്‍ണിയര്‍ അറിയപ്പെടുന്നത്. ബ്രിട്ടനെ യൂറോപ്യന്‍ യൂനിയനില്‍ നിന്ന് വേർപ്പെടുത്താനുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ നയതന്ത്രജ്ഞന്‍ എന്ന നിലയിലാണ് ഈ വിളിപ്പേര്. റിപബ്ലിക്കന്‍ പാര്‍ട്ടി നേതാവായ അദ്ദേഹം വിദേശകാര്യമടക്കം വിവിധ വകുപ്പുകളിലായി ക്യാബിനറ്റ് പദവി വഹിച്ചിട്ടുണ്ട്. 1958ല്‍, ഇപ്പോഴത്തെ ഫ്രഞ്ച് ഭരണ സംവിധാനം നിലവില്‍ വന്ന ശേഷം അധികാരത്തില്‍ വരുന്ന ഏറ്റവും പ്രായമേറിയ പ്രധാനമന്ത്രിയാണ് 73കാരനായ ബാര്‍ണിയര്‍. 35കാരനായ ഗബ്രിയേല്‍ അട്ടാലില്‍ നിന്ന് അധികാരമേറ്റെടുക്കുന്ന ബാര്‍ണിയര്‍ കടുത്ത കുടിയേറ്റവിരുദ്ധനും തീവ്ര വലതുപക്ഷത്തേക്ക് അതിവേഗം സഞ്ചരിച്ചു കൊണ്ടിരിക്കുന്ന നേതാവുമാണ്. ഫ്രഞ്ച് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന റെക്കോര്‍ഡോടെ പടിയിറങ്ങുന്ന ഗബ്രിയേല്‍ തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ രാജ്യം അതിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് അകലുന്നതിനെ കുറിച്ചുള്ള ആശങ്കയാണ് പങ്കുവെച്ചത്. പുതിയ പ്രധാനമന്ത്രിയെ അഭിനന്ദിച്ച ശേഷം ആ യുവനേതാവ് പറഞ്ഞു: ഫ്രാന്‍സ് രോഗാതുരമാണ്, വിഭാഗീയതയുടെ വിത്തുകള്‍ മുളച്ച് വലിയ വൃക്ഷമായിരിക്കുന്നു. ഫ്രഞ്ച് ജനാധിപത്യത്തിന് സംഭവിക്കുന്ന രൂപമാറ്റത്തെയാണ് ഗബ്രിയേല്‍ സൂചിപ്പിച്ചത്. നിക്കോളാസ് സര്‍ക്കോസി പ്രസിഡന്റായപ്പോള്‍ തുടങ്ങിയ വിദ്വേഷ നയങ്ങള്‍ ഫ്രാന്‍സിനെ വിപ്ലവ മൂല്യങ്ങളില്‍ നിന്ന് പിന്‍നടത്തുകയായിരുന്നു. മുസ്‌ലിംവിരുദ്ധ, കുടിയേറ്റവിരുദ്ധ രാഷ്ട്രീയത്തിന് വളക്കൂറുള്ള രാഷ്ട്രീയ ഭൂമികയായി ഫ്രാന്‍സ് മാറുകയായിരുന്നു. മിഷേല്‍ ബാര്‍ണിയര്‍ പ്രധാനമന്ത്രിയാകുന്നതിനെ ആ മാറ്റത്തിന്റെ ഏറ്റവും നിരാശാജനകമായ ആവിഷ്‌കാരമായാണ് വിലയിരുത്തേണ്ടത്.

ഫ്രഞ്ച് രാഷ്ട്രീയ വ്യവസ്ഥയില്‍ പ്രസിഡന്റാണ് പ്രധാനം. ഇപ്പോഴത്തെ പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ രണ്ടാമൂഴം അധികാരത്തിലിരിക്കുന്നു. 2027 വരെ അദ്ദേഹത്തിന് കാലാവധിയുണ്ട്. അതിനിടക്കാണ് കഴിഞ്ഞ ജൂണില്‍ യൂറോപ്യന്‍ പാര്‍ലിമെന്റിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. ഓരോ അംഗരാജ്യത്തിനും സ്വന്തം പാര്‍ലിമെന്റും ഭരണ സംവിധാനവുമുണ്ടെങ്കിലും യൂറോപ്യന്‍ യൂനിയനിലെ പൊതുതീരുമാനങ്ങള്‍ക്കായി ഇ യു പാര്‍ലിമെന്റ് രൂപവത്കരിക്കും. ഓരോ അംഗ രാജ്യത്തും ഇ യു പാര്‍ലിമെന്റംഗങ്ങളെ കണ്ടെത്താന്‍ തിരഞ്ഞെടുപ്പ് നടക്കും. ജൂണിലെ തിരഞ്ഞെടുപ്പില്‍ ഫ്രാന്‍സില്‍ വലിയ രാഷ്ട്രീയ അട്ടിമറി നടന്നു. ഇമ്മാനുവേല്‍ മാക്രോണിന്റെ റിനയ്‌സന്‍സ് പാര്‍ട്ടി (എന്‍ മാര്‍ഷെ)യെ മറികടന്ന് മറീന്‍ ലീ പെന്‍ നേതൃത്വം നല്‍കുന്ന നാഷനല്‍ റാലി പാര്‍ട്ടി വന്‍ മുന്നേറ്റം നടത്തി. ഇന്ത്യയിലെ സംഘ്പരിവാര്‍ സംഘടനകളോട് എല്ലാ അര്‍ഥത്തിലും സാമ്യമുള്ള പാര്‍ട്ടിയാണ് നാഷനല്‍ റാലി (ആര്‍ എന്‍). “ഇത് ഫ്രഞ്ച് ഫുട്‌ബോള്‍ ടീമല്ല, ഏതോ ആഫ്രിക്കന്‍ ടീമാണെ’ന്ന് എംബാപ്പെയുടെ ടീമിനെക്കുറിച്ച് പറഞ്ഞയാളാണ് മറീന്‍. അത്രക്കുണ്ട് അവര്‍ക്കുള്ളില്‍ വംശീയ വിഷം.

ഇ യു പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ അവരുടെ പാര്‍ട്ടി നേടിയത് 31.5 ശതമാനം വോട്ടുകളാണ്. റിനയ്‌സന്‍സ് പാര്‍ട്ടിയേക്കാള്‍ ഇരട്ടി വോട്ട്. യൂറോപ്പിലെ ഏറ്റവും ലിബറലെന്ന് വിശേഷിപ്പിക്കപ്പെട്ട ഫ്രാന്‍സിലാണ് പ്രജ്ഞാ സിംഗ് ഠാക്കൂറിനെപ്പോലെയൊരു നേതാവ് നയിക്കുന്ന പാര്‍ട്ടി ഇത്രയധികം വോട്ടുകള്‍ സമാഹരിക്കുന്നത്. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മറീന്‍ ആയിരുന്നു മാക്രോണിന്റെ മുഖ്യ എതിരാളി. അന്ന് കഷ്ടിച്ച് രക്ഷപ്പെട്ട മാക്രോണിനെ ഇ യു വോട്ടെടുപ്പില്‍ മലര്‍ത്തിയടിച്ചു അവര്‍. ഈ ഫലം മാക്രോണ്‍ ഗൗനിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ഫ്രഞ്ച് പാര്‍ലിമെന്റിലേക്കായിരുന്നില്ലല്ലോ തിരഞ്ഞെടുപ്പ്. പക്ഷേ, അദ്ദേഹം തന്റെ മാനക്കേട് മായ്ക്കാന്‍ തന്നെ തീരുമാനിച്ചു. ഇടക്കാല പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ആദ്യ ഘട്ടത്തില്‍ ഭൂരിപക്ഷം സീറ്റുകളും “ഇന്‍കണ്‍ക്ലൂസ്സീവ’് ആയിരുന്നു. എന്നുവെച്ചാല്‍ ആര്‍ക്കും അമ്പത് ശതമാനത്തിന് മുകളില്‍ വോട്ട് നേടാനായില്ല. അപ്പോള്‍ രണ്ടാം റൗണ്ട് വോട്ടെടുപ്പിലേക്ക് നീങ്ങി. ഒന്നാം റൗണ്ടില്‍ മറീന്റെ പാര്‍ട്ടിയായിരുന്നു മുന്നില്‍. രണ്ടാം ഘട്ടത്തിലും ഇത് സംഭവിച്ചാല്‍ ഫ്രഞ്ച് പാര്‍ലിമെന്റില്‍ ആര്‍ എന്‍ പാര്‍ട്ടി ഭൂരിപക്ഷമാകുമെന്ന നില വന്നു. അതോടെ മധ്യ, ഇടത്, പരിസ്ഥിതി പാര്‍ട്ടികള്‍ സഖ്യമുണ്ടാക്കി. ഇന്ത്യയില്‍ രാഹുലിന്റെ നേതൃത്വത്തില്‍ സഖ്യമുണ്ടാക്കിയത് പോലെ.

ജൂലൈയില്‍ നടന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികളുടെ സഖ്യമായ ന്യൂ പോപുലര്‍ ഫ്രണ്ട് 193 സീറ്റും മാക്രോണിന്റെ എന്‍സെംബിള്‍ സഖ്യം 166 സീറ്റും ആദ്യവട്ടം മുന്നിലെത്തിയ മറീന്‍ ലീ പെന്നിന്റെ നാഷനല്‍ റാലിയും സഖ്യശക്തികളും 142 സീറ്റും നേടി. ആര്‍ക്കും മേധാവിത്വമില്ലാത്ത തൂക്കുസഭ. പ്രസിഡന്‍ഷ്യല്‍ ഭരണക്രമം നിലനില്‍ക്കുന്ന ഫ്രാന്‍സില്‍ പ്രധാനമന്ത്രിയാരാകണമെന്ന് നിശ്ചയിക്കാനുള്ള വിവേചനാധികാരം പ്രസിഡന്റിനാണ്. ജൂലൈയില്‍ ഫലം വന്നിട്ടും

മാക്രോണ്‍ പ്രധാനമന്ത്രിയെ കണ്ടെത്താന്‍ സെപ്തംബര്‍ വരെ കാത്തു. ഒളിമ്പിക്‌സ് നടക്കുമ്പോള്‍ രാഷ്ട്രീയത്തിന് അവധി കൊടുത്തത് കൊണ്ടാണെന്ന് ഭരണകക്ഷി നേതാക്കള്‍ പറയുന്നു. എന്നാല്‍ സത്യമതല്ല. ജനവിധി അട്ടിമറിക്കുന്ന തീരുമാനത്തിലേക്കുള്ള യാത്രയിലായിരുന്നു മാക്രോണ്‍. അദ്ദേഹം ആരെ തോല്‍പ്പിക്കാനാണോ ഇടക്കാല തിരഞ്ഞെടുപ്പ് നടത്തിയത് അവരുടെ ഇംഗിതത്തിന് വഴങ്ങുകയാണ് ചെയ്തത്. മറീന്‍ ലീ പെന്നിന്റെ പാര്‍ട്ടിയുടെ പിന്തുണയുറപ്പിച്ചാണ് മിഷേല്‍ ബാര്‍ണിയര്‍ പ്രധാനമന്ത്രിപദത്തിലെത്തുന്നത്. ഏറ്റവും വലിയ ഒറ്റ ബ്ലോക്കായ ഇടത് സഖ്യത്തിന്റെ നേതാവ് പ്രധാനമന്ത്രിയാകുകയെന്ന സ്വാഭാവിക ജനാധിപത്യ മര്യാദ പുറം കാല് കൊണ്ട് തട്ടുകയാണ് മാക്രോണ്‍ ചെയ്തത്. രാജ്യത്തെ മതേതര കൂട്ടായ്മ ഈ അട്ടിമറിക്കെതിരെ സമരത്തിനിറങ്ങിയിരിക്കുന്നു. പാര്‍ലിമെന്റില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. അവിശ്വാസം വന്നാല്‍ തീവ്ര വലതുപാര്‍ട്ടിയുടെ സഹായമുണ്ടാകുമെന്ന ഉറപ്പ് മാക്രോണും മിഷേലും വാങ്ങിയിട്ടുണ്ടെന്നാണ് റിപോര്‍ട്ട്. സീറ്റെണ്ണത്തില്‍ നാലാം സ്ഥാനത്താണ് മിഷേലിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടി.

ബി ജെ പിക്ക് നിയമസഭയില്‍ ഒറ്റ സീറ്റുമില്ലാത്ത കേരളത്തിന്റെ പോലീസ് രംഗത്ത് ആര്‍ എസ് എസ് ആഴത്തില്‍ ഇടപെടുന്നതിന്റെ തെളിവുകള്‍ ഒന്നൊന്നായി പുറത്ത് വരികയാണല്ലോ. ഇത് തന്നെയാണ് ഫ്രാന്‍സിലും സംഭവിക്കുന്നത്. ഭരിക്കാന്‍ മാന്‍ഡേറ്റില്ലാത്ത മറീന്‍ ലീ പെന്‍ പുറത്ത് നിന്ന് ഭരിക്കുന്നു. ഫ്രാന്‍സില്‍ മാക്രോണിനെപ്പോലെയൊരാള്‍ തീവ്ര വലതുപക്ഷത്തിന് കീഴ്‌പ്പെടുന്നത് എങ്ങനെയെന്ന് ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് എളുപ്പം മനസ്സിലാകും. ഇന്ത്യയില്‍ അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും ഹിന്ദുത്വ അതിന്റെ ദൗത്യം അനായാസം നടപ്പാക്കിയിട്ടുണ്ട്. അങ്ങനെയാണല്ലോ പോലീസ് സംരക്ഷണയില്‍ ബാബരി മസ്ജിദ് പൊളിച്ചു നീക്കിയത്. ഫ്രഞ്ച് ജനത തീവ്ര വലതുപക്ഷ കക്ഷിയെ അകറ്റി നിര്‍ത്താനാണ് വോട്ട് ചെയ്തത്. എന്നാല്‍ അതേ കക്ഷി പുറത്ത് നിന്ന് നിയന്ത്രിക്കുന്ന പ്രധാനമന്ത്രിയാണ് അധികാരമേറ്റത്.
മിഷേല്‍ ബാര്‍ണര്‍, മറീന് നല്ല കൂട്ടാണ്. അദ്ദേഹം പ്രഖ്യാപിത കുടിയേറ്റവിരുദ്ധനാണ്. ഇ യുവില്‍ നിന്ന് ഫ്രാന്‍സ് പുറത്ത് കടക്കണമെന്ന് പറയുന്ന “ഫ്രക്‌സിറ്റി’ലേക്കാണ് അദ്ദേഹത്തിന് ചായ്‌വ്. അള്‍ട്രാ സെക്യുലറിസത്തിന്റെ വക്താവാണ്. അടഞ്ഞ സാമ്പത്തിക ക്രമത്തിനോടാണ് ആഭിമുഖ്യം. ഇങ്ങനെയൊരാളെ മാക്രോണ്‍ മുന്നോട്ട് വെച്ചപ്പോള്‍ ഒന്നും നോക്കേണ്ടി വന്നില്ല “ഫ്രഞ്ച് ആര്‍ എസ് എസി’ന്. മിഷേല്‍ ഞങ്ങളുടെ സ്ഥാനാര്‍ഥിയല്ല. എന്നാല്‍ അദ്ദേഹത്തെ ഞങ്ങള്‍ എതിര്‍ക്കില്ല. അദ്ദേഹം പിന്തുടരുന്ന നയങ്ങള്‍ക്കനുസരിച്ച് പിന്തുണ തുടരും- നാഷനല്‍ റാലി പാര്‍ട്ടിയുടെ പ്രഖ്യാപനമിതാണ്. എന്നുവെച്ചാല്‍ നയത്തില്‍ ഇടപെടുമെന്ന് തന്നെ. ഫ്രാന്‍സിന്റെ പുതിയ പ്രധാനമന്ത്രി കാണാച്ചരടുകളില്‍ ആടുന്ന ആജ്ഞാനുവര്‍ത്തി മാത്രമായിരിക്കും. മറീന്‍ ലീ പെന്നിന്റെ ദയാവായ്പിലാണ് അദ്ദേഹം കസേരയിലിരിക്കുന്നത്.

ഭരണാധികാരികളുടെ മനോഭാവത്തില്‍ വരുന്ന മാറ്റം പാര്‍ട്ടി മാറുന്നതിനേക്കാള്‍ അപകടകരമാണ്. ഇടതു സഖ്യത്തില്‍ നിന്നൊരാളെ പ്രധാനമന്ത്രിയായി അംഗീകരിക്കാന്‍ ഇമ്മാനുവേല്‍ മാക്രോണിന് സാധിക്കുന്നില്ല എന്നത് അദ്ദേഹത്തിന് സംഭവിച്ച രാഷ്ട്രീയ പരിവര്‍ത്തനത്തിന്റെ തെളിവാണ്. മറീന്‍ ലീ പെന്‍ കുടിയേറ്റക്കാരെ ആട്ടിയോടിക്കണമെന്ന്
ആക്രോശിച്ചപ്പോള്‍ കുടിയേറ്റക്കാര്‍ രാജ്യത്തിന്റെ ശക്തിയാണെന്ന് ഏഴ് വര്‍ഷം മുമ്പ് വാദിച്ചയാളാണ് മാക്രോണ്‍. ഇസില്‍ തീവ്രവാദി ആക്രമണത്തെ മുന്‍ നിര്‍ത്തി മുസ്‌ലിംകളെയാകെ സംശയത്തിന്റെ ഇരുട്ടില്‍ നിര്‍ത്താന്‍ ലീ പെന്നിന്റെ ആര്‍ എന്‍ പാര്‍ട്ടി ശ്രമിച്ചപ്പോള്‍ തീവ്രവാദവും മതവും രണ്ടാണെന്ന് കൃത്യമായി പറയാന്‍ മാക്രോണിന്റെ പാര്‍ട്ടി തയ്യാറായിരുന്നു. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ഫ്രാന്‍സ് വിട്ടുപോരണമെന്ന അതിദേശീയ വാദമാണ് ലീ പെന്‍ മുന്നോട്ട് വെച്ചത്. എന്നാല്‍ “ഫ്രക്‌സിറ്റ്’ അപകടമാണെന്ന ഐക്യ സന്ദേശം നല്‍കി മാക്രോണ്‍. 2017ല്‍ നിന്ന് 2024ല്‍ എത്തുമ്പോള്‍ ഈ മൂല്യങ്ങളില്‍ നിന്നെല്ലാം മാക്രോണും അദ്ദേഹത്തിന്റെ പാര്‍ട്ടിയും അകന്നിരിക്കുന്നുവെന്നതാണ് വസ്തുത. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഫ്രാന്‍സില്‍ അടച്ചു പൂട്ടിയ പള്ളികളും മുസ്‌ലിംകളെ ലക്ഷ്യമിട്ട് പാസ്സാക്കിയ നിയമങ്ങളും ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്.

“എനിക്ക് നാഷനല്‍ റാലി പാര്‍ട്ടിയുടെ നയങ്ങളറിയില്ല. എന്നാല്‍ ഞാന്‍ അവരെ മാനിക്കുന്നു. കുടിയേറ്റം കര്‍ശനമായി തടയണമെന്നത് എന്റെ നിലപാടാണ്. അത് നാഷനല്‍ റാലിയില്‍ നിന്ന് കടമെടുത്തതല്ല’ എന്നാണ് മിഷേല്‍ ഏറ്റവും പുതിയ അഭിമുഖത്തില്‍ പറയുന്നത്. തൂക്കുസഭയെ നയിക്കുന്ന മിഷേലിന് എങ്ങോട്ടാണ് തൂങ്ങേണ്ടതെന്ന് നല്ല നിശ്ചയമുണ്ട്. ആ തിരിച്ചറിവിന് മാക്രോണിന്റെ നിശബ്ദ പിന്തുണയുമുണ്ട്. യൂറോപ്പിനെയാകെ പിടികൂടുന്ന തീവ്ര വലതുപക്ഷ തരംഗത്തിന് ശക്തി പകരാനേ ഇത് ഉപകരിക്കൂ.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest