Connect with us

Uae

തൊഴിലന്വേഷണത്തിനു വേണം ,മുന്നൊരുക്കം

ഇന്ന്, സ്ഥിതി, ഏറെ മാറിയിട്ടുണ്ട്. പല മേഖലകളിലും ബംഗ്ലാദേശികളും ഫിലിപ്പൈന്‍കാരും ശ്രീലങ്കക്കാരും ആധിപത്യം പുലര്‍ത്തുന്നു.

Published

|

Last Updated

ഇന്ത്യയില്‍ നിന്ന് തൊഴില്‍ തേടി ഗള്‍ഫിലെത്തുന്നവര്‍ വര്‍ധിച്ചിട്ടുണ്ട് .സന്ദര്‍ശക വിസയിലാണ് ഏറെപേരും .സന്ദര്‍ശക വിസ തൊഴില്‍ തേടാനുള്ളതല്ലെന്നു മിക്കവര്‍ക്കും അറിയില്ല .ഗള്‍ഫില്‍ നിയമവിരുദ്ധം .ഏതെങ്കിലും മേഖലയില്‍ വൈദഗ്ധ്യമുള്ളവരാണെങ്കില്‍, മതിയായ സാക്ഷ്യപത്രം ഉണ്ടെങ്കില്‍ തൊഴില്‍ തേടാന്‍ നേടാന്‍ ചില രാജ്യങ്ങളില്‍ സവിശേഷമായ വിസയുണ്ട് . അതിന് നിരക്ക് കൂടും .നിബന്ധനകളുമുണ്ട് .പക്ഷേ ഇപ്പോഴും പല രാജ്യക്കാരും സാധാരണ സന്ദര്‍ശക വിസയില്‍ എത്തുകയും തൊഴില്‍ ലഭിക്കാതെ കഷ്ടപ്പെടുകയും ചെയ്യുന്നു .താമസയിടത്തിന്റെ വാടക കൊടുക്കാന്‍ പോലും പറ്റാത്തവരുണ്ട് .തല ചായ്ക്കാന്‍ ഇടമില്ല . അവര്‍ ഉദ്യാനങ്ങളിലും മറ്റും അഭയം തേടും .അധികൃതരെ സംബന്ധിച്ചിടത്തോളം ക്രമസമാധാന പ്രശ്നമാണ് . മടക്ക ടിക്കറ്റില്ലാത്തവര്‍ക്കു നാട്ടിലേക്ക് തിരിച്ചു പോകാനും കഴിയുന്നില്ല .യു എ ഇയില്‍ ഒരു മാസം താമസിക്കാന്‍ ഒരാള്‍ക്ക് കുറഞ്ഞത് 1200 ദിര്‍ഹം വേണ്ടി വരും .ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ 30000 ഓളം വരും .മൂന്ന് മാസം കഴിഞ്ഞു പോകണമെങ്കില്‍ ലക്ഷം രൂപ .വരുമാനമില്ലാത്തവര്‍ക്കു വലിയ തുക .കനത്ത ഭാരം .അടുത്ത കാലത്തായി ധാരാളം യുവതികളും തൊഴില്‍ അന്വേഷിച്ചെത്തുന്നു .അവര്‍ ഓരോ വാതിലും മുട്ടുന്നു .മനസ്സലിഞ്ഞു ആര്‍ക്കെങ്കിലും തൊഴില്‍ നല്‍കണമെങ്കില്‍ തൊഴിലുടമക്ക് പല കടമ്പകള്‍ .ഒരു സ്ഥാപനത്തില്‍ അമിതമായി ഒരേ നാട്ടുകാര്‍ പാടില്ലെന്നാണ് നിയമം .ഭൂമിശാസ്ത്രപരമായ സന്തുലിതത്വം പാലിക്കണം .മിക്കതിലും വിസ ക്വോട്ട കഴിഞ്ഞിരിക്കും .വളരെ വേണ്ടപ്പെട്ടവര്‍ക്ക് പോലും ജോലി നല്‍കാന്‍ പറ്റിയെന്നു വരില്ല .നാട്ടില്‍ നിന്ന് പുറപ്പെടുന്നതിനു മുമ്പ് തന്നെ ജീവിതോപാധി കണ്ടെത്താന്‍,സാമാന്യ ധാരണ ഉണ്ടാക്കുക എന്നത് മാത്രമാണ് പോംവഴി .എങ്ങിനെയെങ്കിലും ഗള്‍ഫില്‍ എത്തിപ്പെട്ടാല്‍ മതിയെന്ന വിചാരം ഉപേക്ഷിക്കുക .ഇതൊന്നും കണക്കിലെടുക്കാതെ നാട്ടിലെ വിമാനത്താവളത്തില്‍ എത്തുന്നവരെ,ഇപ്പോള്‍ അവിടെ നിന്ന് തന്നെ എയര്‍ലൈന്‍സ് അധികൃതര്‍ തിരിച്ചയക്കുന്നു .ഇക്കൂട്ടത്തില്‍ ഗള്‍ഫില്‍ ഉറ്റവരെ സന്ദര്‍ശിക്കാന്‍ ടിക്കറ്റെടുത്തവരും കുടുങ്ങുന്നു .

ജീവിച്ചു പോകാന്‍ നാട്ടില്‍ തന്നെ ഏറെ സാധ്യതകള്‍ തുറന്നു കിടക്കുമ്പോള്‍ അന്യനാട്ടില്‍ പോയി എന്തിന് കഷ്ടപ്പെടുന്നുഎന്ന് ആലോചിക്കുന്നവര്‍ ഇല്ലെന്നല്ല .ഗള്‍ഫിന്റെ നിറം പിടിപ്പിച്ച കഥകളില്‍ വീണു പോകുന്നതാണ് .എന്തായാലും നാട്ടില്‍ നിന്ന് രക്ഷപ്പെടണമെന്ന് കുറേ പേര്‍ ആഗ്രഹിക്കുന്നു .
1970 കളുടെ തുടക്കത്തിലാണ് കേരളത്തില്‍ നിന്ന് വന്‍ തോതില്‍ ആളുകള്‍ കടല്‍ കടന്നത്. കേരളത്തില്‍ തൊഴിലില്ലായ്മ വര്‍ധിച്ചു വന്ന കാലമായിരുന്നു.മറ്റു സംസ്ഥാനക്കാരെ അപേക്ഷിച്ചു മിക്ക ആളുകളും പ്രാഥമിക വിദ്യാഭ്യാസം സ്വന്തമാക്കിയിരുന്നു. ബിരുദധാരികളും ഏറെയായിരുന്നു. പക്ഷെ, കേരളത്തില്‍ തൊഴിലവസരങ്ങള്‍ കുറവായിരുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എന്തൊക്കെ സംഭവിക്കുന്നുവെന്ന്, കേരളീയര്‍ക്കാണ് വേഗത്തില്‍ അറിവു കിട്ടിയിരുന്നത്. മാധ്യമ വ്യാപനവും ഉയര്‍ന്ന രാഷ്ട്രീയ സാക്ഷരതയും ലോക വിവരങ്ങള്‍ അറിയാനുള്ള സഹജമായ ജിജ്ഞാസയും കേരളീയനെ ഒരു പടികൂടി മുന്നിലെത്തിച്ചു. ഗള്‍ഫില്‍ പെട്രോഡോളറിന്റെ കാലമാണെന്നതും ധാരാളം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നതും മലയാളികളെ പ്രലോഭിപ്പിച്ചു.

ദുബൈയും അബുദബിയും മസ്‌കത്തുമൊക്കെ തൊഴിലവസരങ്ങളുടെ കേദാരമായിരുന്നു .
ആരംഭകാലങ്ങളില്‍ ജോലിയുടെ സ്വഭാവത്തെ കുറിച്ച് പലര്‍ക്കും മുന്‍കൂട്ടി അറിയില്ലായിരുന്നു. അതുകൊണ്ടു തന്നെ തയാറെടുപ്പുകള്‍ നടത്താറില്ല. വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ മാത്രമാണ്, ആശങ്കയായി യാത്രക്കാരന്‍ കണ്ടിരുന്നത്. എമിഗ്രേഷന്‍ ക്ലിയറന്‍സ് ആയിരുന്നു വലിയ തലവേദന . നാട്ടിലേതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ സാഹചര്യമാണ് ഗള്‍ഫിലേതെന്ന് ഇവിടെ എത്തിപ്പെട്ടപ്പോഴാണ് എല്ലാവരും തിരിച്ചറിയുന്നത്. ഭൂമിശാസ്ത്രപരമായി മാത്രമല്ല, തൊഴിലിടങ്ങളിലെ അനുഭവങ്ങളും വ്യത്യസ്തമാണ്. കര്‍ശനമായ ചിട്ടകള്‍ അനിവാര്യമായിരുന്നു. കൃത്യസമയത്ത് ഉണരുക, തൊഴിലിടം ആവശ്യപ്പെടുന്ന കാര്യശേഷിയിലേക്ക് ഉയരുക എന്നതൊക്കെ എല്ലാവര്‍ക്കും വഴങ്ങുന്നതായിരുന്നില്ല. എന്നാലും ഭൂരിപക്ഷം പേരും പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്തു. മലയാളികളുടെ സത്യസന്ധതയും സാംസ്‌കാരിക ഉന്നതിയും ജ്ഞാനവും അറബ് സമൂഹത്തെ തൃപ്തിപ്പെടുത്തി. കേരളവുമായി പണ്ടു കാലം മുതല്‍ തന്നെ അറബ് സമൂഹം ബന്ധപ്പെട്ടിരുന്നു എന്നത് ഹൃദയൈക്യത്തിനു ചാലകമായി. ഗള്‍ഫില്‍ മിക്ക സ്ഥാപനങ്ങളും മലയാളികളുടെ നിയന്ത്രണത്തിലായത് അങ്ങിനെയാണ്.

ഇന്ന്, സ്ഥിതി, ഏറെ മാറിയിട്ടുണ്ട്. പല മേഖലകളിലും ബംഗ്ലാദേശികളും ഫിലിപ്പൈന്‍കാരും ശ്രീലങ്കക്കാരും ആധിപത്യം പുലര്‍ത്തുന്നു. ചെറുകിട ജോലികള്‍ ബംഗ്ലാദേശികള്‍ക്കായി നീക്കിവെക്കുന്നു. കുറഞ്ഞ വേതനം നല്‍കിയാല്‍ മതിയെന്നതാണ് ആകര്‍ഷണം. ഗ്രോസറി, റസ്റ്റോറന്റ് എന്നിവിടങ്ങളില്‍ ബംഗ്ലാദേശികളും ഫിലിപ്പൈനികളുമാണ് കൂടുതല്‍.

മുമ്പ്, ഒരു മലയാളി ഗള്‍ഫില്‍ സ്ഥാപനം തുടങ്ങുമ്പോള്‍ ആദ്യം ആലോചിക്കുന്നത്, നാട്ടില്‍ നിന്ന് എത്രപേരെ കൊണ്ടുവരാം എന്നാണ്. ഇന്ന് എത്രമാത്രം ആളുകളെ കുറക്കാം എന്നാണ് . നഴ്സിംഗ് മേഖല മലയാളികളുടെ കുത്തകയായിരുന്നു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ബഹുഭൂരിപക്ഷം നഴ്സുമാര്‍ മലയാളികളായിരുന്നു. ഉയര്‍ന്ന വേതനവും അവര്‍ക്ക് ലഭിച്ചിരുന്നു. ഇന്ന്, ഫിലിപ്പൈന്‍കാരും ആഫ്രിക്കക്കാരുമാണ് കൂടുതല്‍. ‘സ്മാര്‍ട്’ആയ ആളുകളെയാണ് ആവശ്യം .നിര്‍മിത ബുദ്ധി പോലുള്ള സാങ്കേതിക വിദ്യ കൈവശം വേണം .അടിസ്ഥാന ധാരണ അനിവാര്യം .
ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശകരെ ആഗ്രഹിക്കുന്നുണ്ട് .അത്പക്ഷേ ,ഹോട്ടലുകളില്‍ താമസിക്കാനും മികച്ച ഭക്ഷണങ്ങള്‍ കഴിക്കാനും കാഴ്ചകളില്‍ അഭിരമിക്കാനും വിനോദ സഞ്ചാരികളായി എത്തുന്നവരെയാണ് . തൊഴിലന്വേഷകരെയല്ല

 

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest