Kerala
വയനാട്ടിലും ചേലക്കരയിലും വോട്ടിംഗ് പുരോഗമിക്കുന്നു; ആദ്യ മണിക്കൂറില്‍ ഭേദപ്പെട്ട പോളിംഗ്
പല വോട്ടിംഗ് കേന്ദ്രങ്ങളിലും ഇപ്പോള്‍ തന്നെ വോട്ടര്‍മാരുടെ നീണ്ടനിര രൂപപ്പെട്ടു കഴിഞ്ഞു
കല്‍പ്പറ്റ/ തൃശൂര്‍ | ദിവസങ്ങള്‍ നീണ്ടുനിന്ന പ്രചാരണത്തിനൊടുവില്‍ വയനാട് പാര്‍ലിമെന്റ് മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും ജനങ്ങള്‍ ഇന്ന് വിധി നിശ്ചയിക്കും. മോക് പോളിംഗ് പൂര്‍ത്തിയാക്കി വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിംഗ്.ആദ്യ മണിക്കൂറില്‍ ഭേദപ്പെട്ട പോളിംഗ് ആണ് രേഖപ്പെടുത്തിയത്. രാവിലെ മുതല്‍ പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര രൂപപ്പെട്ടിരുന്നു
#WATCH | Wayanad, Kerala: Preparations are underway at a polling booth, ahead of the Wayanad Lok Sabha by-elections today pic.twitter.com/oODSsbzBqW
— ANI (@ANI) November 13, 2024
വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട മാനന്തവാടി, ബത്തേരി, കല്‍പ്പറ്റ, തിരുവമ്പാടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയോജക മണ്ഡലങ്ങളിലായി 1471742 വോട്ടര്‍മാരാണുള്ളത്. 2004 സര്‍വ്വീസ് വോട്ടര്‍മാരും ഭിന്നശേഷിക്കാരും 85 വയസിന് മുകളില്‍ പ്രായമുള്ളവരുമായി 11820 വോട്ടര്‍മാരുമാണ് മണ്ഡലത്തിലുള്ളത്. 7519 വോട്ടര്‍മാരാണ് വീടുകളില്‍ നിന്നുതന്നെ വോട്ട് ചെയ്യാന്‍ സന്നദ്ധതരായി ഇത്തവണയും മുന്നോട്ടുവന്നത്. ഏറ്റവും കൂടുതല്‍ സര്‍വ്വീസ് വോട്ടര്‍മാരുള്ളത് ബത്തേരി നിയോജകമണ്ഡലത്തിലാണ്. 458 പേരാണ് ഇവിടെ സര്‍വ്വീസ് വോട്ടര്‍മാരായുള്ളത്. 16 സ്ഥാനാര്‍ഥികളാണ് മണ്ഡലത്തില്‍ മത്സരംഗത്തുള്ളത്.മണ്ഡലത്തില്‍ 30 ഓക്സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ ആകെ 1354 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജമായത്. മാനന്തവാടി 173, സുല്‍ത്താന്‍ബത്തേരി 218, കല്‍പ്പറ്റ 187, തിരുവമ്പാടി 181, ഏറനാട് 174, നിലമ്പൂര്‍ 209, വണ്ടൂര്‍ 212 എന്നിങ്ങനെയാണ് പോളിംഗ്് സ്റ്റേഷനുകള്‍. ജില്ലയില്‍ രണ്ട് ബൂത്തുകളാണ് അതീവ സുരക്ഷാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 11 പോളിംഗ് ബൂത്തുകളും പ്രത്യേക സുരക്ഷാ പട്ടികയിലുണ്ട്. ഇവിടെയെല്ലാം വെബ്കാസ്റ്റിങ്ങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിന് വിപുലമായ സൗകര്യങ്ങളാണ് ഇത്തവണയും ഒരുക്കിയത്. .തിരഞ്ഞെടുപ്പ് നിര്‍വ്വഹണത്തിനായി സുരക്ഷാ സംവിധാനങ്ങളും ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ 04936 204210, 1950 ടോള്‍ ഫ്രീ നമ്പറുകളില്‍ അറിയിക്കാനുള്ള കണ്‍ട്രോള്‍ റുമും വിജില്‍ ആപ്പും സജ്ജമാക്കിയിട്ടുണ്ട്. ഭിന്നശേഷി സൗഹൃദ, ഹരിത ബൂത്തുകളിലാണ് ഇത്തവണയും തിരഞ്ഞെടുപ്പ് നടക്കുന്നത്.ചേലക്കരയില്‍ ആറ് സ്ഥാനാര്‍ഥികളാണ് മത്സരംഗത്തുള്ളത്. 2,13,103 വോട്ടര്‍മാരാണ് വിധിയെഴുതുക. ഇതില്‍ 1,01,903 പുരുഷന്മാരും 1,11,197 സ്ത്രീകളും മൂന്ന് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാരും ഉള്‍പ്പെടുന്നു. പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നലെ വൈകീട്ടോടെ പൂര്‍ത്തിയായി. ചെറുതുരുത്തി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സാധനങ്ങളുടെ വിതരണം നടന്നത്. 180 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. എല്ലാ പോളിംഗ് ബൂത്തുകളിലും വെബ്കാസ്റ്റിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്.മണ്ഡലത്തില്‍ ആകെ 14 പ്രശ്നബാധിത ബൂത്തുകള്‍ ഉണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇവിടെ മൈക്രോ ഒബ്സര്‍വര്‍മാരെ നിയോഗിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി തൃശൂര്‍ സിറ്റി ജില്ലാ പോലീസ് മേധാവിക്ക് കീഴില്‍ 600 ലധികം പോലീസ് ഉദ്യോഗസ്ഥരെയും ഒരു കമ്പനി കേന്ദ്ര സേനയേയും വിന്യസിക്കും. പ്രശ്നസാധ്യതാ ബൂത്തുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് നാല് സി എ പി എഫ് ഉദ്യോഗസ്ഥരെയും മറ്റു ബൂത്തുകളില്‍ രണ്ട് പോലീസുകാരെയും നിയോഗിക്കും.കല്‍പ്പാത്തി രഥോത്സവത്തെ തുടര്‍ന്ന് പാലക്കാട് നിയമസഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് 20ലേക്ക് മാറ്റിയിരുന്നു. 23നാണ് മൂന്നിടങ്ങളിലും വോട്ടെണ്ണല്‍.