UP Election 2022
ജാട്ടുകൾ പറയുന്നു, ഇനിയും തരൂ...
ഒന്നാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ഉത്തർപ്രദേശിൽ മുസ്‌ലിം, ജാട്ട് വോട്ടുകളാണ് പ്രധാനം. മുസാഫർനഗർ, മീററ്റ്, ബാഗ്പത്, ബുലന്ദ് ഷഹർ, ശാംലി, മഥുര, ആഗ്ര ഉൾപ്പെടെ 58 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ്. ഡൽഹി, ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളോട് ചേർന്ന ഈ പ്രദേശങ്ങളിൽ മുസ്്ലിംകളെ പോലെ ജാട്ട് വിഭാഗങ്ങൾക്കും ശക്തമായ സ്വധീനമുണ്ട്.
എല്ലാ സമുദായങ്ങൾക്കും മതിയായ പ്രാതിനിധ്യം നൽകുമെന്ന് പ്രഖ്യാപിച്ചാണ് മീററ്റിലെ ദബ്ത്തുവയിൽ പരിവർത്തൻ സന്ദേശ് റാലി നടത്തി എസ് പി- ആർ എൽ ഡി സഖ്യം ഉറപ്പിച്ചത്. എന്നാൽ, സംസ്ഥാനത്തെ കർഷക പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത് തങ്ങളായിരുന്നിട്ടും സഖ്യത്തിൽ മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് ജാട്ട് നേതാക്കൾ പറയുന്നു. ജാട്ട് ശക്തികേന്ദ്രമായ ബാഗ്പത് പാർലിമെന്റ്മണ്ഡലത്തിൽപ്പെട്ട സിവൽഖാസ് മണ്ഡലത്തെ ചൊല്ലിയാണ് പ്രധാനമായും പ്രശ്‌നം ഉയരുന്നത്. വീതം വെപ്പിൽ ഈ മണ്ഡലം സമാജ്്വാദി പാർട്ടിക്കാണ് ലഭിച്ചത്. അവർ ഗുലാം മുഹമ്മദിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെ ചൊല്ലിയാണ് ഭിന്നത ഉടലെടുത്തത്. എസ് പി സ്ഥാനാർഥിക്കെതിരെ വോട്ട് ചെയ്യുമെന്ന് ആർ എൽ ഡി പ്രവർത്തകരും ജാട്ട് സമുദായ നേതാക്കളും പരസ്യമായി പ്രഖ്യാപിച്ചു.
സമീപ മണ്ഡലങ്ങളായ സർധാനയിലും ഹസ്തിനപുരിലും സമാനമായ പ്രശ്‌നം ഉയരുന്നു. ജാട്ട് സമുദായംഗങ്ങളായ മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംഗ്, അദ്ദേഹത്തിന്റെ മകൻ അജിത് സിംഗ് എന്നിവർ പാർലിമെന്റിൽ പ്രതിനിധാനം ചെയ്ത മണ്ഡലമാണ് ബാഗ്പത്. ആർ എൽ ഡി അധ്യക്ഷൻ ജയന്ത് സിംഗിന്റെ മുത്തച്ഛനും പിതാവുമാണ് ചൗധരി ചരൺ സിംഗും അജിത് സിംഗും.
കർഷക പ്രക്ഷോഭത്തിലൂടെ ബി ജെ പിക്കെതിരെ ഉണ്ടാക്കിയെടുത്ത പൊതുവികാരം പ്രദേശത്താകെ പടർന്നിരിക്കുന്നുവെന്നാണ് ആർ എൽ ഡി പ്രവർത്തകരുടെ പ്രതിഷേധങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ആർ എൽ ഡിയിലെ ജാട്ട് നേതാക്കളായ സുനിൽ റോഹ്ത, രാജ്കുമാർ സാംഗ്വാൻ, യശ്്വീർ സിംഗ് എന്നിവർ സിവാൽഖാസ് മണ്ഡലത്തിൽ സ്ഥാനാർഥിയാകാൻ കുപ്പായം തുന്നിയിരുന്നു.
എന്നാൽ, സീറ്റിൽ എസ് പിയുടെ നറുക്ക് വീഴുകയും മുഹമ്മദ് ഗുലാമിനെ സ്ഥാനാർഥിയാക്കുകയുമായിരുന്നു. ആർ എൽ ഡിക്കുള്ളിൽ പ്രശ്‌നം രൂക്ഷമാകുന്നതായി ഗുലാം മുഹമ്മദ് സമ്മതിക്കുന്നു. തനിക്ക് സ്ഥാനാർഥിത്വം ലഭിച്ചില്ലെങ്കിൽ ഇതേ വികാരം തങ്ങളുടെ ആളുകളിൽ നിന്നുമുണ്ടാകുമെന്നും ഗുലാം പറയുന്നു. ജാട്ട് സമുദായ നേതാക്കൾ കർഷക പ്രക്ഷോഭത്തിൽ സജീവമായിരുന്നു എന്നത് ശരിയാണ്. എന്നാൽ, മുസ്‌ലിം കർഷകരും അവരെ പൂർണമായി പിന്തുണച്ചിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.
2012ൽ ഗുലാം മുഹമ്മദാണ് ഇവിടെ നിന്ന് ജയിച്ചത്. 2017ൽ ബി ജെ പി സ്ഥാനാർഥി ജിതേന്ദ്ര പാൽ സിംഗ് ഈ സീറ്റ് പിടിച്ചെടുത്തു. ആർ എൽ ഡിയുടെ രവീന്ദ്ര റാണ 2002ൽ ഇവിടെ നിന്ന് ജയിച്ചിരുന്നു. 2007ൽ ബി എസ് പിയാണ് ഈ സീറ്റ് സ്വന്തമാക്കിയത്. മതിയായ സീറ്റുകൾ ലഭിച്ചില്ലെന്ന് ആർ എൽ ഡി പ്രവർത്തകരായ മുസ്‌ലിംകൾ കുറ്റപ്പെടുത്തുന്നുണ്ട്. ജാട്ട് സമുദായത്തിന് മതിയായ പ്രാതിനിധ്യം നൽകിയില്ലെങ്കിൽ അത് ബി ജെ പിക്ക് ഗുണം ചെയ്യുമെന്നാണ് ഇവർ പറയുന്നത്. ഒന്ന് രണ്ട് മണ്ഡലങ്ങളെ ചൊല്ലിയുള്ള പ്രശ്‌നം മേഖലയാകെ ബാധിക്കുമോയെന്ന ആശങ്ക എസ് പി- ആർ എൽ ഡി സഖ്യത്തിൽ പ്രകടമാണ്.