jayasurya
നെല്ലിന്റെ സംഭരണവില നൽകാത്ത കേന്ദ്ര സർക്കാറിനെ ജയസൂര്യ വിമർശിക്കാത്തത് ഭീരുത്വമെന്ന് എ ഐ വൈ എഫ്
'വസ്തുതകൾ മനസ്സിലാക്കാതെ സിനിമയിലെ പോലെ കൈയടി കിട്ടാൻ എന്തും വിളിച്ച് പറയുന്നത് ശരിയല്ല'.
തിരുവനന്തപുരം | നെല്ല് സംഭരണത്തിന് കർഷകർക്ക് പണം നൽകുന്നില്ലെന്ന നടൻ ജയസൂര്യയുടെ പരാമർശം അപഹാസ്യമാണെന്ന് സി പി ഐ യുവജന വിഭാഗമായ എ ഐ വൈ എഫ്. സുഹൃത്തായ കൃഷ്ണപ്രസാദ് പറഞ്ഞത് കേട്ട് സർക്കാറിനെ വിമർശിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ജയസൂര്യ വസ്തുതകൾ പഠിക്കാതെയുള്ള പ്രസംഗമാണ് നടത്തിയത്. കേരള സർക്കാർ കർഷകരിൽ നിന്ന് നെല്ല് സംഭരിക്കുന്നത് രാജ്യത്തിന്റെ റേഷനിംഗ് സംവിധാനത്തിന് വേണ്ടിയാണ്. അതായത് കേന്ദ്രം സംസ്ഥാനങ്ങളിലെ റേഷൻ വിതരണത്തിന് നൽകേണ്ട അരിവിഹിതത്തിന് വേണ്ടി. ഇതിന്റെ പണം നൽകേണ്ടത് കേന്ദ്രമാണ്. 20.40 രൂപ കേന്ദ്രവും 7.80 രൂപ കേരളവും നൽകുന്നു. കേരളം നൽകുന്നത് പോലെ തുക നൽകുന്ന രീതി രാജ്യത്തെ മറ്റൊരു സംസ്ഥാനത്തുമില്ലെന്ന് എ ഐ വൈ എഫ് പ്രസ്താവനയിൽ അറിയിച്ചു.
അടുത്ത വർഷം മുതൽ കേന്ദ്രത്തിന്റെ പണത്തിന് കാത്ത് നിൽക്കാതെ കേരളം തന്നെ കർഷകർക്ക് നൽകാനുള്ള തുക നൽകാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് കഴിഞ്ഞെന്നും കേന്ദ്രം നൽകിയില്ലെങ്കിൽ നെല്ല് സംഭരിക്കുമ്പോൾ തന്നെ കർഷകന് പണം നൽകുമെന്നും മന്ത്രിമാർ വ്യക്തമാക്കിയിട്ടുണ്ട്. വസ്തുതകൾ മനസ്സിലാക്കാതെ സിനിമയിലെ പോലെ കൈയടി കിട്ടാൻ എന്തും വിളിച്ച് പറയുന്നത് ശരിയല്ല. നെല്ല് സംഭരണത്തിന് കേരളത്തിന്റെ വിഹിതം പൂർണമായും കർഷകർക്ക് നൽകി. ഇനി നൽകാനുള്ളത് കേന്ദ്ര വിഹിതമാണ്. പുതിയ സിനിമയുടെ പ്രമോഷനു വേണ്ടിയുള്ള മുതലക്കണ്ണീരാണ് കർഷക സ്നേഹമെന്ന പേരിൽ ജയസൂര്യ ഒഴുക്കുന്നതെന്നും എ ഐ വൈ എഫ് പറഞ്ഞു.