Uae
ജോലി തട്ടിപ്പുകാർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ചൂഷണം ചെയ്യുന്നു; ഓഫറുകൾ പരിശോധിക്കണം
വിശ്വസനീയമായ പ്രൊഫൈലുകളും പേജുകളും സൃഷ്ടിച്ചു കൊണ്ടാണ് തട്ടിപ്പുകാർ രംഗത്തുവരുന്നതെന്ന് ഡിജിറ്റൽ സുരക്ഷാ വിഭാഗത്തിന്റെ ഡെപ്യൂട്ടി ഡയറക്ടർ വിശദീകരിച്ചു.

ദുബൈ|സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ റിക്രൂട്ട്മെന്റിനുമുള്ള പ്രധാന മാർഗമായി മാറിയ സാഹചര്യത്തിൽ തട്ടിപ്പുകാർ ഇതിനെ കൂടുതലായി ചൂഷണം ചെയ്യുന്നതായി റിപ്പോർട്ട്. ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യുന്ന വ്യാജ ജോലി പരസ്യങ്ങളിലൂടെ തട്ടിപ്പുകാർ തൊഴിൽ അന്വേഷകരെ ലക്ഷ്യമിടുകയാണ്. പരിചയമോ യോഗ്യതയോ ആവശ്യമില്ല എന്ന ആകർഷക വാചകങ്ങൾ ചേർത്താവും ചില പരസ്യങ്ങൾ. വർധിച്ചുവരുന്ന ജോലി തട്ടിപ്പ് ഭീഷണിയെക്കുറിച്ച് യു എ ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ ഡിജിറ്റൽ സുരക്ഷാ വിഭാഗം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഫേസ്ബുക്ക്, ലിങ്ക്ഡ്ഇൻ, ഇൻസ്റ്റാഗ്രാം, എക്‌സ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ ഇവർ തട്ടിപ്പിനായി ഉപയോഗിക്കുന്നുവെന്ന് അവർ വ്യക്തമാക്കി.
വിശ്വസനീയമായ പ്രൊഫൈലുകളും പേജുകളും സൃഷ്ടിച്ചു കൊണ്ടാണ് ഈ തട്ടിപ്പുകാർ രംഗത്തുവരുന്നതെന്ന് ഡിജിറ്റൽ സുരക്ഷാ വിഭാഗത്തിന്റെ ഡെപ്യൂട്ടി ഡയറക്ടർ മേജർ സഈദ് അൽ ശബ്്ലി വിശദീകരിച്ചു. പലപ്പോഴും പ്രശസ്ത കമ്പനികളെ അനുകരിക്കുന്നു. ആകർഷകമായ ചിത്രങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കവും ഉപയോഗിച്ച് ഇരകളെ ആകർഷിക്കുകയാണ്. പരസ്യം കണ്ട് ഇവരെ ബന്ധപ്പെടുന്നവരിൽ നിന്ന് റിക്രൂട്ട്മെന്റ്പ്രക്രിയക്കായി ഫീസ് ആവശ്യപ്പെടുകയും വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെട്ട് ഐഡന്റിറ്റി മോഷണം നടത്തുകയും ചെയ്യുന്നു. ജോലി ഉറപ്പാക്കാൻ വേഗത്തിൽ പ്രവർത്തിക്കണമെന്ന തിടുക്കം സൃഷ്ടിച്ചാണ് ഇവർ ഇരകളെ കെണിയിലാക്കുന്നതെന്ന് അൽ ശബ്്ലി ചൂണ്ടിക്കാട്ടി.
ഈ പ്രശ്‌നത്തെ നേരിടാൻ മന്ത്രാലയം ജനങ്ങളെ ബോധവത്കരിക്കുന്നതിനായി വർക്ക്‌ഷോപ്പുകളും പരിശീലന സെഷനുകളും നടത്തുന്നു. തട്ടിപ്പ് അക്കൗണ്ടുകൾ നീക്കം ചെയ്യാൻ സോഷ്യൽ മീഡിയ കമ്പനികളുമായും ഇന്റർനെറ്റ് സേവനദാതാക്കളുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.
തൊഴിൽ അന്വേഷകർ തൊഴിലുടമകളെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നും ഓഫറുകൾ പരിശോധിക്കണമെന്നും റിക്രൂട്ട്‌മെന്റ്മേഖലയിൽ പ്രവർത്തിക്കുന്നവരും വ്യക്തമാക്കുന്നു.