SANTHOSH TROPHY
ജിജോ ജോസഫ് നായകന്‍; സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു
അണ്ടര്‍ 21 ടീം അംഗങ്ങളും ഇത്തവണ ടീമില്‍ ഇടം നേടിയിട്ടുണ്ട്
കൊച്ചി | സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെ മധ്യനിര താരവും തൃശൂര്‍ സ്വദേശിയുമായ ജിജോ ജോസഫ് നയിക്കും. അണ്ടര്‍ 21 ടീം അംഗങ്ങളും ഇത്തവണ ടീമില്‍ ഇടം നേടിയിട്ടുണ്ട്. 13 പുതിയ താരങ്ങള്‍ക്കാണ് ഇത്തവണ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ സന്തോഷ് ട്രോഫി കളിക്കാനായി അവസരം നല്‍കിയിരിക്കുന്നത്.
ടീം: വി മിഥുന്‍, ഹജ്മല്‍ എസ് (ഗോള്‍കീപ്പര്‍മാര്‍). സഞ്ജു ജി, മുഹമ്മദ് ആസിഫ്, വിബിന്‍ തോമസ്, അജയ് അലക്‌സ്, മുഹമ്മദ് ഷഹീഫ്, മുഹമ്മദ് ബാസിത്ത് (പ്രതിരോധ നിര). മുഹമ്മദ് റാഷിദ്, ജിജോ ജോസഫ്, അര്‍ജുന്‍ ജയരാജ്, അഖില്‍ പി, സല്‍മാന്‍ കെ, ആദര്‍ശ് എം, ബുജൈര്‍ വി, നൗഫല്‍ പി എന്‍, നിജോ ഗില്‍ബെര്‍ട്ട്, ഷിജില്‍ എന്‍ എസ് (മധ്യനിര). ജെസിന്‍ ടി കെ, എസ് രാജേഷ്, മുഹമ്മദ് സഫ്‌നാദ്, മുഹമ്മദ് അജ്‌സല്‍ (മുന്നേറ്റ നിര).
മൂന്ന് തവണ സന്തോഷ് ട്രോഫിയില്‍ കേരളത്തെ പ്രതിനിധീകരിച്ച ജിജോ എസ് ബി ഐ താരമാണ്. ജിജോക്ക് പുറമെ ആറ് താരങ്ങള്‍ കൂടി മുമ്പ് സന്തോഷ് ട്രോഫി കളിച്ചവരാണ്. ബിനോ ജോര്‍ജ്ജാണ് ഇത്തവണയും ടീം പരിശീലകന്‍. ടി ജി പുരുഷോത്തമന്‍ സഹ പരിശീലകനായും തുടരും. ഡിസംബര്‍ ഒന്ന് മുതല്‍ അഞ്ചു വരെ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ദക്ഷിണ മേഖല യോഗ്യത റൗണ്ട് മത്സരങ്ങള്‍. ലക്ഷദ്വീപ്, പോണ്ടിച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവരാണ് കേരളത്തിനൊപ്പം ബി ഗ്രൂപ്പിലുള്ളത്. ഡിസംബര്‍ ഒന്നിന് നടക്കുന്ന ആദ്യ മത്സരത്തില്‍ കേരളം ലക്ഷദ്വീപിനെ നേരിടും. മൂന്നിന് ആന്‍ഡമാന്‍, അഞ്ചിന് പോണ്ടിച്ചേരി എന്നിങ്ങനെയാണ് മറ്റു മത്സരങ്ങള്‍.
ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാര്‍ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടും. ജനുവരിയില്‍ കോഴിക്കോടും മഞ്ചേരിയിലുമാണ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍. കഴിഞ്ഞ ഒരുമാസമായി കേരള ടീം പരിശീലനത്തിലാണ്. 2017ലാണ് കേരളം ഏറ്റവുമൊടുവില്‍ സന്തോഷ് ട്രോഫി കിരീടം നേടിയത്.