Connect with us

Editorial

മഞ്ഞപ്പിത്തം: ആരോഗ്യ വകുപ്പ് ആലസ്യം വിട്ടുണരണം

മഞ്ഞപ്പിത്തം എല്ലാ വര്‍ഷവും പിടിപെടാറുണ്ടെങ്കിലും അത്ര തീവ്രമാകാറില്ല. ഇത്തവണ തീവ്രമാണ് പലയിടങ്ങളിലും. ഒരു വീട്ടില്‍ ഒരംഗത്തിനു ബാധിച്ചാല്‍ മുഴുവന്‍ അംഗങ്ങളിലേക്കും രോഗം പകരുന്നു. ടോയ്‌ലറ്റ് വഴിയാണ് വീടുകളില്‍ രോഗം പകരുന്നതെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.

Published

|

Last Updated

പൂര്‍വോപരി വ്യാപകവും തീവ്രവുമാണ് ഈ വര്‍ഷം മഞ്ഞപ്പിത്ത രോഗബാധ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രോഗപ്പകര്‍ച്ച റിപോര്‍ട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ഈ വര്‍ഷം ഇതിനകം 6,123 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മഞ്ഞപ്പിത്തമെന്ന് സംശയിക്കുന്ന 17,067 കേസുകള്‍ വേറെയുമുണ്ട്. രോഗം സ്ഥിരീകരിച്ച കേസുകളില്‍ 61 പേരും മഞ്ഞപ്പിത്തം സംശയിക്കുന്ന കേസുകളില്‍ 17 പേരും മരണപ്പെട്ടു. തളിപ്പറമ്പിലെ ഒരു വ്യാപാര കുടുംബത്തില്‍ സഹോദരങ്ങളായ രണ്ട് പേരുടെ മരണമാണ് ഒടുവിലത്തേത്. രോഗം കണ്ടെത്തി വിദഗ്ധ ചികിത്സ ലഭ്യമാക്കിയിട്ടും പെട്ടെന്ന് മൂര്‍ച്ഛിക്കുകയും മരണം സംഭവിക്കുകയും ചെയ്തതില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ആശങ്കാകുലരാണ്. നിലവില്‍ കണ്ണൂരിലാണ് രോഗവ്യാപനം കൂടുതല്‍. ജില്ലയില്‍ ഈ വര്‍ഷം 800ലേറെ പേര്‍ക്ക് രോഗം ബാധിച്ചതായാണ് കണക്ക്. തൊട്ടടുത്ത കാസര്‍കോട് ജില്ലയിലും രോഗം പടര്‍ന്നു കൊണ്ടിരിക്കുന്നു.

പിത്താശയക്കല്ല്, മലേറിയ, മുഴകള്‍ തുടങ്ങി മഞ്ഞപ്പിത്ത ബാധക്ക് വിവിധ കാരണങ്ങളുണ്ടെങ്കിലും മലിന ജലത്തിന്റെ ഉപയോഗവും ശുചിത്വക്കുറവും മൂലം പകരുന്ന ഹെപ്പറ്റൈറ്റിസ് എ ഇനത്തില്‍പ്പെട്ട മഞ്ഞപ്പിത്തമാണ് സംസ്ഥാനത്ത് കൂടുതലായും കണ്ടുവരുന്നത്. ശുചിത്വ കേരളമെന്നവകാശപ്പെടുന്ന സംസ്ഥാനത്തിന് കനത്ത നാണക്കേടാണിത്. മഞ്ഞപ്പിത്തം എല്ലാ വര്‍ഷവും പിടിപെടാറുണ്ടെങ്കിലും അത്ര തീവ്രമാകാറില്ല. ഇത്തവണ തീവ്രമാണ് പലയിടങ്ങളിലും. ഒരു വീട്ടില്‍ ഒരംഗത്തിനു ബാധിച്ചാല്‍ മുഴുവന്‍ അംഗങ്ങളിലേക്കും രോഗം പകരുന്നു. ടോയ്‌ലറ്റ് വഴിയാണ് വീടുകളില്‍ രോഗം പകരുന്നതെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ടോയ്‌ലറ്റ് ഉപയോഗിച്ച ശേഷം കൈകാലുകള്‍ സോപ്പുപയോഗിച്ചോ മറ്റോ നന്നായി കഴുകുകയാണ് ടോയ്‌ലറ്റ് വഴിയുള്ള രോഗപ്പകര്‍ച്ച ഒഴിവാക്കാനുള്ള മാര്‍ഗം.

മലയാളിയുടെ ജീവിത ശൈലിയില്‍ വന്ന മാറ്റമാണ് സംസ്ഥാനത്തെ മിക്ക പകര്‍ച്ചവ്യാധികള്‍ക്കും കാരണം. മഞ്ഞപ്പിത്തത്തിന്റെ വ്യാപനത്തിന്റെ കാരണവും മറ്റൊന്നല്ല. വീട്ടില്‍ നിന്ന് ഭക്ഷണം പാകം ചെയ്ത് ആഹരിക്കുന്ന ശീലം ഉപേക്ഷിച്ച് പുറത്ത് ഹോട്ടലുകളില്‍ നിന്നോ ഫാസ്റ്റ്ഫുഡ്-തട്ടുകടകളില്‍ നിന്നോ ഭക്ഷണം കഴിക്കുന്നവരാണ് നല്ലൊരു പങ്കും. അതേസമയം, വെള്ളത്തിന്റെ കാര്യത്തിലും ഭക്ഷണം പാകം ചെയ്യുന്ന ജീവനക്കാരുടെ കാര്യത്തിലും ശുചിത്വവും വൃത്തിയും ഉറപ്പ് വരുത്തുന്നവരല്ല പല ഹോട്ടലുടമകളും. വണ്ടികളില്‍ വില്‍പ്പനക്കെത്തുന്ന വെള്ളമാണ് മിക്ക കടയുടമകളും പാചകാവശ്യത്തിന് ഉപയോഗിക്കുന്നതും ഉപഭോക്താക്കള്‍ക്ക് കുടിക്കാന്‍ നല്‍കുന്നതും. പൊതുജലാശയത്തില്‍ നിന്നാണ് വണ്ടിക്കാര്‍ വെള്ളം ശേഖരിക്കുന്നത്. കലര്‍പ്പില്ലാത്തതും പ്രത്യക്ഷത്തില്‍ ശുദ്ധമെന്ന് തോന്നിക്കുന്നതുമായ ഇത്തരം ജലത്തില്‍, സമീപത്തുള്ള സെപ്റ്റിക് ടാങ്കില്‍ നിന്നോ വൃത്തിഹീനമായ ചുറ്റുപാടുകളില്‍ നിന്നോ എത്തിച്ചേര്‍ന്ന രോഗവാഹകരായ അണുക്കളുടെ സാന്നിധ്യമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് ഭക്ഷണത്തിലൂടെയോ കുടിവെള്ളത്തിലൂടെയോ ശരീരത്തിലെത്താന്‍ ഇടയാകുന്നു. ശുദ്ധമല്ലാത്ത ജലം കൊണ്ട് നിര്‍മിക്കുന്ന ഐസ് ഉപയോഗിക്കുന്നതും രോഗബാധക്ക് കാരണമാണ്. തളിപ്പറമ്പില്‍ കഴിഞ്ഞ ദിവസം മഞ്ഞപ്പിത്തം ബാധിച്ചു മരിച്ച സഹോദരങ്ങള്‍ക്ക് ഹോട്ടല്‍ ഭക്ഷണത്തിലൂടെയാണ് രോഗം പകര്‍ന്നതെന്നാണ് റിപോര്‍ട്ട്.

ഗ്രാമീണ മേഖലയിലെ കിണറുകളടക്കം കേരളത്തിലെ കുടിവെള്ള സ്രോതസ്സുകളില്‍ 70 ശതമാനത്തിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്നാണ് ജല അതോറിറ്റിയുടെ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിന്റെ കണ്ടെത്തല്‍. സംസ്ഥാന വ്യാപകമായി നാല് ലക്ഷത്തില്‍ പരം ജല സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 2.80 ലക്ഷം സാമ്പിളുകളും കോളിഫോം ബാക്ടീരിയ മൂലം മലിനമാണെന്നു കണ്ടെത്തി. ഏപ്രില്‍ 2021-മാര്‍ച്ച് 2022 കാലയളവിലായിരുന്നു പരിശോധന. സെപറ്റിക് മാലിന്യം മാത്രമല്ല, ഇലകളും മറ്റും കിണറുകളില്‍ വീഴുന്നതും കോളിഫോം ബാക്ടീരിയകളുണ്ടാക്കും. ബാക്ടീരിയ കലര്‍ന്നാലും ജലത്തിന്റെ നിറത്തിനോ മണത്തിനോ വ്യത്യാസം വരണമെന്നില്ല. ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ അവയുടെ സാന്നിധ്യം കണ്ടെത്താനാകുകയുള്ളൂവെന്ന് ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം വ്യക്തമാക്കി.
കേരള സാക്ഷരതാ മിഷന്‍ 2017ല്‍ നടത്തിയ പഠനത്തില്‍ സംസ്ഥാനത്തെ ജലസ്രോതസ്സുകളില്‍ 73 ശതമാനവും മലിനമാണെന്ന് കണ്ടെത്തിയിരുന്നു. കേരള വ്യാപകമായി 58,463 കുടുംബങ്ങളുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ഹോട്ടലുകളും വ്യവസായ ശാലകളും വാഹനങ്ങള്‍ കഴുകുന്നവരുമാണ് ജലം മലിനമാക്കുന്നതെന്നാണ് മിഷന്റെ പഠന റിപോര്‍ട്ടില്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ പുറമെ നിന്ന് ഭക്ഷണം കഴിക്കുന്നവര്‍ കടകളിലെ ജലത്തിന്റെ ക്വാളിറ്റിയും, ഭക്ഷണം തയ്യാറാക്കുന്ന തൊഴിലാളികളുടെ വൃത്തിയും സംബന്ധിച്ച് അന്വേഷിച്ച് രോഗവാഹിനിയായ ഭക്ഷണമല്ല കഴിക്കുന്നതെന്ന് ഉറപ്പ് വരുത്തുന്നത് നല്ലതാണ്. തികഞ്ഞ ശ്രദ്ധയോടെ, ശുചിത്വം ഉറപ്പ് വരുത്തി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളുണ്ട് സംസ്ഥാനത്ത് ധാരാളം. അത്തരം കടകളെയായിരിക്കണം ആശ്രയിക്കേണ്ടത്.

ഭക്ഷ്യവിഭവങ്ങള്‍ വില്‍ക്കുന്ന കടകളുടെ നിലവാരവും ശുചിത്വവും ജീവനക്കാരുടെ ആരോഗ്യവും ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ കൂടി ബാധ്യതയാണ്. സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും ഹോട്ടലുകളെയും കുടിവെള്ള സ്രോതസ്സുകളെയും കര്‍ശന പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. എന്തെങ്കിലും ദുരന്തങ്ങളോ ഭീഷണമായ തോതിലുള്ള രോഗപ്പകര്‍ച്ചയോ അനുഭവപ്പെടുമ്പോള്‍ മാത്രം റെയ്ഡ് നടത്തി, ഉത്തരവാദിത്വം നിര്‍വഹിച്ചെന്നു വരുത്തുന്ന പ്രവണതയാണ് നിലവില്‍ അധികൃതരുടെ ഭാഗത്ത് നിന്ന് കാണപ്പെടുന്നത്. ഇതവസാനിപ്പിച്ച് സ്ഥിരം പരിശോധനക്കുള്ള നടപടി കൈക്കൊള്ളേണ്ടതുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ ആശ്രയിക്കുന്ന കുടിവെള്ള സ്രോതസ്സും അതിന്റെ ഗുണമേന്മയും ഉറപ്പ് വരുത്തുകയും വേണം. സംസ്ഥാനത്ത് മഞ്ഞപ്പിത്തം തീവ്രമാകാനുള്ള കാരണത്തെ സംബന്ധിച്ചുള്ള വിദഗ്ധ പഠനവും ആവശ്യമാണ്.