johny nelloor
ജോസഫ് ഗ്രൂപ്പ് വിടാനൊരുങ്ങി ജോണി നെല്ലൂർ; ബി ജെ പി പിന്തുണയുള്ള ക്രൈസ്തവ പാർട്ടിക്ക് നേതൃത്വം നൽകും
കേരളത്തിലെ പ്രബല ക്രൈസ്തവ സഭകൾ ബി ജെ പിയുമായി അടുക്കുന്ന സാഹചര്യത്തിൽ കൂടിയാണ് പുതിയ രാഷ്ട്രീയ പാർട്ടി രൂപവത്കരണം.
കോട്ടയം | കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്ന് ജോണി നെല്ലൂർ പുറത്തേക്ക് പോകുന്നു. ഒരു വിഭാഗം നേതാക്കളും നെല്ലൂരിനൊപ്പം പാർട്ടി വിടും. ബി ജെ പി പിന്തുണയോടെയുള്ള പുതിയ ക്രൈസ്തവ പാര്‍ട്ടിക്ക് നേതൃത്വം നൽകാനാണ് ജോണി നെല്ലൂർ ജോസഫ് ഗ്രൂപ്പ് വിടുന്നത്.
ജോണി നെല്ലൂരിന് പുറമെ എം എല്‍ എമാരായ മാത്യു സ്റ്റീഫന്‍, ജോര്‍ജ് ജെ മാത്യു തുടങ്ങിയവരും നാഷനലിസ്റ്റ് പ്രോഗ്രസ്സീവ് പാര്‍ട്ടി (എന്‍ പി പി) എന്ന ക്രൈസ്തവ പാര്‍ട്ടിയുടെ നേതൃനിരയിലുണ്ടാകും. കേരളത്തിലെ ക്രൈസ്തവ വിഭാഗത്തിൽ തീവ്ര ആശയങ്ങളുമായി ചുവടുറപ്പിച്ച സംഘടനായ കാസയുടെ സംഘടന ജനറല്‍ സെക്രട്ടറി ജോയി എബ്രഹാമും ഇവർക്കൊപ്പമുണ്ടാകും.
കുറച്ചുനാളുകളായി ഈ പാര്‍ട്ടിയുടെ രൂപവത്കരണത്തിനുള്ള അണിയറ നീക്കങ്ങള്‍ നടന്നുവരുകയായിരുന്നു. പുതിയ രാഷ്ട്രീയ സാഹചര്യംകൂടി പരിഗണിച്ചാണ് എന്‍ പി പിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള നീക്കം നടക്കുന്നത്. ബി ജെ പി കേന്ദ്ര നേതൃത്വവും ക്രൈസ്തവ പാർട്ടിക്ക് അനുകൂലമാണ്. കേരളത്തിലെ പ്രബല ക്രൈസ്തവ സഭകൾ ബി ജെ പിയുമായി അടുക്കുന്ന സാഹചര്യത്തിൽ കൂടിയാണ് പുതിയ രാഷ്ട്രീയ പാർട്ടി രൂപവത്കരണം.