Uae
തൊഴില്‍ വിപണി; എന്‍ട്രി ലെവല്‍ റോളുകളില്‍ വര്‍ധന, വൈറ്റ് കോളര്‍ നിയമനത്തില്‍ ഇടിവ്
ബ്ലൂ കോളര്‍ ജോലികളുടെ ലഭ്യത 69 ശതമാനം വര്‍ധിച്ചു.

ദുബൈ| യു എ ഇയുടെ തൊഴില്‍ വിപണിയില്‍ കഴിഞ്ഞ വര്‍ഷം വൈറ്റ് കോളര്‍ നിയമനങ്ങളില്‍ കുറവുണ്ടായെന്ന് റിപ്പോര്‍ട്ട്. അതേസമയം എന്‍ട്രി ലെവല്‍ റോളുകളില്‍ വര്‍ധന ഉണ്ടായി. ബ്ലൂ കോളര്‍ ജോലികളുടെ ലഭ്യത 69 ശതമാനം വര്‍ധിച്ചു. എച്ച് ആര്‍, സ്റ്റാഫിംഗ് സൊല്യൂഷന്‍ പ്രൊവൈഡര്‍മാരിലൊന്നായ ഇന്നൊവേഷന്‍സ് ഗ്രൂപ്പിന്റെ പഠനം വ്യക്തമാക്കുന്നതാണിത്.
രാജ്യത്ത് പുതിയ ബിസിനസുകള്‍ സ്ഥാപിക്കുന്നതിലെ ഉയര്‍ച്ച റിസപ്ഷനിസ്റ്റ്, ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, വെയര്‍ ഹൗസ് അസോസിയേറ്റ്സ് തുടങ്ങിയ എന്‍ട്രി ലെവല്‍ റോളുകളില്‍ കുതിച്ചുചാട്ടത്തിന് കാരണമായി. എന്നാല്‍ വൈറ്റ് കോളര്‍ നിയമനങ്ങളില്‍ 21 ശതമാനത്തോളമാണ് കുറവുണ്ടായത്. എന്നാല്‍ മുന്നോട്ട് നോക്കുമ്പോള്‍, തൊഴില്‍ വിപണി പ്രതീക്ഷ നല്‍കുന്നതായി വിശകലന വിദഗ്ദര്‍ പറഞ്ഞു. നിലവിലുള്ള മെഗാ റെസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകള്‍ കാരണം ബ്ലൂ കോളര്‍ ജോലികളിലും വര്‍ധന ഉണ്ടാവും.
മിഡില്‍ ഈസ്റ്റിലെ രാഷ്ട്രീയ അസ്ഥിരത കാരണം യു എ ഇ തുറമുഖങ്ങളിലൂടെയുള്ള ചരക്ക് ഗതാഗതം വര്‍ധിച്ചിട്ടുണ്ട്. ഇത് ലോജിസ്റ്റിക്‌സ്, പോര്‍ട്ട് മാനേജ്‌മെന്റ് മേഖലകളില്‍ അധിക റോളുകള്‍ സൃഷ്ടിക്കുന്നു. സര്‍ക്കാറിന്റെ വൈവിധ്യവത്കരണവും ഹരിത സംരംഭങ്ങളും കാരണം ലോജിസ്റ്റിക്‌സ്, ഹെല്‍ത്ത് കെയര്‍ എന്നിവയില്‍ സ്ഥിരമായ നിയമനവും ഉണ്ടാകും. എന്നാല്‍ ഭാവിയിലെ ബിസിനസ്സ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് റീസ്‌കില്ലിംഗ് അനിവാര്യമാണെന്ന് റിക്രൂട്ടര്‍മാര്‍ ഊന്നിപ്പറഞ്ഞു. ഉയര്‍ന്ന വൈദഗ്ദ്ധ്യം പ്രൊഫഷണലുകളെ ജോലികളില്‍ പ്രസക്തമായി നിലനിര്‍ത്താന്‍ സഹായിക്കും. ഈ മേഖലയില്‍ നടക്കുന്ന സാങ്കേതിക പരിവര്‍ത്തനത്തിനൊപ്പം സഞ്ചരിക്കേണ്ടതുണ്ടെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടി.