Connect with us

Uae

സാങ്കേതിക ലോകത്തിന്റെ അത്ഭുതങ്ങളുമായി ജൈറ്റക്‌സ് ഗ്ലോബല്‍; എക്സ്പാന്‍ഡ് നോര്‍ത്ത്സ്റ്റാര്‍ ഉദ്ഘാടനം ചെയ്തു

180 രാജ്യങ്ങളില്‍ നിന്നുള്ള 6,000 എക്സിബിറ്റര്‍മാരെയും 1,80,000 ടെക് എക്സിക്യൂട്ടീവുകളെയും അണിനിരത്തിയാണ് ഈ വര്‍ഷത്തെ പതിപ്പ് അരങ്ങേറുന്നത്.

Published

|

Last Updated

ദുബൈ | ലോകത്തിലെ ഏറ്റവും വലിയ ടെക്നോളജി ആന്‍ഡ് സ്റ്റാര്‍ട്ടപ്പ് എക്സിബിഷന്‍ ജൈറ്റക്സ് ഗ്ലോബല്‍ ദുബൈയില്‍ ആരംഭിച്ചു. 43-ാമത് എഡിഷന്‍ പുതുപുത്തന്‍ സാങ്കേതിക വിദ്യകളുടെ അത്ഭുത ലോകം തുറക്കുന്ന ജൈറ്റക്‌സ് സാങ്കേതിക പ്രദര്‍ശനവും സമ്മേളനവും ഒക്ടോബര്‍ 20 വരെ വേള്‍ഡ് ട്രേഡ് സെന്ററിലാണ് നടക്കുന്നത്. 180 രാജ്യങ്ങളില്‍ നിന്നുള്ള 6,000 എക്സിബിറ്റര്‍മാരെയും 180,000 ടെക് എക്സിക്യൂട്ടീവുകളെയും അണിനിരത്തിയാണ് ഈ വര്‍ഷത്തെ പതിപ്പ് അരങ്ങേറുന്നത്. മുന്‍ പതിപ്പിനേക്കാള്‍ 40 ശതമാനം വലുതായിരിക്കും ഇത്. ഈ വര്‍ഷത്തെ മെഗാ എക്‌സിബിഷന്‍ ‘എല്ലാറ്റിലും എ ഐ സങ്കല്‍പ്പിക്കാനുള്ള വര്‍ഷം’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

അനുബന്ധമായി ദുബൈ ചേംബര്‍ ഓഫ് ഡിജിറ്റല്‍ ഇക്കണോമി ആതിഥേയത്വം വഹിക്കുന്ന പവര്‍ഹൗസ് സ്റ്റാര്‍ട്ട്-അപ്പ് ഷോ, എക്‌സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ ഇന്നലെ ദുബൈ ഹാര്‍ബറില്‍ ആരംഭിച്ചു. ലോകത്തിലെ വളര്‍ന്നുവരുന്ന കമ്പനികള്‍ക്കായുള്ള ഏറ്റവും വലിയ എക്സിബിഷനും കോണ്‍ഫറന്‍സുമായ എക്സ്പാന്‍ഡ് നോര്‍ത്ത്സ്റ്റാര്‍ ദുബൈ ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരിയും ഉപ പ്രധാനമന്ത്രിയും ധനമന്ത്രിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. 18 വരെയാണ് ഇതുമായി ബന്ധപ്പെട്ട പരിപാടികള്‍. 1,800 ലധികം കമ്പനികള്‍ ഇവിടെ അവരുടെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങള്‍ പ്രദര്‍ശിപ്പിക്കും.

അടുത്ത തലമുറ സ്റ്റാര്‍ട്ടപ്പുകള്‍, ബില്യണ്‍ ഡോളര്‍ കമ്പനികള്‍, ലോകപ്രശസ്ത യുവ എമിറാത്തി സംരംഭകര്‍ എന്നിവരുടെ ശാക്തീകരണം ഉയര്‍ത്തിക്കാട്ടുന്ന ഗ്രൂപ്പ് ചര്‍ച്ചകള്‍ ഉള്‍പ്പെടുന്ന എമിറാത്തി എന്റര്‍പ്രണര്‍ കൗണ്‍സില്‍ ഈ പരിപാടിയില്‍ ഉള്‍പ്പെടുന്നു.

ട്രേഡ് സെന്ററിലെ അഞ്ച് ദിവസത്തെ പരിപാടിയില്‍ ആയിരക്കണക്കിന് സന്ദര്‍ശകരാണ് എത്തുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലെന്ന പോലെ കനത്ത ട്രാഫിക് ആണ് പ്രതീക്ഷിക്കുന്നത്. ട്രേഡ് സെന്ററില്‍ എത്തിച്ചേരാനുള്ള ഏറ്റവും നല്ല മാര്‍ഗം ദുബൈ മെട്രോയാണ്. ബസ്, ടാക്സി സൗകര്യങ്ങളും ലഭ്യമാണ്.

 

Latest