Connect with us

National

ഝാര്‍ഖണ്ഡില്‍ വിശ്വാസ വോട്ടെടുപ്പ് ഉടന്‍ തുടങ്ങും; ഹേമന്ത് സോറനും സഭയിലെത്തി

ഹേമന്ത് സോറന്‍ അഞ്ചു ദിവസം കസ്റ്റഡിയിലാണ്. കനത്ത പോലീസ് സുരക്ഷയിലാണ് സഭയിലെത്തിയത്.

Published

|

Last Updated

റാഞ്ചി| ഝാര്‍ഖണ്ഡ് നിയമസഭയില്‍ പുതിയ മുഖ്യമന്ത്രി ചമ്പൈ സോറന്റെ വിശ്വാസ വോട്ടെടുപ്പ് ഉടന്‍ ആരംഭിക്കും. ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്ത മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറനും വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പ്രത്യേക കോടതി അനുമതി നല്‍കി. ഹേമന്ത് സോറന്‍ വോട്ടെടുപ്പിനായി സഭയിലെത്തി. ഹേമന്ത് സോറന്‍ അഞ്ചു ദിവസം കസ്റ്റഡിയിലാണ്. കനത്ത പോലീസ് സുരക്ഷയിലാണ് അദ്ദേഹം തിങ്കളാഴ്ച സഭയിലെത്തിയത്.

ഝാര്‍ഖണ്ഡിലെ 81 അംഗ സഭയില്‍ കേവലഭൂരിപക്ഷത്തിന് 41 പേരുടെ പിന്തുണയാണ് വേണ്ടത്. നിലവില്‍ 47 പേരാണു ഭരണപക്ഷത്തുള്ളത്. സഭയില്‍ ബി.ജെ.പിക്ക് 26 എം.എല്‍.എമാരും സഖ്യകക്ഷിയായ ഝാര്‍ഖണ്ഡ് സ്റ്റുഡന്റ് യൂനിയന് മൂന്നു എം.എല്‍.എമാരുമുണ്ട്. കൂടാതെ, മൂന്നു സ്വതന്ത്ര എം.എല്‍.എമാരും ബി.ജെ.പിക്കൊപ്പമാണ്. ജെ.എം.എം- 28, കോണ്‍ഗ്രസ് -16, ആര്‍ജെഡി- 1, സിപിഐ (എംഎല്‍) ലിബറേഷന്‍- 1. ഇതില്‍ ജെ.എം.എം- കോണ്‍ഗ്രസ് പക്ഷത്തെ എം.എല്‍.എമാരെ തെലങ്കാനയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു.

ഞായറാഴ്ച വൈകീട്ടാണ് ഭരണകക്ഷിയിലെ 37 എം എല്‍ എ മാര്‍ ഹൈദരാബാദില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ റാഞ്ചിയിലേക്ക് എത്തിയത്. ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട് ഹേമന്ത് സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജി വച്ചതിനെ തുടര്‍ന്ന് ജെ എം എം ന്റെയും കോണ്‍ഗ്രസിന്റെയും എം എല്‍ എ മാര്‍ ഹൈദരാബാദിലെ റിസോര്‍ട്ടിലായിരുന്നു. വിശ്വാസ വോട്ടെടുപ്പിനു മുന്നോടിയായി ബി ജെ പി തങ്ങളെ വേട്ടയാടാന്‍ ശ്രമിക്കുമെന്ന് ജെ എം എം, കോണ്‍ഗ്രസ് സഖ്യം ഭയക്കുന്നുണ്ട്.

ജനുവരി 31ന് ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ചമ്പൈ സോറന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. ഫെബ്രുവരി രണ്ടിനാണ് ജെ.എം.എം നേതാവ് ചമ്പൈ സോറന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

 

 

Latest