Connect with us

National

ജയ ഗുജറാത്ത്

മുംബൈക്കെതിരെ ഗുജറാത്തിന് ജയം • സായ് സുദർശൻ തിളങ്ങി (41 പന്തിൽ 63)

Published

|

Last Updated

അഹമ്മദാബാദ് | അഹമ്മദാബാദ് സ്റ്റേഡിയത്തിൽ വിജയം നേടാൻ മുംബൈ ഇന്ത്യൻസ് ഇനിയും കാത്തിരിക്കണം. ഐ പി എല്ലിൽ മുംബൈയെ ഗുജറാത്ത് ടൈറ്റൻസ് 36 റൺസിനു കീഴടക്കി. 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് 20 ഓവറിൽ ആറ് വിക്കറ്റിന് 160 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മുംബൈയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. 28 പന്തിൽ 48 റൺസെടുത്ത സൂര്യകുമാർ യാദവാണ് മുംബൈയുടെ ടോപ് സ്‌കോറർ.
രോഹിത് ശർമ (എട്ട്), റിയാൻ റിക്കൽടൺ (ആറ്), റോബിൻ മിൻസ് (മൂന്ന്), ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (11) എന്നിവർ നിരാശപ്പെടുത്തി. ഗുജറാത്തിനായി മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 196 റൺസെടുത്തത്. തുടർച്ചയായി രണ്ടാം അർധ സെഞ്ച്വറി നേടിയ സായ് സുദർശന്റെ ബാറ്റിംഗാണ് (41 പന്തിൽ 63) ഗുജറാത്തിന് മികച്ച സ്‌കോർ സമ്മാനിച്ചത്.
രണ്ട് സിക്‌സും നാല് ബൗണ്ടറിയും ഉൾപ്പെടുന്നതായിരുന്നു സായിയുടെ ഇന്നിംഗ്‌സ്. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (27 പന്തിൽ 38), ജോസ് ബട്്‌ലർ (24 പന്തിൽ 39) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറർമാർ.
ഓപണിംഗ് വിക്കറ്റിൽ സായിയും ഗില്ലും ചേർന്ന് നൽകിയ തകർപ്പൻ തുടക്കം മുതലെടുക്കാൻ പിന്നീടെത്തിയ ബാറ്റർമാർക്ക് കഴിഞ്ഞില്ല. പവർപ്ലേയിൽ 66 റൺസ് നേടിയ സഖ്യം 8.3 ഓവറിൽ 78 റൺസ് നേടിയാണ് പിരിഞ്ഞത്.

ഗില്ലിനെ പുറത്താക്കി ഹാർദിക് പാണ്ഡ്യയാണ് കൂട്ടുകെട്ട് പൊളിച്ചത്. രണ്ടാം വിക്കറ്റിൽ 32 പന്തിൽ 51 റൺസ് നേടി സായ്- ബട്‌ലർ സഖ്യം മുന്നേറവേ ബട്്‌ലറെ മുജീബുർറഹ്്മാൻ പുറത്താക്കി. ഷാരൂഖ് ഖാനെ (ഒമ്പത്) പാണ്ഡ്യ തിലക് വർമയുടെ കൈകളിലെത്തിച്ചു.
176ൽ സായ് വീണു. ട്രെന്റ് ബോൾട്ടിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയായിരുന്നു മടക്കം. 18 റൺസെടുത്ത ഷെർഫാൻ റൂഥർഫോർഡിന് മാത്രമാണ് പിന്നീട് രണ്ടക്കം കാണാനായത്. രാഹുൽ തെവാട്ടിയ (പൂജ്യം), റാശിദ് ഖാൻ (ആറ്), സായ് കിഷോർ (ഒന്ന്) എന്നിങ്ങനെയായിരുന്നു മറ്റ് ബാറ്റർമാരുടെ സംഭാവന.
കഗിസോ റബാഡ ഏഴ് റൺസെടുത്ത് പുറത്താകാതെ നിന്നു. മുംബൈക്ക് വേണ്ടി ഹാർദിക് പാണ്ഡ്യ രണ്ട് വിക്കറ്റെടുത്തു.
ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ അരങ്ങേറ്റ മത്സരത്തിൽ തിളങ്ങിയ മലയാളി താരം വിഘ്നേഷ് പുത്തൂർ ഇല്ലാതെയാണ് മുംബൈ കളിക്കാനിറങ്ങിയത്.

Latest