editorial
ആയുധ സഹായത്തില്‍ ഉടക്കി ജെ ഡി യു
ഗസ്സയില്‍ നിരപരാധികളെ ഇസ്‌റാഈല്‍ നിഷ്ഠുരമായി വധിച്ചു കൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തിലെങ്കിലും മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കേണ്ടതാണ് മോദി സര്‍ക്കാര്‍. എന്‍ ഡി എയിലെ ഒരു ഘടക കക്ഷിയെങ്കിലും ഈ വഴിക്ക് ചിന്തിച്ചത് ആശ്വാസകരം.
ഇസ്‌റാഈലിന് ഇന്ത്യ ആയുധം നല്‍കുന്നതില്‍ കേന്ദ്ര ഭരണസഖ്യമായ എന്‍ ഡി എയില്‍ ഭിന്നത. ഗസ്സയില്‍ അതിക്രൂരമായ നരഹത്യ നടത്തിക്കൊണ്ടിരിക്കുന്ന ഇസ്‌റാഈലിന് ആയുധം നല്‍കുന്നത് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ തയ്യാറാക്കിയ പ്രസ്താവനയില്‍ ഒപ്പുവെച്ച് കൊണ്ടാണ് ജെ ഡി യു വക്താവും എം പിയുമായ കെ സി ത്യാഗി ഈ വിഷയത്തില്‍ മോദി സര്‍ക്കാറിനോടുള്ള വിയോജിപ്പ് പ്രകടമാക്കിയത്. ഡല്‍ഹിയില്‍ ലീഗ് ഓഫ് പാര്‍ലിമെന്റേറിയന്‍സ് അല്‍ഖുദ്‌സ് സെക്രട്ടറി ജനറല്‍ മുഹമ്മദ് മക്‌റം ബലാവിയുമായുള്ള കൂടിക്കാഴ്ചയില്‍ ത്യാഗിയും പങ്കെടുത്തിരുന്നു. തുടര്‍ന്നായിരുന്നു സംയുക്ത പ്രസ്താവന.
ലോകം കണ്ട ഏറ്റവും വലിയ ക്രൂരതയാണ് ഫലസ്തീനിലെ ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിവരുന്നത്. സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം നാല്‍പ്പതിനായിരത്തിലേറെ ഫലസ്തീനികളാണ് ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഇതിനകം കൊല്ലപ്പെട്ടത്. അഭയാര്‍ഥി ക്യാമ്പുകളില്‍ വരെ ബോംബിംഗ് നടത്തിക്കൊണ്ടിരിക്കുകയാണ് ജൂത സൈന്യം. ഈജിപ്ത് തലസ്ഥാനമായ കൈറോവില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുമ്പോഴും കൂട്ടക്കുരുതി തുടരുകയാണ് ഗസ്സയില്‍. ഇതിനെതിരെ ആഗോള സമൂഹം ശക്തമായി പ്രതിഷേധിച്ചു വരുന്നു. ഇസ്‌റാഈലിന് സര്‍വവിധ പിന്തുണയും നല്‍കുന്ന അമേരിക്കയിലും ബ്രിട്ടനിലുമെല്ലാം കൂറ്റന്‍ പ്രതിഷേധ റാലിയാണ് അരങ്ങേറുന്നത്. “നാം നില്‍ക്കേണ്ടത് നിസ്സഹായരായ ഫലസ്തീന്‍ ജനതക്കൊപ്പമാണ്. നരവേട്ടക്കാര്‍ക്കൊപ്പമല്ല’ എന്ന മുദ്രാവാക്യവുമായി ലണ്ടനില്‍ പാര്‍ലിമെന്റ്അംഗങ്ങള്‍ പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ചു വരുന്നു.
ഈയൊരു ഘട്ടത്തിലാണ് ഇന്ത്യ ഇസ്‌റാഈലിന് ആയുധങ്ങള്‍ നല്‍കി അവരുടെ പൈശാചികതക്ക് ശക്തിപകരുന്നത്. ഹൈദരാബാദില്‍ നിര്‍മിച്ച അത്യാധുനിക ഹെര്‍മിസ് 900 ഡ്രോണുകള്‍, പീരങ്കി ഷെല്ലുകള്‍ തുടങ്ങിയ ആയുധങ്ങളാണ് ഇന്ത്യ നല്‍കിയതെന്ന് ഇസ്‌റാഈലിലെ വൈനെറ്റ് ന്യൂസുമായുള്ള അഭിമുഖത്തില്‍ ഇന്ത്യയിലെ മുന്‍ ഇസ്‌റാഈല്‍ അംബാസഡര്‍ ഡാര്‍ണിയല്‍ കാര്‍മണ്‍ വെളിപ്പെടുത്തി. 1994ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ആയുധങ്ങള്‍ നല്‍കി ഇസ്‌റാഈല്‍ ഇന്ത്യയെ പിന്തുണച്ചതിന് പ്രത്യുപകാരമായാണ് തിരിച്ച് ഇസ്‌റാഈലിന് ആയുധങ്ങള്‍ നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കാര്‍ഗില്‍ യുദ്ധത്തില്‍ ഡ്രോണുകളുള്‍പ്പെടെയുള്ള യുദ്ധോപകരണങ്ങളാണ് ഇസ്‌റാഈല്‍ ഇന്ത്യക്ക് നല്‍കിയത്. അന്ന് ഇന്ത്യക്ക് ആയുധങ്ങള്‍ നല്‍കിയ ചുരുക്കം രാഷ്ട്രങ്ങളിലൊന്നാണ് ഇസ്‌റാഈലെന്നും ഡാര്‍ണിയല്‍ കാര്‍മണ്‍ ഓര്‍മിക്കുന്നു.
ആദ്യകാലത്ത് ഫലസ്തീനിനെ പൂര്‍ണമായി പിന്തുണക്കുകയും ഫലസ്തീന്‍ വെട്ടിമുറിച്ച് ജൂതരാഷ്ട്രം സ്ഥാപിക്കുന്നതില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്ത രാജ്യമാണ് ഇന്ത്യ. ഫലസ്തീന്‍ വിഭജനത്തിന് അംഗീകാരം നല്‍കിയ 1947 സെപ്തംബറിലെ ഐക്യരാഷ്ട്ര സഭാ പ്രമേയത്തിനെതിരെ വോട്ട് ചെയ്ത 13 രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു. സ്വതന്ത്ര രാഷ്ട്രത്തിന് വേണ്ടിയുള്ള ഫലസ്തീനിന്റെ പോരാട്ടത്തിന് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ പി എല്‍ ഒയുടെ ഓഫീസ് തുടങ്ങാന്‍ 1975ല്‍ ഇന്ത്യ അനുമതി നല്‍കുകയും, 1998ല്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുകയും ചെയ്തു. ഫലസ്തീന് ആദ്യമായി അംഗീകാരം നല്‍കിയ അറബേതര രാജ്യം ഇന്ത്യയായിരുന്നു.
ഇസ്‌റാഈലുമായി അകലം പാലിച്ചിരുന്ന ഇന്ത്യ, നരസിംഹ റാവു സര്‍ക്കാറിന്റെ കാലത്താണ് അവരുമായി അടുക്കാന്‍ തുടങ്ങിയതും ഔപചാരിക നയതന്ത്രബന്ധം സ്ഥാപിച്ചതും. ആര്‍ എസ് എസിന്റെ പ്രമുഖ നേതാവായിരുന്ന മധുകര്‍ ദത്താത്രയ ദേവറസിന്റെ ഉപദേശ പ്രകാരമാണ് നരസിംഹ റാവു ഇസ്‌റാഈലുമായി നയതന്ത്രബന്ധം സ്ഥാപിച്ചതെന്നാണ് പറയപ്പെടുന്നത്. വാജ്പയ് സര്‍ക്കാറിന്റെ ഘട്ടത്തില്‍ ആ ബന്ധം വളരുകയും മോദിയുടെ ഭരണത്തില്‍ സുദൃഢമാകുകയും ചെയ്തു. ഐക്യരാഷ്ട്ര സഭയില്‍ ഇസ്‌റാഈലിനെതിരായ പ്രമേയങ്ങളില്‍ വോട്ട് ചെയ്യാതെ ഇന്ത്യ വിട്ടുനില്‍ക്കാന്‍ തുടങ്ങിയത് കേന്ദ്രത്തില്‍ ബി ജെ പി അധികാരത്തില്‍ വന്ന ശേഷമാണ്.
ഇസ്‌റാഈലിന് ഒരു രാജ്യവും ആയുധം നല്‍കരുതെന്ന ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിയുടെ പ്രമേയത്തിനും പിന്തുണ നല്‍കാതെ മാറിനില്‍ക്കുകയായിരുന്നു ഇന്ത്യ.
ബന്ധം വളര്‍ന്ന് ഇന്നിപ്പോള്‍ ശക്തമായ ആയുധ വ്യാപാര പങ്കാളികളായി മാറിയിരിക്കുന്നു ഇന്ത്യയും ഇസ്‌റാഈലും. 2022ലെ കണക്കനുസരിച്ച് ഇസ്‌റാഈലില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതാണ് ഇന്ത്യ. ഇസ്‌റാഈല്‍ കയറ്റുമതി ചെയ്യുന്ന ആയുധങ്ങളുടെ 42 ശതമാനവും സ്വീകരിക്കുന്നത് ഇന്ത്യയാണ്. സ്റ്റോക്‌ഹോം പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്ക് പ്രകാരം 2012-2022 കാലത്ത് 37 ബില്യന്‍ ഡോളറിന്റെ ആയുധങ്ങള്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട് ഇസ്‌റാഈല്‍. രാജ്യത്തെ ഹിന്ദുത്വ ഫാസിസ്റ്റുകള്‍ കാലങ്ങളായി ഇസ്‌റാഈലിന് പിന്തുണ നല്‍കിവരുന്നുണ്ട്. ഫലസ്തീന്‍ ഒരു പൂര്‍ണ ജൂത രാഷ്ട്രമാകണമെന്നാഗ്രഹിക്കുകയും അത് തുറന്നു പറയുകയും ചെയ്തവരാണ് ഹിന്ദുത്വ ഫാസിസ്റ്റുകള്‍. 1920ല്‍ വി ഡി സവര്‍ക്കര്‍ എഴുതി, “സയണിസ്റ്റ് സ്വപ്‌നങ്ങള്‍ എന്നെങ്കിലും സാക്ഷാത്കരിക്കപ്പെട്ടാല്‍- ഫലസ്തീന്‍ ഒരു ജൂത രാഷ്ട്രമായി മാറിയാല്‍- ജൂതന്മാരെ പോലെ നമ്മെയും അത് സന്തോഷിപ്പിക്കും’.
ഫലസ്തീന്‍-ഇസ്‌റാഈല്‍ നയത്തില്‍ മഹാത്മാ ഗാന്ധിയും ആദ്യകാല നേതാക്കളും സ്വീകരിച്ചിരുന്ന നയത്തിന് കടകവിരുദ്ധമാണ് ഇസ്‌റാഈലുമായുള്ള നിലവിലെ ഊഷ്മള ബന്ധം. ഗസ്സയില്‍ നിരപരാധികളെ ഇസ്‌റാഈല്‍ നിഷ്ഠുരമായി വധിച്ചു കൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തിലെങ്കിലും മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കേണ്ടതാണ് മോദി സര്‍ക്കാര്‍. എന്‍ ഡി എയിലെ ഒരു ഘടക കക്ഷിയെങ്കിലും ഈ വഴിക്ക് ചിന്തിച്ചത് ആശ്വാസകരം.