Kerala
ജാമ്യ ഹരജിയില്‍ ജോജു കക്ഷി ചേരും; കാര്‍ തകര്‍ത്ത കേസ് ഒത്തുതീരാന്‍ സാധ്യത കുറയുന്നു
കൊച്ചി | കോണ്‍ഗ്രസ് സമരത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസ് ഒത്തുതീരാനുള്ള സാധ്യത കുറയുന്നു. അറസ്റ്റിലായ ജോസഫിന്റെ ജാമ്യ ഹരജിയില്‍ കക്ഷി ചേരാന്‍ ജോജു തീരുമാനിച്ച പശ്ചാത്തലത്തിലാണിത്. കക്ഷി ചേരുന്നതിനായി ജോജു അപേക്ഷ നല്‍കിയിട്ടുണ്ട്. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. ജാമ്യ ഹരജി ഇന്ന് 2.30ന് കോടതി പരിഗണിക്കും. വ്യക്തി അധിക്ഷേപം തുടരുന്നത് കോടതി ഇടപെട്ട് തടയണമെന്ന് ജോജുവിന്റെ അപേക്ഷയില്‍ പറയുന്നു.
തര്‍ക്കം ഒത്തുതീര്‍പ്പിലാകാന്‍ സാധ്യതയുണ്ടെന്ന് ഇന്നലെ സൂചനയുണ്ടായിരുന്നു. പ്രശ്നം പരിഹരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തിയെന്ന് എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും പെട്ടെന്നുള്ള പ്രകോപനത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തിലെ കേസ് തുടരാന്‍ ജോജുവിനും താത്പര്യമില്ലെന്നും ഷിയാസ് വ്യക്തമാക്കി. ജോജുവിന്റെ സുഹൃത്തുക്കളും കോണ്‍ഗ്രസ് നേതാക്കളും തമ്മിലും പ്രശ്‌ന പരിഹാരത്തിനായി ചര്‍ച്ച നടത്തിയതായും ഷിയാസ് പ്രതികരിച്ചിരുന്നു.
ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ ഇതുവരെ ഒരു പ്രതിയെ മാത്രമാണ് പിടികൂടിയിട്ടുള്ളത്. ബാക്കി പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പ്രതികള്‍ ഒളിവില്‍ ആയതിനാല്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടത്തുന്നത്. മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പടെ എട്ട് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.