Uae
ജനുവരി 17 പ്രതിരോധശേഷി, ഐക്യദാർഢ്യ ദിനം
യമനിലെ ഹൂത്തി വിമതർ രാജ്യത്തെ ആക്രമിച്ച ദിനത്തെ അടയാളപ്പെടുത്തുന്നതിനാണിത്
അബൂദബി|ജനുവരി 17 പ്രതിരോധശേഷി, ഐക്യദാർഢ്യ ദിനമായി യു എ ഇ പ്രഖ്യാപിച്ചു. യമനിലെ ഹൂത്തി വിമതർ രാജ്യത്തെ ആക്രമിച്ച ദിവസത്തെ ഓർമിക്കുന്നതാണ് ദിനാചരണം. 2022ൽ ഈ ദിവസം, ഹൂത്തികൾ മുസഫ്ഫ ഐക്കാഡ് 3ലെയും അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു നിർമാണ മേഖലയിലെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യംവച്ച് ആക്രമണം നടത്തി. ആക്രമണത്തിൽ മൂന്ന് പെട്രോളിയം ടാങ്കറുകൾ പൊട്ടിത്തെറിച്ചു. മൂന്ന് സിവിലിയന്മാർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഹൂത്തികൾ ഏറ്റെടുത്തിരുന്നു.
ജനുവരി 17 യു എ ഇയിലെ ജനങ്ങളുടെ ശക്തി, പ്രതിരോധശേഷി, ഐക്യദാർഢ്യം എന്നിവ ഓർമിക്കുന്ന ദിവസമാണെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ പറഞ്ഞു. നമ്മുടെ രാഷ്ട്രം എല്ലാ മനുഷ്യവർഗത്തിനും ഐക്യത്തിന്റെയും സൗഹാർദത്തിന്റെയും ഒരു ദീപസ്തംഭമായി എന്നും നിലനിൽക്കട്ടെയെന്നും ഭാവി തലമുറകൾക്ക് കൈമാറാൻ ഒന്നിച്ച് മുന്നേറുമെന്ന് അദ്ദേഹം പറഞ്ഞു.
ജനുവരി 17ന്, യു എ ഇയിലെ പൗരന്മാരിലും താമസക്കാരിലും ഐക്യം, വിശ്വസ്തത, ഐക്യദാർഢ്യം, ധീരത എന്നിവയുടെ വികാരങ്ങൾ ഓർമിക്കപ്പെടുമെന്ന് ദുബൈ ഭരണാധികാരിയും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പറഞ്ഞു. ത്യാഗം, ദാനം, സമർപ്പണം എന്നിവയുടെ നമ്മുടെ ശാശ്വത മൂല്യങ്ങൾ നമുക്കും ഭാവി തലമുറകൾക്കും ഒരു വഴികാട്ടിയായി യു എ ഇ തുടരും. സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവയുടെ ഒരു സങ്കേതമായി രാജ്യം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
ജനുവരി 17ന് യു എ ഇയിലെ ജനങ്ങൾ തങ്ങളുടെ ഐക്യത്തിന്റെ ശക്തി ലോകത്തിന് മുന്നിൽ തെളിയിച്ചുവെന്നും ഈ നാടിനോടുള്ള സ്‌നേഹത്തിന്റെ മാന്യമായ മാതൃകയാണ് അവർ അവതരിപ്പിച്ചതെന്നും ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പറഞ്ഞു.
അൽ നഖീൽ സ്ട്രീറ്റ്
ജനുവരി 17ന് നടന്ന ഹൂത്തി ഡ്രോൺ ആക്രമണത്തിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച്, ഖലീഫ സിറ്റിയിലെ അൽ അസാഈൽ സ്ട്രീറ്റിന്റെ പേര് “അൽ നഖീൽ സ്ട്രീറ്റ്’ എന്നാക്കി മാറ്റുന്നതായി അബൂദബി മുനിസിപ്പാലിറ്റി ഗതാഗത വകുപ്പ് അറിയിച്ചു. ധീരത, മഹാമനസ്‌കത, മറ്റുള്ളവരെ സഹായിക്കുന്നതിനായി ബുദ്ധിമുട്ടുകൾ സഹിക്കാനുള്ള കഴിവ് എന്നിവയെ സൂചിപ്പിക്കുന്നതാണ് അൽ നഖീൽ എന്നത് കൊണ്ട് വിവക്ഷിക്കുന്നത്.