up election
ഗുണ്ടകളെ നേരിടാന്‍ ആവശ്യം ജെ സി ബിയും ബുള്‍ഡോസറും; എസ് പിക്കും ബി എസ് പിക്കുമെതിരെ യോഗി
സമാജ് വാദി പാര്‍ട്ടിയുടെ തൊപ്പി നിഷ്‌കളങ്കരായ രാമ ഭക്തരുടെ രക്തത്താല്‍ ചുവന്നിരിക്കുകയാണെന്നും യോഗി പറഞ്ഞു. മുസഫര്‍ നഗര്‍ കലാപകാലത്ത് അറുപതിലേറെ ഹിന്ദുക്കള്‍ കൊല്ലപ്പെടുകയും 1500ലേറെ ഹിന്ദുക്കളെ എസ് പി സര്‍ക്കാര്‍ ജയിലിലടച്ചുവെന്നും യോഗി ആരോപിച്ചു
ബാഗ്പഥ് | പലസമയങ്ങളിലായി ഉത്തര്‍പ്രദേശില്‍ അധികാരത്തിലുണ്ടായിരുന്ന അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിക്കെതിരേയും മായാവതിയുടെ നേതൃത്വത്തിലുള്ള ബി എസ് പിക്കെതിരേയും വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് ബി ജെ പി മുഖ്യമന്ത്രി സ്ഥാനാര്‍ഥി യോഗി ആദിത്യനാഥ്. 2017ന് മുമ്പ് സംസ്ഥാനത്ത് പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ പോലും കഴിഞ്ഞിരുന്നില്ലെന്ന് യോഗി പറഞ്ഞു.
2017ന് മുമ്പ് സംസ്ഥാനത്തെ ക്രമസമാധാന നില എങ്ങനെയായിരുന്നു എന്ന് ചോദിച്ച യോഗി അന്ന് യു പിയിലെ സ്ത്രീകളുടെ നില അപകടത്തിലായിരുന്നു. പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ കൂടി സാധിക്കുമായിരുന്നില്ല. എന്നാല്‍, ഈ അവസരങ്ങളിലൊക്കെ ആണ്‍കുട്ടികളായാല്‍ തെറ്റ് ചെയ്യും എന്നതായിരുന്നു മുലായംസിംഗ് യാദവിന്റെ മറുപടി. ഇവര്‍ യുവാക്കളോടും സ്ത്രീകളോടും കാരുണ്യം കാട്ടിയില്ലെന്നും യോഗി ആരോപിച്ചു.
യു പിയില്‍ ബി എസ് പിയും എസ് പിയും തമ്മില്‍ മത്സരമാണ്. ഏറ്റവും വലിയ ക്രമിനലുകള്‍ക്ക് ആരാണ് സ്ഥാനാര്‍ഥിത്വം നല്‍കുക എന്നതാണ് മത്സരം. ഈ ക്രമിനിലുകള്‍ എം എല്‍ എമാരായാല്‍ പൂക്കളല്ല, തോക്കുകളആണ് ഇല്ലാതാക്കുക. ഇവര്‍ക്കൊക്കെ ഒറ്റ മറുപടിയേ ഉള്ളു. അത് ജെ സി ബിയും ബുള്‍ഡോസറുമാണെന്നും യോഗി പറഞ്ഞു.
മുസഫര്‍ നഗര്‍ കലാപകാലത്ത് അറുപതിലേറെ ഹിന്ദുക്കള്‍ കൊല്ലപ്പെടുകയും 1500ലേറെ ഹിന്ദുക്കളെ എസ് പി സര്‍ക്കാര്‍ ജയിലിലടച്ചുവെന്നും യോഗി ആരോപിച്ചു. ഇതാണ് സമാജ് വാദി പാര്‍ട്ടിയുടെ വ്യക്തിത്വം. അവരുടെ തൊപ്പി നിഷ്‌കളങ്കരായ രാമ ഭക്തരുടെ രക്തത്താല്‍ ചുവന്നിരിക്കുകയാണെന്നും യോഗി പറഞ്ഞു.
തിരഞ്ഞെടുപ്പിനോട് അടുക്കുമ്പോള്‍ തീവ്രവിഭാഗീയ നിലപാടിലേക്കാണ് ബി ജെ പി ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് വ്യക്തമായ സൂചന നല്‍കുന്നതാണ് യോഗിയുടെ പ്രസ്താവന. വിവിധ ഘട്ടങ്ങളിലായി പ്രചരണം നടത്തിയ പ്രധാനമന്ത്രി പിന്മാറിയതോടെ ഇവിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇപ്പോള്‍ ഇവിടെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണ്.