From the print
മുജാഹിദുകള്‍ക്കിടയില്‍ വീണ്ടും ജിന്ന് വിവാദം; സ്വന്തം ഗ്രൂപ്പിനെ തള്ളി ഹുസൈന്‍ മടവൂര്‍
ജിന്ന് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുമോ, ഇല്ലെ എന്നതിനെച്ചൊല്ലിയാണ് കലഹം രൂക്ഷമായിരിക്കുന്നത്.
കോഴിക്കോട് | മുജാഹിദുകള്‍ക്കിടയില്‍ വീണ്ടും ജിന്ന് വിവാദം. ജിന്ന് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുമോ, ഇല്ലെ എന്നതിനെച്ചൊല്ലിയാണ് കലഹം രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ 13ന് വെള്ളിയാഴ്ച മുജാഹിദ് പള്ളിയില്‍ നടത്തിയ പ്രസംഗത്തില്‍ കെ എന്‍ എം നേതാവ് അന്‍സാര്‍ നന്മണ്ടയാണ് വിവാദത്തിന് തുടക്കം കുറിച്ചത്. ജിന്ന് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുകയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പള്ളിയിലെ പരാമര്‍ശം.
ഇതിനെതിരെ മുജാഹിദ് പണ്ഡിത സഭയായ കേരള ജംഇയ്യത്തുല്‍ ഉലമ രംഗത്ത് വരികയും അന്‍സാര്‍ നന്മണ്ടയോട് തിരുത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഫേസ്ബുക്കിലൂടെയാണ് അന്‍സാര്‍ തിരുത്തുമായി രംഗത്തെത്തിയത്. തന്റെ അറിവില്ലായ്മ കൊണ്ടുണ്ടായ അബദ്ധമാണ് പ്രസംഗത്തില്‍ സംഭവിച്ചതെന്ന് തിരുത്ത് അറിയിച്ചുകൊണ്ടുള്ള വീഡിയോയില്‍ അദ്ദേഹം വ്യക്തമാക്കി. ജിന്ന് ബാധ പോലെ ഒരാള്‍ക്ക് അനുഭവപ്പെട്ടാല്‍ ഇസ്ലാമികമായ മന്ത്രങ്ങള്‍ ചെയ്യുകയാണ് വേണ്ടതെന്നു കൂടി അന്‍സാര്‍ അണികളെ ഉപദേശിച്ചു.
എന്നാല്‍, മുജാഹിദ് പണ്ഡിതസഭയുടെ നേതാവായ ഹുസൈന്‍ മടവൂര്‍ ജിന്ന് ബാധക്കെതിരെ രംഗത്ത് വന്നതാണ് കൗതുകമുണര്‍ത്തിയത്. ഇതോടെ ജിന്ന് വിഷയത്തില്‍ മുജാഹിദ് പണ്ഡിതസഭക്കുള്ളിലെ അഭിപ്രായ ഭിന്നത പരസ്യമായി. മനുഷ്യരില്‍ ജിന്ന് പ്രവേശിക്കുമെന്ന് പറഞ്ഞുപരത്തുന്നത് ദുരന്തമാണെന്നായിരുന്നു ഹുസൈന്‍ മടവൂരിന്റെ പക്ഷം.
അതേസമയം, ജിന്ന് പ്രവേശനം ഇല്ലെന്ന് ശക്തമായി വാദിക്കുന്ന സി ഡി ടവര്‍ മുജാഹിദ് ഗ്രൂപ്പ് അന്‍സാറിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഇസ്ലാഹി സംഗമം എന്ന പേരില്‍ ഖണ്ഡന പരിപാടികളും മറ്റും സംഘടിപ്പിച്ചുകൊണ്ടാണ് വിമര്‍ശത്തിന്റെ കൂരമ്പുകള്‍.
ഇതിനെല്ലാം പുറമെ, ജിന്ന് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുമെന്നും ഈ കാരണത്താല്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നും വിശ്വസിക്കുന്നവരാണ് വിസ്ഡം മുജാഹിദ് വിഭാഗം. ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങള്‍ പള്ളിയിലെ വെള്ളിയാഴ്ച പ്രസംഗത്തില്‍ അന്‍സാര്‍ നടത്താന്‍ പാടില്ലായിരുന്നുവെന്ന് വിസ്ഡം നേതാവ് സിറാജുല്‍ ഇസ്ലാം ബാലുശ്ശേരി പ്രതികരിച്ചു. 2002ല്‍ മുജാഹിദ് വിഭാഗം ആദ്യമായി പിളരാനുണ്ടായ കാരണങ്ങളിലൊന്ന് ജിന്ന് വിവാദമായിരുന്നു. പിന്നീട് പല തവണകളായി മുജാഹിദുകള്‍ വീണ്ടും പിളര്‍ന്നു. ആദ്യ പിളര്‍പ്പില്‍ മുജാഹിദ് നേതാവ് ഹുസൈന്‍ മടവൂര്‍ മറുപക്ഷത്തായിരുന്നുവെങ്കിലും പിന്നീട് ഔദ്യോഗിക പക്ഷത്തേക്ക് മാറി. എന്നാല്‍, നിലവിലെ ജിന്ന് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മടവൂരിന്റെ അഭിപ്രായം കെ എന്‍ എം ഔദ്യോഗിക വിഭാഗത്തിന് വിരുദ്ധമാണ്.