Connect with us

gcc summit

ജിദ്ദ സുരക്ഷാ വികസന ഉച്ചകോടിക്ക് പരിസമാപ്തി

ഇറാനോട് കൂടുതൽ സഹകരിക്കണമെന്നും പ്രാദേശിക കാര്യങ്ങളിൽ ഇടപെടരുതെന്നും കിരീടാവകാശി ആവശ്യപ്പെട്ടു.

Published

|

Last Updated

ജിദ്ദ | അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മിഡിൽ ഈസ്റ്റ് സന്ദർശനത്തിന്റെ ഭാഗമായി നടത്തിയ ജിദ്ദ സുരക്ഷാ വികസന ഉച്ചകോടിക്ക് പരിസമാപ്തി. വെള്ളിയാഴ്ച ദ്വിദിന സഊദി സന്ദർശനത്തിനെത്തിയ ബൈഡൻ ഭരണാധികാരി സൽമാൻ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായും കൂടിക്കാഴ്ച നടത്തുകയും സുരക്ഷാ ഉച്ചകോടിയിൽ പങ്കെടുക്കുകയും ചെയ്‌തു.

പ്രതിദിന എണ്ണ ഉത്പാദന ശേഷി 13 ദശലക്ഷം ബാരലായി സഊദി ഉയർത്തുമെന്നും ഉത്പാദനം വർധിപ്പിക്കാനുള്ള അധിക ശേഷി ഇല്ലെന്നും യു എസ്- അറബ് ഉച്ചകോടിയിയിൽ സഊദി കിരീടാവകാശി പറഞ്ഞു. ലോകം അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾ, പ്രത്യേകിച്ച് കാലാവസ്ഥാ വ്യതിയാനം, പാരീസ് ഉടമ്പടി, സുസ്ഥിര വികസനം കൈവരിക്കുന്നതിന് അവ യാഥാർഥ്യബോധത്തോടെയും ഉത്തരവാദിത്തത്തോടെയും കൈകാര്യം ചെയ്യേണ്ടത് ആവശ്യമാണെന്നും കാർബൺ പുറന്തള്ളുന്നതിൽ നെറ്റ് ന്യൂട്രാലിറ്റിയിലെത്താനാണ് സഊദി അറേബ്യ ശ്രമിക്കുന്നതെന്നും മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. ഉദ്ഘാടന പ്രസംഗത്തിൽ ഇറാനോട് കൂടുതൽ സഹകരിക്കണമെന്നും പ്രാദേശിക കാര്യങ്ങളിൽ ഇടപെടരുതെന്നും കിരീടാവകാശി ആവശ്യപ്പെട്ടു.

മിഡിൽ ഈസ്റ്റിൽ അമേരിക്ക  സജീവ പങ്കാളിയായി തുടരുമെന്ന് പറഞ്ഞാണ് ജോ ബൈഡൻ പ്രസംഗം ആരംഭിച്ചത്. ഗൾഫ് രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ മേഖലയുടെ നല്ല ഭാവി കെട്ടിപ്പടുക്കുന്നതിൽ അമേരിക്ക കൂടുതൽ നിക്ഷേപം നടത്തും. ഇറാനെ ആണവായുധങ്ങൾ നേടുന്നതിൽ നിന്ന് തടയാനുള്ള അമേരിക്കയുടെ പ്രതിബദ്ധതയും ബൈഡൻ സ്ഥിരീകരിച്ചു. യെമനിൽ രാഷ്ട്രീയ പരിഹാരത്തിനായി സഊദി അറേബ്യയുമായും ഒമാനുമായും യു എസ് പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

യു എ ഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ്, ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് കോപ്പറേഷൻ അഫയേഴ്‌സ് ഉപപ്രധാനമന്ത്രി സയ്യിദ് അസദ് ബിൻ താരിഖ് അൽ സൈദ്, കുവൈത്ത് കിരീടാവകാശി മിശാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, ഖത്വര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി, ബഹ്‌റൈൻ കിരീടാവകാശി ശൈഖ് സൽമാൻ ബിൻ ഹമദ്, ഒമാൻ ഉപപ്രധാനമന്ത്രിയും സുൽത്താന്റെ പ്രത്യേക പ്രതിനിധിയുമായ സയ്യിദ് അസദ് ബിൻ താരിഖ് അൽ സെയ്ദ്, ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമി, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി, ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ എന്നിവർ ഉച്ചകോടിയിൽ പങ്കെടുത്തു. അതിനിടെ, ദ്വിദിന സന്ദർശനം പൂർത്തിയാക്കി അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ സഊദിയിൽ  നിന്ന് യാത്ര തിരിച്ചു.

Latest