Connect with us

Kerala

കളമശ്ശേരിയില്‍ മഞ്ഞപ്പിത്ത കേസുകള്‍ കൂടുന്നു; ഒരാഴ്ചക്കിടെ രോഗം സ്ഥിരീകരിച്ചത് 28 പേര്‍ക്ക്

10 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.

Published

|

Last Updated

കൊച്ചി|കളമശ്ശേരി നഗരസഭയില്‍ കൂടുതല്‍ പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഒരാഴ്ചക്കിടെ 28 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 10 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. പ്രതിരോധ ബോധവല്‍ക്കരണ നടപടികള്‍ നഗരസഭ ഊര്‍ജിതമാക്കി. ജില്ലയിലെ കുടിവെള്ള സ്രോതസുകളിലെ പരിശോധനയ്ക്ക് ജില്ലാ ഭരണകൂടം ഉത്തരവിട്ടു.

വൃത്തിഹീനമായ സാഹചര്യം കണക്കിലെടുത്ത് നഗരസഭാ പരിധിയിലെ അഞ്ച് ഭക്ഷണ ശാലകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കി. നഗരത്തിലെ ചില കൂള്‍ബാറുകള്‍ വഴി രോഗം പടര്‍ന്നതായും സംശയമുണ്ട്. കടകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ മൂന്ന് ബേക്കറികളും രണ്ട് തട്ടുകടയും പൂട്ടാന്‍ നഗരസഭ നിര്‍ദ്ദേശം നല്‍കി.

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനത്തെപ്പോലെ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. എറണാകുളം വെങ്ങൂരില്‍ 180 പേര്‍ക്ക് മഞ്ഞപിത്തം പിടിപെട്ട സംഭവത്തില്‍ പഞ്ചായത്ത് അധികൃതര്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെ കണ്ട് നിലവില്‍ പഞ്ചായത്തിലെ സാഹചര്യം നിയന്ത്രണ വിധേയമാണെന്ന് അറിയിച്ചു. രോഗബാധിതര്‍ക്ക് സര്‍ക്കാര്‍ ധനസഹായം ഉറപ്പാക്കുമെന്നാണ് ലഭിക്കുന്ന വിവരം.

വേങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ മഞ്ഞപ്പിത്തം വ്യാപിച്ചിരുന്നു. തുടര്‍ന്ന്  പ്രദേശവാസികള്‍ക്ക് ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു. രോഗലക്ഷണങ്ങളുളളവര്‍ക്ക് ചികിത്സ നല്‍കുകയും കൂടുതല്‍ പേരിലേക്ക് രോഗം പടരാതിരിക്കാനുള്ള ശ്രമങ്ങളും ആരോഗ്യവകുപ്പ് സ്വീകരിച്ചിരുന്നു.

 

 

 

Latest