സാഹിത്യം
ഛത്തീസ്‌ഗഢിൽ ജ്ഞാനപീഠത്തിളക്കം
ഛത്തീസ്‌ഗഢിലെ ജ്ഞാനപീഠം നേടുന്ന ആദ്യ എഴുത്തുകാരനാണ് വിനോദ് കുമാർ ശുക്ല. അമ്പത് വർഷത്തെ സർഗജീവിതത്തിനിടയിൽ അദ്ദേഹം ഹിന്ദി സാഹിത്യമേഖലയിൽ അനന്യമായൊരു അക്ഷരപൈതൃകമാണ് സൃഷ്ടിച്ചത്. അദ്ദേഹത്തിന്റെ മിക്ക രചനകളും നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

2024ലെ ജ്ഞാനപീഠ പുരസ്‌കാരം നേടിയ വിനോദ് കുമാർ ശുക്ല ആധുനിക ഹിന്ദി എഴുത്തുകാരിൽ പ്രമുഖനാണ്. തന്റെ അമ്പത് വർഷത്തെ സർഗജീവിതത്തിനിടയിൽ അദ്ദേഹം ഹിന്ദി സാഹിത്യമേഖലയിൽ അനന്യമായൊരു അക്ഷരപൈതൃകമാണ് സൃഷ്ടിച്ചത്. ഛത്തീസ്‌ഗഢിലെ ജ്ഞാനപീഠം നേടുന്ന ആദ്യ എഴുത്തുകാരനാണ് വിനോദ് കുമാർ ശുക്ല. അദ്ദേഹത്തിന്റെ മിക്ക രചനകളും നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ഛത്തീസ്‌ഗഢിലെ റായ്പൂരിൽ 1947 ജനുവരി ഒന്നിന് ജനിച്ച വിനോദ് കുമാർ ശുക്ല മൂന്ന് നോവലുകളുടേയും അസംഖ്യം ചെറുകഥകളുടേയും കവിതകളുടേയും രചയിതാവാണ്. 1971 ൽ ആദ്യ കവിതാസമാഹാരം ലഗ്‌ബഗ് ജയ്‌ഹിന്ദ് പ്രസിദ്ധീകരിച്ചു. പ്രഥമ നോവൽ 1979 ൽ വെളിച്ചം കണ്ട നൗകർ കീ കമീസ് (The Servants Shirt ) അതേ പേരിൽ ചലച്ചിത്രമാക്കിയിട്ടുണ്ട്. ഖിലേഖ തോ ദേഖൻഗേ, ദീവാർ മേം ഏക് ഖിഡ്കി എന്നിവയാണ് മറ്റു നോവലുകൾ. ഹിന്ദി നോവലിന്റെ വികാസപരിണാമങ്ങളിൽ ഈ രചനകൾ വഹിച്ച പങ്ക് വളരെ വലുതാണ്. പേഡ് പർ കംരാ (A Room On the Tree – 1988 ), മഹാവിദ്യാലയ് എന്നിവയാണ് ഏറെ പ്രശസ്തമായ കഥാ സമാഹാരങ്ങൾ. ബാലസാഹിത്യകാരൻ എന്ന നിലയിലും ശുക്ലവിഖ്യാതനാണ്. രചനകൾ വിവിധ ഭാരതീയ, വിദേശ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. സാഹിത്യ അക്കാദമി അവാർഡ്, രസ അവാർഡ്, മുക്തിബോധ് ഫെലോഷിപ്പ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ദീവാർ മേം ഏക് ഖിഡ്കി (A Window Lived in a Wall) എന്ന നോവലിന് 1999 ൽ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
വിനോദ് കുമാർ ശുക്ലയുടെ എഴുത്തിന്റെ പ്രധാന സവിശേഷത അദ്ദേഹത്തിന്റെ ഭാഷയുടെ സുതാര്യതയും സംഗീതാത്മകതയുമാണ്. അതോടൊപ്പം ആഖ്യാനത്തിൽ അദ്ദേഹം സൃഷ്ടിക്കുന്ന വൈകാരികമായ അന്തരീക്ഷവും ഏറെ പ്രകീർത്തിക്കപ്പെട്ടിട്ടുണ്ട്. എഴുത്തിലുടനീളം പടർന്നുകിടക്കുന്ന മാജിക്കൽ റിയലിസത്തിന്റെ നിഴലുകൾ ശുക്ലയുടെ രചനകൾക്ക് നൽകുന്ന ആഖ്യാനപരമായ ചാരുത അപാരമാണ്. അദ്ദേഹത്തിന്റെ രചനകളെ രാജ്യാതിർത്തികൾ കടന്നുള്ള വായനക്ക് സജ്ജമാക്കുന്നതിൽ ഈ ഘടകങ്ങൾ വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്.
ജ്ഞാനപീഠം നേടുന്ന പന്ത്രണ്ടാമത്തെ ഹിന്ദി എഴുത്തുകാരനാണ് വിനോദ്കുമാർ ശുക്ല. വിഖ്യാത എഴുത്തുകാരി പ്രതിഭാ റോയ് അധ്യക്ഷയായ കമ്മിറ്റി എകകണ്ഠമായാണ് അമ്പത്തിയൊന്പതാമത് പുരസ്‌കാരം ശുക്ലക്ക് നൽകാൻ തീരുമാനിച്ചത്. അതാകട്ടെ റായ്പൂരിലെ ഇന്ദിരാ ഗാന്ധി അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽ അസോഷിയേറ്റ് പ്രൊഫസറായ അദ്ദേഹത്തിന് ഇന്ത്യൻ സാഹിത്യത്തിന്റെ വിശാലവും വൈവിധ്യം നിറഞ്ഞതുമായ ഭൂമികയിൽ ഛത്തീസ്‌ഗഢ് എന്ന സംസ്ഥാനത്തെ അടയാളപ്പെടുത്തുവാനുള്ള നിയോഗമായിത്തീരുകയും ചെയ്തു. ആ അർഥത്തിൽ ഈ പുരസ്‌കാരലബ്ധി തനിക്കു നൽകുന്നത് ഇരട്ടിമധുരമാണെന്നാണ് ശുക്ല പറയുന്നത്. അതേസമയം ഇത് തന്നിൽ ഏൽപ്പിച്ചിരിക്കുന്ന വലിയ ഉത്തരവാദിത്വത്തെ കുറിച്ച് താൻ ബോധവാനാണെന്നും ഈ എഴുത്തുകാരൻ പറയുന്നു.