Kerala
എഡിഎം നവീന്‍ ബാബുവിന് ജന്മനാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പ്
നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണം നേരിടുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്
പത്തനംതിട്ട | കണ്ണൂരിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ എഡിഎം നവീന്‍ ബാബുവിന് ഹൃദയഭേദകമായ യാത്രയയപ്പ് നല്‍കി നാട്. നാല് മണിയോടെ പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം.പത്ത് മണി മുതല്‍ നടന്ന പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം വിലാപയാത്രയായാണ് വീട്ടിലേക്ക് എത്തിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും മന്ത്രിമാരും വിലാപയാത്രയെ അനുഗമിച്ചു. വൻ ജനാവലിയാണ് നവീൻ ബാബുവിനെ അവസാനമായി ഒരു നോക്കുകാണാൻ കാത്തിരുന്നത്.
അതേസമയം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണം നേരിടുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ കണ്ണൂരില്‍ പ്രതിഷേധം ശക്തമാകുകയാണ്. ദിവ്യക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. നവീന്‍ ബാബുവിന്റെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.ദിവ്യയുടെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു.
കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നവീന്‍ ബാബുവിനെ ചൊവ്വാഴ്ച കാലത്താണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചത്.
പെട്രോള്‍ പമ്പിന് എന്‍ ഒ സി നല്‍കാന്‍ എ ഡി എം വഴി വിട്ട് പ്രവര്‍ത്തിച്ചു എന്നാണ് ദിവ്യ ആരോപിച്ചത്. ഇതിന്റെ വിവരങ്ങള്‍ തന്റെ കൈവശമുണ്ടെന്നും വേണ്ടിവന്നാല്‍ പുറത്തുവിടുമെന്നും ദിവ്യ പറഞ്ഞിരുന്നു.