Kerala
ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടം: മരണം മൂന്നായി
പന്നിയാർകുട്ടി പള്ളിക്ക് സമീപം എത്തിയപ്പോൾ നിയന്ത്രണം വിട്ട ജീപ്പ് നൂറടിത്താഴ്ചയിലേക്ക് മറിയുകയായിരുന്നു

ഇടുക്കി | പന്നിയാര്‍കുട്ടിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ജീപ്പിലുണ്ടായിരുന്ന മൂന്ന് പേരും മരിച്ചു. കായികതാരം കെ എം ബീനമോളുടെ സഹോദരി റീന (48), ഭര്‍ത്താവ് പന്നിയാര്‍കുട്ടി ഇടിയോടിയില്‍ ബോസ് (55), ജീപ്പ് ഓടിച്ചിരുന്ന ബന്ധു കൂടിയായ പന്നിയാർകുട്ടി തട്ടപ്പിള്ളിയിൽ അബ്രാഹം (50) എന്നിവരാണ് മരിച്ചത്.
നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഇന്നലെ രാത്രി 11.30 ഓടെയാണ് കൊക്കയിലേക്ക് മറിഞ്ഞത്. രണ്ട് പേർ സംഭവ സ്ഥലത്തും അബ്രഹാം പുലർച്ചെ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. പന്നിയാർകുട്ടി പുതിയ പാലത്തിനു സമീപമാണ് ബോസും ഭാര്യയും താമസിക്കുന്നത്. മുല്ലക്കാനത്ത് ബന്ധുവീട്ടിൽ പോയി തിരികെ വരികയായിരുന്നു. പന്നിയാർകുട്ടി പള്ളിക്ക് സമീപം എത്തിയപ്പോൾ നിയന്ത്രണം വിട്ട ജീപ്പ് നൂറടിത്താഴ്ചയിലേക്ക് മറിയുകയായിരുന്നു. സംഭവം നടന്ന സ്ഥലം കുത്തനെയുള്ള ഇറക്കവും റോഡിന് വീതി കുറഞ്ഞ പ്രദേശവുമാണ്.
മൂന്ന് പേരുടെയും മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.