National
ജെബി മേത്തറുടെ ഇരട്ട പദവി അംഗീകരിക്കാനാവില്ല; എംപിമാര്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് കത്തയച്ചു
സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായ പലരെയും തഴയുന്നതാണ് ഭാരവാഹി പട്ടികയെന്നാരോപിച്ചാണ് 9 എംപിമാര്‍ കോണ്‍ഗ്രസ് അധ്യക്ഷന് പരാതി നല്‍കിയത്.
ന്യൂഡല്‍ഹി| ഭാരവാഹി പട്ടികയുമായി ബന്ധപ്പെട്ട് മഹിളാ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഭാരവാഹി പട്ടികക്കെതിരെ ഒന്‍പത് എംപിമാര്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് കത്തയച്ചു. ജെബി മേത്തറുടെ ഇരട്ട പദവി അംഗീകരിക്കാനാവില്ലെന്ന് എം.പിമാര്‍ പറഞ്ഞു.
മഹിളാകോണ്‍ഗ്രസിന്റെ നാല് വൈസ് പ്രസിഡന്റുമാരെയും 18 ജനറല്‍ സെക്രട്ടറിമാരെയും 14 ജില്ലാ പ്രസിഡന്റുമാരെയും പ്രഖ്യാപിച്ചുള്ള പട്ടിക പുറത്തുവന്നതിനു ശേഷമാണ് സംഘടനക്കുള്ളില്‍ കൂട്ടപരാതി ഉയര്‍ന്നത്. സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായ പലരെയും തഴയുന്നതാണ് ഭാരവാഹി പട്ടികയെന്നാരോപിച്ചാണ് 9 എംപിമാര്‍ കോണ്‍ഗ്രസ് അധ്യക്ഷന് പരാതി നല്‍കിയത്.
ഒരാള്‍ക്ക് ഒരുപദവി എന്നത് റായ്പുര്‍ ചിന്തന്‍ ശിബിരത്തിലും കോഴിക്കോട് ചിന്തന്‍ ശിബിരത്തിലും അംഗീകരിച്ചതാണ്. എന്നാല്‍ എം.പിയായ ജെബി മേത്തര്‍ അധ്യക്ഷയായി തുടരുന്നതിനാല്‍ ഈ തീരുമാനം അട്ടിമറിക്കപ്പെട്ടു.
മഹിളാ കോണ്‍ഗ്രസിന്റ കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതായിരുന്നു എന്ന് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. ഇരട്ട പദവിയില്‍ അഭിപ്രായം പറയാനില്ലെന്നും ഷാനി മോള്‍ ഉസ്മാന്‍ വ്യക്തമാക്കി.