Connect with us

International

ഫലസ്തീൻ ജനതക്ക് നൂറ് മില്യൺ ഡോളറിന്റെ മാനുഷിക സഹായം പ്രഖ്യാപിച്ച് ജോ ബൈഡൻ

ഗസ്സയിലെ ജനങ്ങൾക്ക് ഭക്ഷണവും വെള്ളവും മരുന്നും താമസ സൗകര്യവും ആവശ്യമാണെന്ന് ബൈഡൻ

Published

|

Last Updated

ടെൽ അവീവ് | ഇസ്റാഈലിന്റെ ക്രൂരമായ ആക്രമണത്തിൽ മൃതനഗരമായി മാറിയ ഗസ്സക്കും വെസ്റ്റബാങ്കിനും മാനുഷിക സഹായം പ്രഖ്യാപിച്ച് ഇസ്റാഈൽ മിത്രമായ അമേരിക്ക. നൂറ് മില്യൺ ഡോളറിന്റെ മാനുഷിക സഹായം ഗസ്സക്ക് നൽകുമെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. ഇസ്റാഈലിൽ സന്ദർശനം നടത്തുന്ന ബൈഡൻ മാധ്യമങ്ങളോട് സംസാരിക്കവെയാണ് സഹായ പ്രഖ്യാപനം നടത്തിയത്.

ഗസ്സയിലെ ജനങ്ങൾക്ക് ഭക്ഷണവും വെള്ളവും മരുന്നും താമസ സൗകര്യവും ആവശ്യമാണെന്ന് ബൈഡൻ പറഞ്ഞു. ഗസ്സയിലെ സാധാരണക്കാരുടെ ജീവൻ രക്ഷിക്കാൻ ആവശ്യമായ സഹായ വസ്തുക്കൾ വിതരണം ചെയ്യാൻ അനുവദിക്ണമെന്ന് ഇസ്റാഈൽ മന്ത്രിസഭയോട് അഭ്യർഥിച്ചതായും ബൈഡൻ പറഞ്ഞു.

അമേരിക്ക നൽകുന്ന പണം പത്ത് ലക്ഷം ഫലസ്തീനികൾക്ക് സഹായകരമാകുമെന്ന് ബൈഡൻ എക്സ് പോസ്റ്റിൽ പറഞ്ഞു. യുഎസ് നൽകുന്ന മാനുഷ്യക സഹായം ആവശ്യക്കാരിൽ എത്തിക്കുന്നതിന് യുഎസിന് സംവിധാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, ഈജിപ്ത് വഴി ഗസ്സയിലേക്ക് സഹായം എത്തിക്കാൻ ഇസ്റാഈൽ അനുമതി നൽകുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. എന്നാൽ ഇസ്റാഈൽ അതിർത്തി വഴി സഹായങ്ങൾ എത്തിക്കാൻ അനുവദിക്കില്ലെന്നും ഇസ്റാഈൽ വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അഭ്യർഥന പരിഗണിച്ചാണ് തീരുമാനമെന്നും നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയിൽ വ്യക്തമാക്കുന്നു.