From the print
ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകാം: ജിഫ്രി തങ്ങള്‍
'ഭൗതിക താത്പര്യങ്ങള്‍ കുറക്കണം, സംഘടനയില്‍ ഉറച്ചു നില്‍ക്കണം. പ്രയാസങ്ങള്‍ ഉണ്ടാകും, ചിലപ്പോള്‍ ജോലി ഉണ്ടാകില്ല.'
കോഴിക്കോട് | ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുമെന്ന് പ്രവര്‍ത്തകര്‍ക്ക് സൂചന നല്‍കി ഇ കെ വിഭാഗം പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. എസ് കെ എസ് എസ് എഫ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൗതിക താത്പര്യങ്ങള്‍ കുറക്കണം, സംഘടനയില്‍ ഉറച്ചു നില്‍ക്കണം. പ്രയാസങ്ങള്‍ ഉണ്ടാകും, ചിലപ്പോള്‍ ജോലി ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിന് ശേഷം മാധ്യമങ്ങളുടെ ചോദ്യത്തിന് ഇ കെ വിഭാഗം പ്രവര്‍ത്തകര്‍ക്ക് നേരെ ഭീഷണിയുണ്ടാകുന്ന നടപടികളൊന്നുമുണ്ടാകില്ലെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞു. എന്നാല്‍, മദ്റസകളില്‍ നിന്ന് മുഅല്ലിംകളെ പിരിച്ചുവിടുന്ന സാഹചര്യമുണ്ടോയെന്ന ചോദ്യത്തിന് അങ്ങനെയൊക്കെ കേള്‍ക്കുന്നുണ്ടെന്നും ഒഴിവാക്കലുണ്ടാകില്ലെന്നും പ്രതികരിച്ചു. ഇ കെ വിഭാഗം നേതാവ് ഉമര്‍ ഫൈസി മുക്കം സി പി എം നേതാവ് എം വി ജയരാജനുമായി ചര്‍ച്ച നടത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് അതെല്ലാം സൗഹൃദത്തിന്റെ ഭാഗമാണെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കോഴിക്കോട് മുക്കത്ത് ഉമര്‍ ഫൈസിയുടെ വീട്ടിലെത്തിയാണ് കണ്ണൂരിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയും സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ എം വി ജയരാജന്‍ ചര്‍ച്ച നടത്തിയത്.
മതനിരപേക്ഷ ചേരി ശക്തിപ്പെടേണ്ടതും സമകാലിക വിഷയങ്ങളും ചര്‍ച്ചയില്‍ വിഷയമായതായി ജയരാജന്‍ പ്രതികരിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സി പി എമ്മിന്റെ ഫാസിസ്റ്റ്വിരുദ്ധ നിലപാടിനെ പരസ്യമായി പ്രകീര്‍ത്തിച്ച് ഉമര്‍ ഫൈസി രംഗത്തെത്തിയിരുന്നു. അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇ കെ വിഭാഗത്തിന്റെയും മുസ്ലിം ലീഗിന്റെയും മുഖപത്രങ്ങളായ സുപ്രഭാതവും ചന്ദ്രികയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയാണ്. ലീഗ് നേതൃത്വത്തെ വെല്ലുവിളിക്കുന്ന രൂപത്തില്‍ ഇ കെ വിഭാഗം നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ് എഴുതിയ ലേഖനത്തിന് അക്കമിട്ട മറുപടി നല്‍കിയാണ് ചന്ദ്രിക പ്രതികരിച്ചത്.