jds kerala
ജെ ഡി എസ് കേരള ഘടകം പൂതിയ പാര്‍ട്ടി രൂപീകരിക്കുന്നു; ജോസ് തെറ്റയില്‍ അധ്യക്ഷനായേക്കും
അയോഗ്യത ഭീഷണി ഒഴിവാക്കാനായി മന്ത്രി കെ കൃഷ്ണന്‍കുട്ടിയും മാത്യു ടി തോമസും പുതിയ പാര്‍ട്ടിയില്‍ ഭാരവാഹിത്വം ഏറ്റെടുക്കില്ല
തിരുവനന്തപുരം | ജെ ഡി എസ് ദേശീയ നേതൃത്വത്തിന്റെ ബി ജെ പി ബന്ധവും ഇപ്പോള്‍ കര്‍ണാടകയില്‍ പാര്‍ട്ടി അകപ്പെട്ട ലൈംഗിക ആരോപണങ്ങളും കണക്കിലെടുത്ത് കേരള ഘടകം സ്വന്തം വഴി തേടുന്നു.
കേന്ദ്ര നേതൃത്വത്തെ തള്ളി പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കത്തിലാണ് കേരള ഘടകം. മുന്‍ മന്ത്രി ജോസ് തെറ്റയിലിനെ അധ്യക്ഷനാക്കി പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതു സംബന്ധിച്ചാണു നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നത്. അയോഗ്യത ഭീഷണി ഒഴിവാക്കാനായി മന്ത്രി കെ കൃഷ്ണന്‍കുട്ടിയും മാത്യു ടി തോമസും പുതിയ പാര്‍ട്ടിയില്‍ ഭാരവാഹിത്വം ഏറ്റെടുക്കില്ല.
കേന്ദ്ര നേതൃത്വത്തിന്റ ബി ജെ പി ബന്ധത്തെ തുടര്‍ന്ന് കേരളത്തില്‍ ജെ ഡി എസ് ഇടഞ്ഞു നില്‍ക്കുകയായിരുന്നു. പുതിയ പാര്‍ട്ടിയുണ്ടാക്കാനുള്ള നീക്കങ്ങള്‍ക്ക് കഴിഞ്ഞ ദിവസം ചേര്‍ന്ന നേതൃയോഗം അനുമതി നല്‍കി. കേരള ജനതദള്‍, സോഷ്യലിസ്റ്റ് ജനത കേരള തുടങ്ങിയ പേരുകളാണ് പരിഗണനയിലുള്ളതെന്നു നേതാക്കള്‍ പറഞ്ഞു.
സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ അധ്യക്ഷന്‍മാരുടെയും യോഗത്തില്‍ ജോസ് തെറ്റയില്‍ ആധ്യക്ഷനാകണമെന്ന നിര്‍ദ്ദേശമാണ് ഉയര്‍ന്നത്. പുതിയ സംസ്ഥാന പാര്‍ട്ടി രൂപീകരിച്ച ശേഷം ഏതെങ്കിലും ദേശീയ പാര്‍ട്ടിയില്‍ ചേരുകയോ കേരളത്തിലെ ആര്‍ ജെ ഡിയില്‍ ലയിക്കുകയോ ചെയ്യുന്ന കാര്യങ്ങള്‍ പരിശോധിച്ചേക്കും. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള ദേശീയ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയാവും തുടര്‍ നീക്കങ്ങള്‍.
ജെ ഡി എസ് കേന്ദ്ര ബന്ധം ഒഴിവാക്കുമ്പോള്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെയും പാര്‍ട്ടി പ്രസിഡന്റ് മാത്യു ടി തോമസിന്റെയും നിയമസഭ അംഗത്വവും സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിധികളുടെ അംഗത്വവും കൂറുമാറ്റ നിരോധന നിയത്തിന്റെ ഭീഷണിയില്‍ വരുമോ എന്ന ആശങ്ക പാര്‍ട്ടിക്കുണ്ട്. ഇതെല്ലാം പരിഗണിച്ച് നിയമക്കുരുക്കുകള്‍ ഒഴിവാക്കി മുന്നോട്ടു പോകാനുള്ള നീക്കമാണ് നടക്കുന്നത്.