Kerala
വിദേശത്ത് ജോലി വാഗ്ദാനം; പണം തട്ടിയ അമ്മയും മകളും അറസ്റ്റില്‍
പെരുമ്പുഴ യമുനാ സദനത്തില്‍ അനിതാ കുമാരി, മകള്‍ അശ്വതി, അരിനല്ലൂര്‍ സ്വദേശി ബാലു ജി നാഥ്എന്നിവരാണ് അറസ്റ്റിലായത്
കൊല്ലം | വിദേശത്ത് ജോലി വാഗ്ദാനം നല്‍കി പണം തട്ടിയ കേസില്‍ അമ്മയും മകളും അറസ്റ്റില്‍. 2021 ആഗസ്റ്റ് മുതല്‍ 2023 ആഗസ്റ്റ് വരെയുള്ള കാലയളവില്‍ നീണ്ടകര സ്വദേശിയായ യുവാവിനും ബന്ധുക്കള്‍ക്കും യു കെ യിലേക്ക് വിസ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞു എട്ടര ലക്ഷം രൂപ തട്ടിപ്പ് നടത്തിയ പെരുമ്പുഴ യമുനാ സദനത്തില്‍ അനിതാ കുമാരി, മകള്‍ അശ്വതി, അരിനല്ലൂര്‍ സ്വദേശി ബാലു ജി നാഥ്എന്നിവരാണ് അറസ്റ്റിലായത്.
പലതവണകളായി എട്ടര ലക്ഷം രൂപ വാങ്ങി ബാലുവും അശ്വതിയും ചേര്‍ന്ന് കൊല്ലം താലൂക്ക് ജംഗ്ഷനില്‍ നടത്തി വന്ന വിദേശ റിക്രൂട്ട്മെന്റ് സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ് നടന്നത്. വിസ ലഭിക്കാത്തവര്‍ സ്ഥാപനത്തെ സമീപിച്ചെങ്കിലും പണം തിരികെ നല്‍കാന്‍ പ്രതികള്‍ തയ്യാറായില്ല. തുടര്‍ന്ന് കൊല്ലം ഈസ്റ്റ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഒളിവില്‍ കഴിഞ്ഞു വന്ന പ്രതികളെ തിരുവനന്തപുരം കല്ലമ്പലത്ത് നിന്നാണ് ഇന്ന് പിടികൂടിയത്. കേസിലെ രണ്ടാം പ്രതിയായ വേണുവിനായുള്ള തിരച്ചില്‍ തുടരുകയാണ്. പ്രതികള്‍ സമാന രീതിയില്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.