employment
ഉയർന്ന തൊഴിൽ ക്ഷമതയിൽ കേരളത്തിലെ ഉദ്യോഗാർഥികൾ
ഇന്ത്യ സ്‌കിൽ സർവേ റിപ്പോർട്ടിൽ 64.2 ശതമാനം പേർക്കാണ് തൊഴിൽ ക്ഷമതയുള്ളത്. തൊഴിൽ ക്ഷമതയിൽ കേരളം മൂന്നാമത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം മലയാളികൾ മുന്നിൽ
തിരുവനന്തപുരം| സംസ്ഥാനത്തെ 64.2 ശതമാനം ഉദ്യോഗാർഥികളും ഉയർന്ന തൊഴിൽ ക്ഷമതയുള്ളവരാണെന്ന് ഇന്ത്യ സ്‌കിൽ സർവേ റിപ്പോർട്ട്.
രാജ്യത്തെ യുവാക്കളിൽ തൊഴിൽ ക്ഷമത ഏറ്റവുമധികമുള്ള സംസ്ഥാനങ്ങളിൽ മൂന്നാമതാണ് കേരളം. 2016 മുതൽ നടന്നു വരുന്ന ഈ സർവേയിൽ ആദ്യമായാണ് കേരളം ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നത്.
ആദ്യസ്ഥാനം മഹാരാഷ്ട്രക്കും രണ്ടാം സ്ഥാനം ഉത്തർ പ്രദേശിനുമാണ്. കേരളത്തിൽ 64.2 ശതമാനം ഉദ്യോഗാർഥികളും ഉയർന്ന തൊഴിൽ ക്ഷമതയുള്ളവരാണെന്ന് സർവേ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. കേന്ദ്ര തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യ ഇൻഡസ്ട്രി വിവിധ സർവകലാശാലകളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് സർവേ നടത്തിയത്.
രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം തൊഴിൽ ചെയ്യുന്നതിൽ ഏറ്റവും മുന്നിൽ മലയാളികളാണെന്നും സർവേ വ്യക്തമാക്കുന്നു.
കേരളത്തിൽ തൊഴിൽ നൈപുണ്യമുള്ളവർ ഏറ്റവുമധികമുള്ള ജില്ലകൾ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവയാണെന്ന് സർവേയിൽ പറയുന്നു. ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യത്തിന്റെ കാര്യത്തിലും കേരളം ആദ്യ പത്തിൽ ഇടം പിടിച്ചിട്ടുണ്ട്.
സർവേ റിപ്പോർട്ട് അനുസരിച്ച് രാജ്യത്ത് തൊഴിൽ നൈപുണ്യമുള്ള ബിരുദധാരികളുള്ള നഗരങ്ങളിൽ തിരുവനന്തപുരം മൂന്നാമത്തെത്തി. പുണെ, ലഖ്‌നൗ എന്നീ നഗരങ്ങളാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. യുവാക്കൾക്കും യുവതികൾക്കും തൊഴിൽ ചെയ്യാൻ ഏറ്റവും ഇഷ്ടപ്പെടുന്ന നഗരമായി കണ്ടെത്തിയത് ബെംഗളൂരുവാണ്.
സ്ത്രീകൾ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്നത് ബെംഗളൂരുവിനു പുറമെ കൊച്ചിയും ഹൈദരാബാദുമാണ്.
കൂടുതൽ തൊഴിൽ ക്ഷമതയുള്ള സ്ത്രീകളുള്ള സംസ്ഥാനങ്ങളിൽ തെലങ്കാന, കർണാടക, മധ്യപ്രദേശ് എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. റിപ്പോർട്ട് പ്രകാരം ബിരുദധാരികളായ സ്ത്രീകൾക്കാണ് കൂടുതൽ തൊഴിൽ അവസരം ലഭിച്ചത് (41 ശതമാനം). ബിരുദധാരികളായ പുരുഷന്മാർക്ക് 39 ശതമാനം മാത്രമാണ് തൊഴിൽ ലഭിച്ചതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ദേശീയ തൊഴിൽ ക്ഷമതാ റിപ്പോർട്ടിൽ ആദ്യ മൂന്നിൽ കേരളം ഉൾപ്പെട്ടത് ചരിത്ര നേട്ടമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു.