National
ജനങ്ങള്‍ക്കിടയില്‍ എല്ലാവിധത്തിലും ഭിന്നിപ്പുണ്ടാക്കുകയാണ് കേന്ദ്രമെന്ന് ജോണ്‍ ബ്രിട്ടാസ്; വഖ്ഫ് ഭേദഗതി ബില്ലിനെതിരെ അതിരൂക്ഷ വിമർശം
വെള്ളിക്കാശിന് യേശു ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത പോലെയുള്ള കഥാപാത്രങ്ങളാണ് രാജ്യസഭയില്‍ ഇരിക്കുന്നതെന്നും വിമര്‍ശം

ന്യൂഡല്‍ഹി | രാജ്യസഭയില്‍ വഖ്ഫ് ഭേദഗതി ബില്ലിനെതിരെ അതിരൂക്ഷ വിമര്‍ശവുമായി ജോണ്‍ ബ്രിട്ടാസ് എം പി. ജനങ്ങള്‍ക്കിടയില്‍ എല്ലാവിധത്തിലും ഭിന്നിപ്പുണ്ടാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഭരണഘടനയില്‍ വിശ്വാസമുണ്ടെങ്കില്‍ വഖ്ഫ് ബില്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്രിസ്ത്യാനികളുടെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നവര്‍ കഴിഞ്ഞ വര്‍ഷം മാത്രം ക്രിസ്ത്യാനികള്‍ക്കെതിരെ 700 ആക്രമണങ്ങളാണ് നടന്നതെന്ന് അറിയണം. നിരവധി പള്ളികള്‍ കത്തിച്ചു. നവി മുംബൈയില്‍ തടവില്‍ കഴിയുന്നതിനിടെ മരിച്ച സ്റ്റാന്‍ സ്വാമിയെ മറക്കാന്‍ പറ്റുമോയെന്ന് ജോണ്‍ ബ്രിട്ടാസ് എം പി ചോദിച്ചു. പാര്‍ക്കിന്‍സണ്‍സ് രോഗം വന്ന് ഒരു തുള്ളിവെള്ളം ഇറക്കാന്‍ പറ്റാതെ ആ മനുഷ്യനെ നിങ്ങള്‍ കൊന്നുവെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തകന്‍ ഗ്രഹാം സ്റ്റെയിന്‍സിനെ ചുട്ടുകൊന്നത് മറക്കാന്‍ കഴിയുമോ എന്നും ജോണ്‍ ബ്രിട്ടാസ് ചോദിച്ചു.
മുപ്പത് വെള്ളിക്കാശിന് യേശു ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത ഒരു കഥാപാത്രമുണ്ട് ബൈബിളില്‍. അങ്ങനെയുള്ള കഥാപാത്രങ്ങളാണ് ഇവിടെ ഇരിക്കുന്നത്. കുരിശിന്റെ പേരിലും ക്രിസ്ത്യാനിയെന്ന് പറഞ്ഞ ചില ആളുകളുണ്ട്. അവര്‍ യഥാര്‍ഥത്തില്‍ യേശുക്രിസ്തുവിനെ ഒറ്റിക്കൊടുത്തവരാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. കഴിഞ്ഞദിവസം തങ്ങള്‍ എമ്പുരാന്‍ സിനിമയെക്കുറിച്ച് പറഞ്ഞിരുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. എമ്പുരാന്‍ സിനിമയില്‍ ഒരു കഥാപാത്രമുണ്ട്, മുന്ന. ആ മുന്നയെ ഇവിടെക്കാണാം. ഈ ബി ജെ പി ബെഞ്ചുകളില്‍ ഒരു മുന്നയെ കാണാം. ഈ മുന്നയെ മലയാളി തിരിച്ചറിയും. കേരളം തിരിച്ചറിയും അതാണ് കേരളത്തിന്റെ ചരിത്രം. നിങ്ങളുടെ വിഷത്തെ ങ്ങങ്ങള്‍ അവിടെനിന്ന് മാറ്റിനിര്‍ത്തി. ഒരാള്‍ ജയിച്ചിട്ടുണ്ട്. തങ്ങള്‍ നേമത്ത് അക്കൗണ്ട് പൂട്ടിച്ചപോലെ വൈകാതെ തന്നെ ആ അക്കൗണ്ടും പൂട്ടിക്കുമെന്ന് തൃശൂരില്‍ നിന്ന് ജയിച്ച സുരേഷ് ഗോപിയെ ഉന്നം വെച്ച് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.