Saudi Arabia
പി.എം മായിന്‍കുട്ടിക്ക് ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം യാത്രയയപ്പ് നല്‍കി
നാട്ടിലെത്തിയാലും സ്വന്തം ഓണ്‍ലൈന്‍ പത്രത്തിലൂടെ മാധ്യമ പ്രവര്‍ത്തനം തുടരുമെന്ന് അദ്ദേഹം അറിയിച്ചു
ജിദ്ദ | രണ്ടര പതിറ്റാണ്ടു കാലത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മലയാളം ന്യൂസ് ലേഖകനും ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം മുന്‍ പ്രസിഡന്റുമായിരുന്ന പി.എം മായിന്‍കുട്ടിക്ക് ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം യാത്രയയപ്പ് നല്‍കി. പ്രസിഡന്റ് സാദിഖലി തുവ്വൂര്‍ ആദരവ് ഫലകവും വൈസ് പ്രസിഡന്റ് ജാഫറലി പാലക്കോട് സ്‌നേഹോപഹാരവും കൈമാറി.
ഹസന്‍ ചെറൂപ്പ, ജലീല്‍ കണ്ണമംഗലം, കബീര്‍ കൊണ്ടോട്ടി, ഗഫൂര്‍ കൊണ്ടോട്ടി, ബിജു രാമന്തളി, ഇബ്രാഹിം ഷംനാട്, നാസര്‍ കരുളായി, ഗഫൂര്‍ മമ്പുറം എന്നിവര്‍ സംസാരിച്ചു. മാധ്യമ പ്രവര്‍ത്തനമെന്നത് കേവലം ഒരു ജോലി എന്നതിനപ്പുറം ഒരു സാമൂഹിക പ്രവര്‍ത്തനം കൂടിയാണെന്ന് പ്രവൃത്തി കൊണ്ട് തെളിയിച്ചയാളായിരുന്നു പി.എം മായിന്‍കുട്ടി എന്നും ഫോറത്തിന് നല്‍കിയ പിന്തുണയും പുതുതായി മാധ്യമ പ്രവര്‍ത്തന മേഖലയിലേക്ക് കടന്നുവന്നവര്‍ക്ക് അദ്ദേഹം നല്‍കിയ പ്രോത്സാഹനവും പരിശീലനവുമെല്ലാം സംസാരിച്ചവര്‍ പ്രത്യേകം എടുത്തുപറഞ്ഞു.
നേരത്തെ വര്‍ഷങ്ങളോളം നാട്ടില്‍ മാധ്യമപ്രവര്‍ത്തന മേഖലയില്‍ ഉണ്ടായിരുന്നെങ്കിലും 25 വര്‍ഷക്കാലത്തെ ജിദ്ദയിലെ പ്രവര്‍ത്തനമാണ് മാനസികമായി തനിക്ക് സംതൃപ്തി നല്‍കിയതെന്നും ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം സഹപ്രവര്‍ത്തകര്‍ നല്‍കിയ പിന്തുണക്കും സഹകരണത്തിനും പ്രത്യേകം നന്ദി പറയുന്നതായും മറുപടി പ്രസംഗത്തില്‍ പി.എം മായിന്‍കുട്ടി പറഞ്ഞു.
നാട്ടിലെത്തിയാലും സ്വന്തം ഓണ്‍ലൈന്‍ പത്രത്തിലൂടെ മാധ്യമ പ്രവര്‍ത്തനം തുടരുമെന്നും അദ്ദേഹം അറിയിച്ചു. അദ്ദേഹത്തിന്റെ പത്‌നി സുജയും മീഡിയ ഫോറം സൗഹൃദ കൂട്ടായ്മയില്‍ നിന്നും ലഭിച്ച സ്‌നേഹത്തിന് നന്ദി പറഞ്ഞു.
ജിദ്ദ മന്തി വേള്‍ഡ് റെസ്റ്റാറന്റില്‍ നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സുല്‍ഫീക്കര്‍ ഒതായി സ്വാഗതവും ട്രഷറര്‍ സാബിത് സലിം നന്ദിയും പറഞ്ഞു.