Articles
ജെ എന്‍ യു: സെമിയില്‍ ജയിച്ച് ജനാധിപത്യം
പ്രതിപക്ഷം പ്രതീക്ഷയിലാണ്. ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും "ഇന്ത്യ' മുന്നണി യാഥാര്‍ഥ്യമായിക്കഴിഞ്ഞു. കഴിഞ്ഞ തവണ ഒറ്റക്കൊറ്റക്ക് മത്സരിച്ച മണ്ഡലങ്ങളില്‍ ഇത്തവണ ഒരുമിച്ചാണ് പ്രതിപക്ഷം. ഒറ്റ സ്ഥാനാര്‍ഥിയേ ഉള്ളൂ. പകുതിയിലധികം മണ്ഡലങ്ങളിലും ഇതാണ് സ്ഥിതി. അതൊരു പ്രതീക്ഷയാണ്. രാജ്യം കെട്ടുപോകില്ല എന്ന പ്രതീക്ഷ. നമ്മള്‍ അതിജയിക്കും എന്ന ആത്മവിശ്വാസം. ആ ആത്മവിശ്വാസത്തിന് ബലം പകര്‍ന്നിരിക്കുന്നു ജെ എന്‍ യുവിലെ വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പ് ഫലം.
“ഞങ്ങളാവശ്യപ്പെടുന്ന സ്വാതന്ത്ര്യം പട്ടിണി മരണങ്ങളില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നുമുള്ള സ്വാതന്ത്ര്യമാണ്. ചൂഷണത്തില്‍ നിന്നും അക്രമത്തില്‍ നിന്നുമുള്ള സ്വാതന്ത്ര്യമാണ്. ഈ രാജ്യത്തുള്ള ദളിതര്‍ക്കും ആദിവാസികള്‍ക്കും സ്ത്രീകള്‍ക്കും മറ്റെല്ലാവര്‍ക്കും വേണ്ടി ഞങ്ങളാ സ്വാതന്ത്ര്യം നേടിയെടുക്കും, ഇതേ വ്യവസ്ഥിതി വഴി, ഇതേ പാര്‍ലിമെന്റ് വഴി, ഇതേ നീതിന്യായ വ്യവസ്ഥിതി വഴി.’
ജെ എന്‍ യു തിളച്ചുമറിഞ്ഞ ആ നാളുകളില്‍ ജയില്‍മോചിതനായി എത്തിയ അന്നത്തെ സ്റ്റുഡന്റ്‌സ് യൂനിയന്‍ ചെയര്‍മാന്‍ കനയ്യകുമാര്‍ നടത്തിയ പ്രഭാഷണത്തില്‍ നിറഞ്ഞു നിന്നത് ഭരണകൂട ഹിംസക്കെതിരായ രോഷമായിരുന്നു. ഇടതുവിദ്യാര്‍ഥി കൂട്ടായ്മ ക്യാമ്പസില്‍ നടത്തിയ ഒരു പരിപാടിയില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കി എന്നാരോപിച്ചാണ് കനയ്യ ഉള്‍പ്പെടെ ചില നേതാക്കളെ അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹമായിരുന്നു അവര്‍ക്കുമേല്‍ ചുമത്തപ്പെട്ട കുറ്റം. ആ മുദ്രാവാക്യം വ്യാജമായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു. ഏതായിരുന്നാലും 2016ലെ ആ സമരം പല അനുപാതങ്ങളില്‍ ഇന്ത്യയെ തൊട്ടു.
കേന്ദ്ര സര്‍ക്കാറിനെയും സംഘ്പരിവാറിനെയും അത് അലോസരപ്പെടുത്തി. ജനാധിപത്യ പ്രസ്ഥാനങ്ങളെ അത് പ്രചോദിപ്പിച്ചു. രാജ്യവ്യാപകമായി വിദ്യാര്‍ഥി യൂനിയനുകളെ ജെ എന്‍ യു സമരം ചിലതെല്ലാം പഠിപ്പിച്ചു. സി എ എ വിരുദ്ധ സമര കാലത്ത് ജെ എന്‍ യു പ്രധാന പ്രക്ഷോഭ കേന്ദ്രമായിരുന്നില്ല. മുമ്പ് സമരം ചെയ്തവര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും പലരും ജയിലിലടക്കപ്പെടുകയും ചെയ്തു. ഉമര്‍ ഖാലിദ് ഇപ്പോഴും ജയിലിലാണ്. അതുകൊണ്ടാകും സി എ എ കാലത്ത് ജെ എന്‍ യുവില്‍ നിന്ന് കനത്ത പ്രക്ഷോഭം ഉണ്ടാകാതിരുന്നത്. എങ്കിലും ജാമിഅയില്‍ പോലീസ് നായാട്ട് നടന്ന രാത്രി ഡല്‍ഹി പോലീസ് ആസ്ഥാനത്ത് പ്രതിഷേധവുമായി ജെ എന്‍ യുക്കാരുണ്ടായിരുന്നു.
……
1969ലാണ് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല സ്ഥാപിതമാകുന്നത്. സമൂഹത്തിലെ ഏറ്റവും താഴെത്തട്ടില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിനും ഗവേഷണത്തിനും അവസരം ലഭിക്കുന്നു എന്നതാണ് ഈ സര്‍വകലാശാലയെ ഇത്രമേല്‍ ജനകീയമാക്കിയത്. മറ്റൊന്ന്, ആദ്യകാലം മുതല്‍ ഈ സര്‍വകലാശാല പുലര്‍ത്തിപ്പോന്ന ഇടതു സ്വഭാവമാണ്. സീതാറാം യെച്ചൂരിയെ പോലുള്ള ഒട്ടേറെ ഇടതു നേതാക്കളെ രൂപപ്പെടുത്തിയ ക്യാമ്പസാണിത്. ഇപ്പോഴത്തെ സ്റ്റുഡന്റ്‌സ് യൂനിയന്‍ പ്രസിഡന്റ് ധനഞ്ജയ് പ്രതിനിധാനപ്പെടുത്തുന്നതും ഇടതു രാഷ്ട്രീയത്തെയാണ്. അടിയന്തരാവസ്ഥക്ക് പിറകെ ജെ എന്‍ യു വിദ്യാര്‍ഥികളുടെ പ്രതിഷേധച്ചൂട് നേരിട്ടറിഞ്ഞിട്ടുണ്ട് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി. യെച്ചൂരി ആയിരുന്നു അന്ന് വിദ്യാര്‍ഥി യൂനിയന്റെ തലപ്പത്ത്.
……..
അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിനോട് ചേര്‍ന്നുള്ള കല്‍പ്പടവുകള്‍ ആയിരുന്നു ജെ എന്‍ യുവിലെ “സമരചത്വരം’. 2016ല്‍ കനയ്യ കുമാര്‍ ആസാദി മുദ്രാവാക്യം മുഴക്കിയത് അവിടെ നിന്നാണ്. ആ സമരത്തിന് പിറകെ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ സമരവും പ്രതിഷേധവും നിരോധിച്ചുകൊണ്ട് ഉത്തരവിറങ്ങി. സമരങ്ങള്‍ കൊണ്ടല്ല, ലോകോത്തര വിദ്യാഭ്യാസവും മികച്ച ഗവേഷണാവസരങ്ങളും കൊണ്ട് തന്നെയാണ് ജെ എന്‍ യു ക്യാമ്പസ് തലയുയര്‍ത്തി നില്‍ക്കുന്നത്.
…….
രാജ്യം മറ്റൊരു പൊതുതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലാണ്. ഏത് പാര്‍ട്ടി ഭരിക്കണം എന്ന് തീരുമാനിക്കപ്പെടുന്ന വോട്ടെടുപ്പല്ല നടക്കാനിരിക്കുന്നത്. സമഗ്രാധിപത്യം വേണമോ ജനാധിപത്യം വേണമോ എന്ന തിരഞ്ഞെടുപ്പാണിത്. അടിസ്ഥാനപരമായി, ഇന്ത്യ നിലനില്‍ക്കണമോ എന്ന് തീരുമാനിക്കപ്പെടുന്ന തിരഞ്ഞെടുപ്പ്. രാജ്യത്ത് ഇനിയൊരു തിരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ ജനാധിപത്യം നിലനില്‍ക്കണം. തിരഞ്ഞെടുപ്പുകള്‍ കേവലം പണച്ചെലവാണ് എന്ന് ചിന്തിക്കുന്ന അധികാരമാണ് ഇപ്പോള്‍ ഡല്‍ഹിയിലുള്ളത്. അതുകൊണ്ട് ആദ്യമവര്‍ ഒറ്റ തിരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കും. നിയമസഭയിലേക്കും ലോക്‌സഭയിലേക്കും രണ്ട് സമയങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത് ധനനഷ്ടമല്ലേ എന്ന് നമ്മെക്കൊണ്ട് ചിന്തിപ്പിക്കും. പിന്നെയവര്‍ തിരഞ്ഞെടുപ്പ് തന്നെ എന്തിന് എന്ന ചോദ്യമുയര്‍ത്തും. അതുകൊണ്ട് ഈ തിരഞ്ഞെടുപ്പ് ഇന്ത്യക്ക് നിര്‍ണായകമാണ്; ആ പേരിലുള്ള മുന്നണിക്കും രാജ്യത്തിനും. പ്രതിപക്ഷം പ്രതീക്ഷയിലാണ്. ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും “ഇന്ത്യ’ മുന്നണി യാഥാര്‍ഥ്യമായിക്കഴിഞ്ഞു. കഴിഞ്ഞ തവണ ഒറ്റക്കൊറ്റക്ക് മത്സരിച്ച മണ്ഡലങ്ങളില്‍ ഇത്തവണ ഒരുമിച്ചാണ് പ്രതിപക്ഷം. ഒറ്റ സ്ഥാനാര്‍ഥിയേ ഉള്ളൂ. പകുതിയിലധികം മണ്ഡലങ്ങളിലും ഇതാണ് സ്ഥിതി. അതൊരു പ്രതീക്ഷയാണ്. രാജ്യം കെട്ടുപോകില്ല എന്ന പ്രതീക്ഷ. നമ്മള്‍ അതിജയിക്കും എന്ന ആത്മവിശ്വാസം. ആ ആത്മവിശ്വാസത്തിന് ബലം പകര്‍ന്നിരിക്കുന്നു ജെ എന്‍ യുവിലെ വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പ് ഫലം.
ഒരു സര്‍വകലാശാലയിലെ യൂനിയന്‍ തിരഞ്ഞെടുപ്പില്‍ ഇത്ര ആഹ്ലാദിക്കാനെന്തിരിക്കുന്നു എന്നാണോ? നിശ്ചയമായും ആഹ്ലാദിക്കാന്‍ വകയുണ്ട്. ജെ എന്‍ യുവും ജാമിഅയും രണ്ട് കേന്ദ്ര സര്‍വകലാശാലകള്‍ മാത്രമല്ല, ഇന്ത്യയിലെ യഥാര്‍ഥ പ്രതിപക്ഷം തന്നെയാണ്. ഒരു ജനാധിപത്യ ക്രമത്തില്‍ പ്രതിപക്ഷം ചെയ്യേണ്ടതെന്തോ അതാണ് ഈ സര്‍വകലാശാലകള്‍ മോദിക്കാലത്ത് ചെയ്തിട്ടുള്ളത്. രാജ്യം അപകടത്തിലാകുമ്പോള്‍ ഉണര്‍ന്നിരിക്കുന്നതിനേക്കാള്‍ സര്‍ഗാത്മകമായ മറ്റെന്ത് രാഷ്ട്രീയ പ്രവര്‍ത്തനമാണ് വിദ്യാര്‍ഥികള്‍ക്ക് നിർവഹിക്കാനുള്ളത്. ജെ എന്‍ യു ഒരിക്കല്‍ക്കൂടി അങ്ങനെ ഉണര്‍ന്നു പ്രവര്‍ത്തിച്ചു എന്നതാണ് വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചത്. ജെ എന്‍ യുവിനെ തകര്‍ക്കാന്‍ കേന്ദ്രം വാഴുന്നവര്‍ തന്നെ ഉടുമുണ്ട് മുറുക്കി ഇറങ്ങിയത് മറക്കരുത്. വിദ്യാര്‍ഥി പരിഷത്തുകാരെ കയറൂരി വിട്ടുള്ള കൈയാങ്കളികള്‍ ഒരു ഭാഗത്ത്. അഡിമിനിസ്‌ട്രേഷന്റെ വരിഞ്ഞുമുറുക്കലുകള്‍ മറുഭാഗത്ത്. ഇതിനെയെല്ലാം അതിജീവിച്ചാണ് ജെ എന്‍ യു വിദ്യാര്‍ഥികള്‍ എ ബി വി പിയെ നിലം പരിശാക്കി ഉജ്വല വിജയം നേടിയത്.
നാലര വര്‍ഷത്തിന് ശേഷമാണ് സര്‍വകലാശാലയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ നാല് സ്ഥാനങ്ങളിലേക്കായിരുന്നു മത്സരം. നാലും ഇടതു സഖ്യം നേടി. വിദ്യാര്‍ഥി യൂനിയന്‍ പിടിക്കാന്‍ പതിനെട്ടടവും പയറ്റിയതാണ് ബി ജെ പിയുടെ വിദ്യാര്‍ഥി സംഘടന. അധികാരവും കായികബലവും നിയമവും പോലീസുമൊക്കെ കൈയിലുണ്ടായിരുന്നു. അറിയാവുന്ന സകല കളികളും കളിച്ചുനോക്കുകയും ചെയ്തു. കൂടെ നില്‍ക്കാന്‍ സര്‍വകലാശാല അഡ്മിനിസ്‌ട്രേഷനും. എന്നിട്ടും എ ബി വി പി നിലം തൊട്ടില്ല. വോട്ടെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ലഭിച്ച ലീഡ് വിജയ സൂചനയായി കണ്ട് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു എ ബി വി പി. പക്ഷേ അന്തിമഫലം വന്നപ്പോള്‍ ഫാസിസം പുറത്ത്, ജനാധിപത്യം അകത്ത്. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കിട്ടിയ ഈ ആഘാതം വിദ്യാര്‍ഥി പരിഷത്തിനെ മാത്രമല്ല ആര്‍ എസ് എസിനെ തന്നെ അലോസരപ്പെടുത്തുന്നതാണ്. യൂനിയന്‍ തിരഞ്ഞെടുപ്പ് നടക്കാതിരിക്കാനാണ് എ ബി വി പി ആഗ്രഹിച്ചത്. അതിന് അഡ്മിനിസ്‌ട്രേഷന്‍ വഴങ്ങിയത് കൊണ്ടാണ് തിരഞ്ഞെടുപ്പ് ഇത്ര നീണ്ടുപോയത്.
27 വര്‍ഷത്തിന് ശേഷം ദളിത് വിഭാഗത്തില്‍ നിന്നൊരാള്‍ യൂനിയന്‍ അധ്യക്ഷനാകുന്നു എന്ന സവിശേഷത കൂടിയുണ്ട് ഇത്തവണത്തെ ജെ എന്‍ യു തിരഞ്ഞെടുപ്പില്‍. ജാതിബ്രാഹ്മണ്യം പുറമ്പോക്കിലേക്ക് തള്ളിമാറ്റുന്ന വിഭാഗത്തില്‍ നിന്നൊരാളെ പ്രസിഡന്റ് സ്ഥാനത്ത് ഇടതു സഖ്യം വാഴിക്കുമ്പോള്‍ രാജ്യത്തെ യഥാര്‍ഥ പ്രതിപക്ഷമാകാന്‍ ജെ എന്‍ യു ക്യാമ്പസ് കൂടുതല്‍ അര്‍ഹത നേടുകയാണ്. ജാതിവിവേചനത്തിന്റെ പെരുങ്കളിയാട്ടമാണ് ഇന്നും ഉത്തരേന്ത്യന്‍ സാമൂഹിക ജീവിതം. വിദ്യാലയത്തിലും ആതുരാലയത്തിലും ഒരേപോലെ ജാതിനീരാളി പ്രവര്‍ത്തിക്കും. തീനിലും കുടിയിലും ഉടുപ്പിലും നടപ്പിലും വിവേചനം പ്രകടമാണ്. ഇന്ത്യയുടെ യശസ്സുയര്‍ത്തിയ ക്യാമ്പസുകള്‍ പോലും ഇതില്‍ നിന്ന് മുക്തമല്ലെന്നാണ് ജെ എന്‍ യു വിദ്യാര്‍ഥി യൂനിയന്റെ പുതിയ പ്രസിഡന്റ് ധനഞ്ജയ് കുമാറിന്റെ അനുഭവം വ്യക്തമാക്കുന്നത്. “ദളിതനാണെന്ന ഒറ്റക്കാരണത്താല്‍ അസൈന്‍മെന്റുകള്‍ക്ക് മാര്‍ക്ക് കുറച്ചുനല്‍കുക, അഭിമുഖ പരീക്ഷകളില്‍ കൃത്യമായ അജന്‍ഡയോടെ ചോദ്യങ്ങള്‍ ചോദിച്ച് തോല്‍പ്പിക്കുക, അക്കാദമിക് അവസരങ്ങള്‍ നിഷേധിക്കുക തുടങ്ങിയ ഒട്ടേറെ വിവേചനങ്ങള്‍ അധ്യാപകരില്‍ നിന്നുള്‍പ്പെടെയുണ്ടായി’ എന്നാണ് ധനഞ്ജയ് പറയുന്നത്. ആ വിവേചനങ്ങള്‍ക്കെതിരായ രാഷ്ട്രീയ ഐക്യദാര്‍ഢ്യം കൂടിയായി മാറിയിരിക്കുന്നു പുതിയ സ്ഥാനലബ്ധി. സാമൂഹികാധികാര ശ്രേണിയില്‍ മുകള്‍ തട്ടില്‍ നില്‍ക്കുന്നവര്‍ക്ക് കാല്‍ച്ചുവട്ടില്‍ തേച്ചുകളയാനുള്ളതല്ല ഇന്ത്യന്‍ ദളിത് ജീവിതമെന്ന് ഇങ്ങനെയല്ലാതെ മറ്റെങ്ങനെയാണ് ജെ എന്‍ യു വിദ്യാര്‍ഥികള്‍ പ്രഖ്യാപിക്കുക?
ജെ എന്‍ യുവിലെ യൂനിയന്‍ തിരഞ്ഞെടുപ്പ് ഫലത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനലായി കാണാമെങ്കില്‍, ഇന്ത്യയിലെ പ്രതിപക്ഷത്തിന് മുന്നോട്ട് പോകാന്‍ കൂടിയുള്ള ഊര്‍ജമായി അത് മാറുന്നുണ്ട്. പുറത്തെ ബി ജെ പി ആയിരുന്നു അകത്തെ എ ബി വി പി. എല്ലാ നിലയിലും അതങ്ങനെത്തന്നെ ആയിരുന്നു. കേന്ദ്രാധികാരത്തിന്റെ ഹുങ്കില്‍ കൊമ്പ് കുലുക്കിയെത്തിയ വിദ്യാര്‍ഥി പരിഷത്തുകാരെ മലര്‍ത്തിയടിച്ചിരിക്കുന്നു ജെ എന്‍ യുവിലെ ഇടതു സഖ്യം. അഭിപ്രായ ഭേദങ്ങള്‍ക്ക് അവധി നല്‍കി വിവിധ സംഘടനകള്‍ ഒരുമിച്ചു നിന്നാണ് ഈ വിജയം സാധ്യമാക്കിയത്. പൊതുതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തൊഴുത്തില്‍ കുത്താതെയും കുതികാല്‍ വെട്ടാതെയും ഒരുമിച്ച് നില്‍ക്കുമെങ്കില്‍ ബി ജെ പിയെ വീഴ്ത്തുന്നത് പ്രയാസമാകില്ല.