Kerala
കല്‍പ്പറ്റ വാഹനാപകടത്തില്‍ പരുക്കേറ്റ ജെൻസൻ്റെ നില ഗുരുതരം
വയനാട് ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളെയും സഹോദരിയെയും നഷ്ടമായ ചൂരല്‍മല സ്വദേശി ശ്രുതിയുടെ പ്രതിശ്രുത വരനാണ് ജെന്‍സന്‍.
കല്‍പ്പറ്റ | കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ ജെന്‍സന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വയനാട് ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളെയും സഹോദരിയെയും നഷ്ടമായ ചൂരല്‍മല സ്വദേശി ശ്രുതിയുടെ പ്രതിശ്രുത വരനാണ് ജെന്‍സന്‍.തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ജെന്‍സന്‍ വെന്റിലേറ്ററിലാണ്.
കാലിന് പരുക്കേറ്റ ശ്രുതി കല്‍പറ്റയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളാരം കുന്നിലെ വളവില്‍ വെച്ച് ഇന്നലെ വൈകുന്നേരമാണ് ജെന്‍സണും ശ്രുതിയും സഞ്ചരിച്ചിരുന്ന വാന്‍ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചത്.വാനില്‍ ഉണ്ടായിരുന്ന ഏഴ് പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. ബസില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ക്കും പരുക്കുണ്ട്. സംഭവത്തില്‍ വാനിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
വയനാട്ടിലെ ചൂരല്‍മലയിലുണ്ടായ അപകടത്തില്‍ കുടംബത്തിലെ ഒമ്പതുപേരെയാണ് ശ്രുതിക്ക് നഷ്ടമായത്.കോഴിക്കോട് ജോലിസ്ഥലത്തായതിനാല്‍ ശ്രുതി രക്ഷപ്പെട്ടത്. ഡിസംബറിലാണ് ഇരുവരുടെയും വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്.