Kerala
ജോജുവിന്റെ കാര്‍ തകര്‍ത്ത കേസ്; ആറ് കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് കീഴടങ്ങും
കൊച്ചി | കോണ്‍ഗ്രസ് വാഹന ഉപരോധ സമരത്തില്‍ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ പ്രതികളായ ആറ് കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് വൈകുന്നേരം കീഴടങ്ങും. മുന്‍ മേയര്‍ ടോണി ചമ്മിണി അടക്കമുള്ളവരാണ് കീഴടങ്ങുന്നത്. നേതാക്കളോട് കീഴടങ്ങാന്‍ എറണാകുളം ഡി സി സി ആവശ്യപ്പെട്ടിരുന്നു. അതേസമയം, ജോജുവാണ് പ്രശ്‌നമുണ്ടാക്കിയത് എന്നാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറയുന്നത്. ജോജുവിനെ പിന്തുണച്ച് ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക രംഗത്തുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഫെഫ്ക പ്രതിപക്ഷ നേതാവിന് കത്തയച്ചു.
കഴിഞ്ഞ മാസം ഒന്നിന് കൊച്ചിയില്‍ ഇടപ്പള്ളിയിലാണ് സംഭവമുണ്ടായത്. വൈറ്റില ദേശീയപാത ഉപരോധത്തിനിടെ പ്രതിഷേധിച്ച ജോജുവിന്റെ വാഹനം പ്രകോപിതരായ കോണ്‍ഗ്രസുകാര്‍ തകര്‍ക്കുകയായിരുന്നു. കേസില്‍ രണ്ടുപേരെ നേരത്തെ അറസ്റ്റു ചെയ്തു. പ്രതി ചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മരട് കൊട്ടാരം ജംഗ്ഷനില്‍ നിന്ന് പ്രകടനമായി പോലീസ് സ്റ്റേഷനിലേക്ക് പോകാനാണ് പാര്‍ട്ടി തീരുമാനം. കാക്കനാട് ജില്ലാ ജയില്‍ പരിസരത്തും ഒത്തുകൂടാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.