Kerala
ജിതിന്‍ ഷാജി വധം: പ്രചരിപ്പിക്കുന്ന പോസ്റ്റര്‍ 2021 ജൂലൈ മാസത്തിലേതെന്ന് ഡി വൈ എഫ് ഐ
'വ്യാജ പ്രചാരണങ്ങള്‍ പ്രതികളെ സഹായിക്കാന്‍.'

പത്തനംതിട്ട | റാന്നി-പെരുനാട് മഠത്തുംമൂഴിയില്‍ സി ഐ ടി യു പ്രവര്‍ത്തകന്‍ ജിതിന്‍ ഷാജി കൊല്ലപ്പെട്ട കേസില്‍ വിശദീകരണവുമായി ഡി വൈ എഫ് ഐ. പ്രതികള്‍ ഡി വൈ എഫ് ഐക്കാര്‍ ആണെന്ന വ്യാജപ്രചാരണം പ്രതികളെയും ബി ജെ പിയേയും സഹായിക്കാനാണെന്ന് സംഘടനാ ജില്ലാ സെക്രട്ടറി ബി നിസാം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബി ജെ പി-ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ള ചില മാധ്യമങ്ങളും ചില ഇടതുപക്ഷ വിരുദ്ധ സാമൂഹികമാധ്യമ കൂട്ടായ്മകളുമാണ് വ്യാജപ്രചാരണം നടത്തുന്നത്. ജിതിനെ കൊലപ്പെടുത്തിയ വിഷ്ണുവും ഡി വൈ എഫ് ഐയുമായി യാതൊരു ബന്ധവുമില്ല.
കേസന്വേഷണം ബി ജെ പി-ആര്‍ എസ് എസ് നേതാക്കളിലേക്ക് എത്തുമെന്ന് ഉറപ്പായപ്പോള്‍ ശ്രദ്ധ തിരിക്കാനാണ് വ്യാജ പ്രചാരണം നടത്തുന്നത്. കേസിലെ ഏഴാം പ്രതി മിഥുനും നാലാം പ്രതി സുമിത്തും 2021 ഏപ്രില്‍ മാസത്തിലാണ് ബി ജെ പി-ആര്‍ എസ് എസ് ബന്ധം ഉപേക്ഷിച്ച് ഡി വൈ എഫ് ഐയോടൊപ്പം എത്തിയത്. സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന പോസ്റ്റര്‍ 2021 ജൂലൈ മാസത്തിലേത് ആണ്. ഇതിനു ശേഷം ഇവര്‍ ഡി വൈ എഫ് ഐ ബന്ധം ഉപേക്ഷിച്ചു. 2023 മുതല്‍ ഡി വൈ എഫ് ഐ മഠത്തുംമൂഴി യൂണിറ്റ് സെക്രട്ടറി ആദിത്യശങ്കറും പ്രസിഡന്റ് ദീപക്കുമാണ്. ഇത് പകല്‍പോലെ സത്യമാണെന്നിരിക്കേ, ഡി വൈ എഫ് ഐയെ മനപ്പൂര്‍വം സമൂഹത്തില്‍ ഇകഴ്ത്തി കാണിക്കാനാണ് ചില മാധ്യമങ്ങള്‍ വ്യാജപ്രചാരണം നടത്തുന്നത്. ഇത് പ്രതികളേയും അവര്‍ക്ക് കൊലക്കത്തി കൈമാറുന്ന ബി ജെ പി-ആര്‍ എസ് എസ് നേതൃത്വത്തെയും രക്ഷിക്കാനുള്ള ശ്രമമാണ്.
കേസുമായി ബന്ധപ്പെട്ട് ബി ജെ പി നേതൃത്വത്തെ സഹായിക്കുന്ന നിലപാടാണ് ജില്ലയിലെ കോണ്‍ഗ്രസ്സ്, യൂത്ത് കോണ്‍ഗ്രസ്സ് നേതൃത്വത്തിന്. ബി ജെ പി നേതൃത്വത്തിന്റെ അഭിപ്രായം അതേപടി പകര്‍ത്തി പ്രചരിപ്പിക്കുകയാണ് കോണ്‍ഗ്രസ്സ്. പത്തനംതിട്ടയില്‍ ആര്‍ എസ് എസ്-ബി ജെ പി വിട്ട് നിരവധി ചെറുപ്പക്കാര്‍ നേരിന്റെ പാതയില്‍ എത്തുന്നതില്‍ വിറളിപൂണ്ട് നടത്തിയ ആക്രമണമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അക്രമത്തില്‍ പരുക്കേറ്റ ഡി വൈ എഫ് ഐ പെരുനാട് ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ടി എന്‍ വിഷ്ണുവിനെ മുമ്പും ഇവര്‍ ആക്രമിച്ചിരുന്നു. പ്രതിയുടെ ബന്ധുക്കളുടെ പ്രതികരണങ്ങള്‍ മഹത്വവത്ക്കരിച്ച് നല്‍കുന്ന മാധ്യമങ്ങള്‍ പ്രതികളെ സഹായിക്കുന്ന പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ബി നിസാം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി ബി നിസാം, ജില്ലാ ട്രഷറര്‍ എം അനീഷ്‌കുമാര്‍, സംസ്ഥാന കമ്മിറ്റയംഗം ജോബി ടി ഈശോ, പെരുനാട് ബ്ലോക്ക് സെക്രട്ടറി ജയ്‌സണ്‍ പങ്കെടുത്തു.