Connect with us

TECHNICAL EXPO

സാങ്കേതികവിദ്യ അത്ഭുത ലോകമൊരുക്കി ജൈറ്റക്‌സ് ഗ്ലോബല്‍ വരുന്നു

ഒക്ടോബര്‍ 16 മുതല്‍ 20 വരെ വേള്‍ഡ് ട്രേഡ് സെന്ററില്‍ 180 രാജ്യങ്ങളില്‍ നിന്നുള്ള 6,000 എക്സിബിറ്റര്‍മാരെയും 1,80,000 ടെക് എക്സിക്യൂട്ടീവുകളെയും അണിനിരത്തും

Published

|

Last Updated

ദുബൈ| പുതുപുത്തന്‍ സാങ്കേതിക വിദ്യകളുടെ അത്ഭുത ലോകമൊരുക്കുന്ന ജൈറ്റക്‌സ് സാങ്കേതിക പ്രദര്‍ശനവും സമ്മേളനവും ദുബൈയില്‍ അടുത്തയാഴ്ച ആരംഭിക്കും. ഒക്ടോബര്‍ 16 മുതല്‍ 20 വരെ വേള്‍ഡ് ട്രേഡ് സെന്ററില്‍ 180 രാജ്യങ്ങളില്‍ നിന്നുള്ള 6,000 എക്സിബിറ്റര്‍മാരെയും 1,80,000 ടെക് എക്സിക്യൂട്ടീവുകളെയും അണിനിരത്തിയാണ് ജൈറ്റക്‌സ് ഗ്ലോബല്‍ 43-ാമത് പതിപ്പ് അരങ്ങേറുന്നത്.

അനുബന്ധമായി ദുബൈ ചേംബര്‍ ഓഫ് ഡിജിറ്റല്‍ ഇക്കണോമി ആതിഥേയത്വം വഹിക്കുന്ന പവര്‍ഹൗസ് സ്റ്റാര്‍ട്ട്-അപ്പ് ഷോ, എക്‌സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ ഒക്ടോബര്‍ 15 മുതല്‍ 18 വരെ പുതിയ ദുബൈ ഹാര്‍ബറിലും നടക്കും. ലോകത്തിന്റെ അടുത്ത വലിയ സാങ്കേതിക മാറ്റത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന എ ഐ സാങ്കേതിക വിദ്യയുടെയും സമ്പദ്വ്യവസ്ഥയുടെയും പുതിയ യുഗം തുറന്നുനല്കുന്നതാവും പരിപാടികള്‍. രണ്ട് ഇവന്റുകളിലുമായി 2.7 ദശലക്ഷം ചതുരശ്ര അടി സ്ഥലത്താണ് പ്രദര്‍ശനം.

ലോകം എല്ലായിടത്തും എല്ലാവര്‍ക്കും മികച്ചതാണെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് പരിപാടിയിലൂടെ നടക്കുന്നതെന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ ഇക്കോണമി, റിമോട്ട് വര്‍ക്ക് ആപ്ലിക്കേഷനുകള്‍ എന്നിവയുടെ സഹമന്ത്രിയും ദുബൈ ചേംബര്‍ ഓഫ് ഡിജിറ്റല്‍ ഇക്കണോമി ചെയര്‍മാനുമായ ഉമര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഉലമ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജൈറ്റക്‌സ് ഗ്ലോബലിലൂടെ, എല്ലാവരേയും പ്രചോദിപ്പിക്കുന്നതിനും മികച്ച ഭാവി രൂപപ്പെടുത്തുന്നതിനും എ ഐയുടെ പരിവര്‍ത്തന ശക്തി ഉള്‍പ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകള്‍ പ്രദര്‍ശിപ്പിക്കാനും വിശാലമായ വേദിയാണ് തുറക്കുന്നത്. എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാറില്‍ സ്റ്റാര്‍ട്ടപ്പുകളെ അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള പരിപാടികള്‍ ഒരുക്കും.

ഇന്ത്യയ്ക്കു പുറത്ത് ഇതുവരെ ഒത്തുചേര്‍ന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ ഏറ്റവും വലിയ പ്രദര്‍ശനമായ ഇന്ത്യ സെന്‍ട്രല്‍ ഉള്‍പ്പെടെ നിരവധി സംരംഭങ്ങള്‍ ഇതിലുണ്ടാകും. ഏഷ്യാ ഫാസ്റ്റ് 100, ആഫ്രിക്ക ഫാസ്റ്റ് 100 ഇവന്റില്‍ ഓരോ ഭൂഖണ്ഡത്തില്‍ നിന്നുമുള്ള 100-ലധികം മുന്‍നിര സ്റ്റാര്‍ട്ടപ്പുകളെ കോണ്‍ഫറന്‍സുകള്‍, നെറ്റ്വര്‍ക്കിംഗ് ഇവന്റുകള്‍, സമര്‍പ്പിത മത്സരങ്ങള്‍ എന്നിവ ഒരുക്കും.

 

Latest