Connect with us

National

ജെ ഡി എസ്-എന്‍ ഡി എ സഖ്യം; പിണറായിക്കെതിരായ ദേവഗൗഡയുടെ പ്രസ്താവനയെ തള്ളി യെച്ചൂരി

'ജെ ഡി എസില്‍ നടക്കുന്ന കാര്യങ്ങളെല്ലാം ദേവഗൗഡക്ക് അറിയില്ലെന്നാണ് ഇതില്‍ നിന്ന് മനസിലാക്കാനാകുന്നത്.'

Published

|

Last Updated

ന്യൂഡല്‍ഹി | ജെ ഡി എസ്-ബി ജെ പി സഖ്യവുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരെ ജെ ഡി എസ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ നടത്തിയ പ്രസ്താവനയോട് പ്രതികരിച്ച് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സഖ്യം പിണറായി വിജയന്റെ സമ്മതേത്താടെയാണെന്ന ദേവഗൗഡയുടെ പരാമര്‍ശം അസംബന്ധമാണെന്നും അതില്‍ യാതൊരു വാസ്തവവുമില്ലെന്നും യെച്ചൂരി പറഞ്ഞു. ജെ ഡി എസില്‍ നടക്കുന്ന കാര്യങ്ങളെല്ലാം ദേവഗൗഡക്ക് അറിയില്ലെന്നാണ് ഇതില്‍ നിന്ന് മനസിലാക്കാനാകുന്നത്.

കര്‍ണാടകത്തില്‍ ബി ജെ പിയുമായി സഖ്യമുണ്ടാക്കുന്നതില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ ലഭിച്ചുവെന്നായിരുന്നു ദേവഗൗഡയുടെ വെളിപ്പെടുത്തല്‍. പാര്‍ട്ടി കേരള ഘടകവും സഖ്യ നീക്കത്തെ പിന്തുണച്ചതായി ദേവഗൗഡ പറഞ്ഞു. ബി ജെ പിയുമായി സഖ്യമുണ്ടാക്കിയതിനെതിരെ ശക്തമായി രംഗത്തെത്തിയ സി എം ഇബ്‌റാഹിമിനെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കിയത് അറിയിച്ചു കൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തിലായിരുന്നു പിണറായിക്കും സി പി എമ്മിനുമെതിര ദേവഗൗഡ രംഗത്തെത്തിയത്. പ്രസ്താവന ആയുധമാക്കി യു ഡി എഫ് നേതൃത്വം സി പി എമ്മിനെതിരെ ആക്രമണം തുടങ്ങിയ സാഹചര്യത്തിലാണ് യെച്ചൂരിയുടെ പ്രതികരണം.

എന്നാല്‍, ദേവഗൗഡയുടെ പ്രസ്താവന തീര്‍ത്തും തെറ്റാണെന്നാണ് ജെ ഡി എസ് സംസ്ഥാന നേതൃത്വത്തിന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയന്‍ ദേവഗൗഡയുമായി യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് സംസ്ഥാനത്തെ ജെ ഡി എസ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ജെ ഡി എസ് കേരള ഘടകത്തിന് ദേവഗൗഡയുടെ എന്‍ ഡി എ ബന്ധത്തിനോട് പൂര്‍ണമായ വിയോജിപ്പാണുള്ളത്. ഗാന്ധിജിയുടെയും ലോഹ്യയുടെയും ആശയങ്ങളാണ് ഞങ്ങള്‍ പിന്തുടരുന്നതെന്നും അത് എന്‍ ഡി എക്ക് എതിരാണെന്നും കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. മാത്രമല്ല, എന്‍ ഡി എ സഖ്യത്തില്‍ ഇല്ലെന്ന് താനും മാത്യു ടി തോമസും ദേവഗൗഡയെ കണ്ട് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ദേവഗൗഡ പറഞ്ഞത് തെറ്റിദ്ധാരണയോ പ്രായാധിക്യം കാരണമുള്ള പ്രശ്‌നമോ ആകാം ദേവഡൗഡയുടെ പ്രസ്താവനക്കു പിന്നിലെന്ന് ജെ ഡി എസ് സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി തോമസും പ്രതികരിച്ചു. പ്രസ്താവന പൂര്‍ണമായും തള്ളിക്കളയുകയാണ്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നത് അസംഭവ്യമായ കാര്യങ്ങളാണെന്നും നേരത്തെ എടുത്ത തീരുമാനങ്ങള്‍ക്ക് ഘടകവിരുദ്ധമായ പ്രഖ്യാപനമാണ് ദേവഗൗഡയുടേതെന്നും മാത്യു ടി തോമസ് പറഞ്ഞു.

 

Latest