Connect with us

Kerala

ജെസ്‌ന തിരോധാന കേസ്: ലോഡ്ജ് മുന്‍ ജീവനക്കാരിയുടെ മൊഴി സി ബി ഐ രേഖപ്പെടുത്തുന്നു

മുണ്ടക്കയം ടി ബിയില്‍ വച്ചാണ് മൊഴിയെടുക്കുന്നത്.

Published

|

Last Updated

കോട്ടയം | ജെസ്‌ന തിരോധാന കേസില്‍ സി ബി ഐ മൊഴിയെടുപ്പ് തുടരുന്നു. ജെസ്‌നയെ കണ്ടതായി പറഞ്ഞ ലോഡ്ജ് മുന്‍ ജീവനക്കാരിയുടെ മൊഴിയാണ് നിലവില്‍ രേഖപ്പെടുത്തുന്നത്. മുണ്ടക്കയം ടി ബിയില്‍ വച്ചാണ് മൊഴിയെടുക്കുന്നത്. കേസ് ഏറ്റെടുത്ത കേന്ദ്ര അന്വേഷണ ഏജന്‍സി ഇന്നലെ ലോഡ്ജ് ഉടമയുടെ മൊഴിയെടുത്തിരുന്നു.

കേസില്‍ പുതിയ വെളിപ്പെടുത്തലുകളുണ്ടായ പശ്ചാത്തലത്തിലാണ് സി ബി ഐ ഇന്ന് മുണ്ടക്കയത്ത് എത്തിയത്. കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് മുണ്ടക്കയത്തെ ലോഡ്ജില്‍വെച്ച് ജെസ്‌നയെ കണ്ടിരുന്നുവെന്ന് ലോഡ്ജിലെ മുന്‍ ജീവനക്കാരി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇന്നലെ രാവിലെ ഇവരുമായി ഫോണില്‍ സംസാരിച്ച സി ബി ഐ സംഘം പ്രാഥമിക വിവരങ്ങളെല്ലാം ശേഖരിച്ചു. ജീവനക്കാരിയുടെ മൊഴിയ്ക്ക് എത്രമാത്രം വിശ്വാസ്യതയുണ്ടെന്ന് കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.

ലോഡ്ജില്‍ വെച്ച് കണ്ടത് ജെസ്‌നയെയാണെന്ന് മനസിലായത് പിന്നീട് പത്രത്തില്‍ ഫോട്ടോ കണ്ടപ്പോഴാണെന്നും ലോഡ്ജുടമയുടെ ഭീഷണിയെ തുടര്‍ന്നാണ് ഇക്കാര്യം അന്ന് വെളിപ്പെടുത്താതിരുന്നതെന്നുമാണ് ജീവനക്കാരി മാധ്യമങ്ങളോട് വ്യക്തമാക്കിയത്. അന്ന് ലോഡ്ജില്‍ ഒരു ചെറുപ്പക്കാരന്‍ ജെസ്‌നക്കൊപ്പം ഉണ്ടായിരുന്നതായും മൂന്നോ നാലോ മണിക്കൂര്‍ ഇവര്‍ അവിടെ ചെലവഴിച്ചെന്നും ജീവനക്കാരി പറഞ്ഞു.