Kerala
കാലിക്കറ്റ് സര്‍വകലാശാല ലേഡീസ് ഹോസ്റ്റലില്‍ മഞ്ഞപ്പിത്തം; നാല് പിജി വിദ്യാര്‍ഥിനികള്‍ക്ക് രോഗം സ്ഥിരീകരിച്ചു
യൂണിവേഴ്‌സിറ്റിയിലെ ലേഡീസ് ഹോസ്റ്റലില്‍ വിവിധ ബ്ലോക്കുകളിലായി 1500ല്‍ അധികം വിദ്യാര്‍ത്ഥികള്‍ താമസിക്കുന്നുണ്ട്.
![](https://assets.sirajlive.com/2021/09/calicut-university-956x538.jpg)
കോഴിക്കോട്| കാലിക്കറ്റ് സര്‍വകലാശാലയിലെ ലേഡീസ് ഹോസ്റ്റലില്‍ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോര്‍ട്ട്. യൂണിവേഴ്‌സിറ്റിയിലെ ലേഡീസ് ഹോസ്റ്റലില്‍ വിവിധ ബ്ലോക്കുകളിലായി 1500ല്‍ അധികം വിദ്യാര്‍ത്ഥികള്‍ താമസിക്കുന്നുണ്ട്. എവറസ്റ്റ് ബ്ലോക്കിലാണ് ഇപ്പോള്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാല് പിജി വിദ്യാര്‍ഥിനികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. അറബിക് ഡിപ്പാര്‍ട്ട്മെന്റിലെ നാലു പേര്‍ക്കാണ് മഞ്ഞപ്പിത്തം പിടിപെട്ടത്. രോഗം റിപ്പോര്‍ട്ട് ചെയ്ത് ഒരാഴ്ചയോളമായിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അധികൃതര്‍ തയാറായിട്ടില്ലെന്ന ആരോപണമുണ്ട്.
അതേസമയം, കുട്ടികള്‍ക്ക് എന്തെങ്കിലും അസ്വസ്ഥതകള്‍ തോന്നിയാല്‍ അറിയിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ പറഞ്ഞു. സര്‍വകലാശാല കാമ്പസിലേക്കാവശ്യമായ വെള്ളമെത്തിക്കുന്നത് പാറക്കടവ് പുഴയില്‍ നിന്നും സര്‍വകലാശാല ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ കുളത്തില്‍ നിന്നുമാണ്. ലേഡീസ്, മെന്‍സ് ഹോസ്റ്റലുകള്‍, ക്വാര്‍ട്ടേഴ്സുകള്‍, സ്‌കൂള്‍, ഭരണകാര്യാലയം, പരീക്ഷാഭവന്‍ ഉള്‍പ്പെടെ വിവിധ ഓഫീസുകളിലേക്ക് പ്രതിദിനം 15 മുതല്‍ 20 ലക്ഷം ലിറ്റര്‍ വെള്ളം വരെയാണ് കാമ്പസില്‍ ഉപയോഗിക്കുന്നത്. എല്ലാ മാസവും ഈ വെള്ളത്തിന്റെ പരിശോധന നടത്താറുണ്ടെന്നും ഈ മാസം ആദ്യം വെള്ളം പരിശോധിച്ചിട്ടുണ്ടെന്നും സര്‍വകലാശാല എഞ്ചിനീയറിങ് വിഭാഗം വ്യക്തമാക്കി.